നിങ്ങള്‍ക്കും ബഹിരാകാശ വിനോദയാത്ര നടത്താം ! ഇന്ത്യയെ പങ്കാളിയാക്കി ബ്ലൂ ഒറിജിനും, സെറയും

ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് പേടകത്തില്‍ യാത്ര ചെയ്യുന്നവര്‍ | Photo: Blue Origin
ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് പേടകത്തില്‍ യാത്ര ചെയ്യുന്നവര്‍ | Photo: Blue Origin

ബഹിരാകാശത്തേക്ക് ഇതുവരെ ആരും യാത്ര നടത്തിയിട്ടില്ലാത്തതും വളരെ കുറച്ച് പേര്‍ മാത്രം യാത്ര ചെയ്തിട്ടുള്ളതുമായ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് പ്രോഗ്രാമില്‍ ഇന്ത്യയെയും പങ്കാളിയായി പ്രഖ്യാപിച്ച് സ്പേസ് എക്‌സ്‌പ്ലൊറേഷന്‍ ആന്റ് റിസര്‍ച്ച് ഏജന്‍സിയും (സെറ) ബ്ലൂ ഒറിജിനും. 

ബ്ലൂ ഒറിജിന്റെ പുനരുപയോഗിക്കാന്‍ സാധിക്കുന്ന സബ് ഓര്‍ബിറ്റല്‍ റോക്കറ്റായ ന്യൂ ഷെപ്പേര്‍ഡില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ബഹിരാകാശ യാത്ര ചെയ്യാന്‍ അവസരം നല്‍കുന്ന യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് സെറ. 

തിരഞ്ഞെടുത്ത സഞ്ചാരികള്‍ക്ക് 11 മിനിറ്റ് ദൈര്‍ഘ്യമുള്ള ബഹിരാകാശ യാത്രയില്‍ പങ്കെടുക്കാം. 100 കിലോമീറ്റര്‍ ഉയരത്തിലുള്ള ബഹിരാകാശത്തിന്റെ അതിര്‍വരമ്പ് എന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള 'കാര്‍മാന്‍ ലൈന്‍' മറികടന്നായിരിക്കും യാത്ര. യാത്രയ്ക്കിടെ നിമിഷങ്ങളോളം ഭാരമില്ലായ്മ അനുഭവിക്കാനും യാത്രികര്‍ക്ക് സാധിക്കും. ശേഷം പേടകം ലോഞ്ച് പാഡില്‍ സുരക്ഷിതമായി വന്നിറങ്ങും. 

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സാപ്പ് വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...https://mbi.page.link/Tech

സ്‌പേസ് ഫ്‌ളൈറ്റ് പ്രോഗ്രാമില്‍ ഇന്ത്യ പങ്കാളിയായി എത്തുന്നതില്‍ ഏറെ ആവേശമുണ്ടെന്ന് സെറ സഹസ്ഥാപകന്‍ ജോഷ്വ സ്‌കുര്‍ല പറഞ്ഞു. 

ഏകദേശം 2.50 യുഎസ് ഡോളര്‍ നല്‍കി ഇന്ത്യന്‍ പൗരന് ബഹിരാകാശ യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്യാം. വെരിഫിക്കേഷന്‍ പ്രക്രിയയ്ക്കും സുരക്ഷിതവും നീതിയുക്തവുമായ വോട്ടിങ് ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്. വോട്ടിങ് നടത്തിയാണ് യാത്രികരെ തിരഞ്ഞെടുക്കുക. ഈ യാത്രികര്‍ക്ക് ബ്ലൂ ഒറിജിന്‍ നിര്‍ദേശിക്കുന്ന ശാരീരിക ക്ഷമതയും നിര്‍ബന്ധമാണ്. 

യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മിഷന്‍ പ്രൊഫൈലുകളിലൂടെയും, സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തങ്ങളെ പരിചയപ്പെടുത്തി ജനങ്ങളുടെ വോട്ടു തേടാം. യാത്രികരുടെ രാജ്യത്തുള്ളവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാനാവൂ. ഇതുവഴി ഓരോ രാജ്യക്കാര്‍ക്കും അവരെ പ്രതിനിധീകരിക്കുന്ന യോഗ്യരായ യാത്രികരെ തിരഞ്ഞെടുക്കാനാവും.


 

Content Highlights: SERA Blue Origin announce India as partner nation for blue origin new shepherd space flight