ഗൂഗിളിന്റെ നാനോ ബനാനയെ വെല്ലുവിളിച്ച് ചൈന, ബൈറ്റ്ഡാന്‍സിന്റെ സീഡ് ഡ്രീം 4.0 എത്തി

ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സ് സീഡ് ഡ്രീം 4.0 എന്ന പുതിയ എഐ ഇമേജ് ജനറേഷന് ടൂള്‍ അവതരിപ്പിച്ചു. മികവുറ്റ രീതിയില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവുകളോടുകൂടിയ എഐ മോഡലാണിത്. ബൈറ്റ് ഡാന്‍സിന്റെ സീഡ് ഡിപ്പാര്‍ട്ട്മെന്റാണ് ഇതിന് പിന്നില്‍. അടുത്തിടെ വൈറലായ ഗൂഗിള്‍ ഡീപ്പ് മൈന്റിന്റെ നാനോ ബനാന എഐ എന്ന് വിളിക്കപ്പെടുന്ന ജെമിനൈ 2.5 ഫ്ളാഷ് ഇമേജ് മോഡലിനെ വെല്ലുവിളിച്ചുകൊണ്ടാണ് സീഡ് ഡ്രീം 4.0 എത്തിയിരിക്കുന്നത്.
സീഡ് ഡ്രീം 4.0 യുടെ സവിശേഷതകള്‍
ടെക്സ്റ്റ്-ടു-ഇമേജ് ജനറേഷന്, ഇമേജ് എഡിറ്റിംഗ്, റഫറന്‍സ് അധിഷ്ഠിത ജനറേഷന്, മള്‍ട്ടി-ഇമേജ് ക്രിയേഷന് തുടങ്ങിയ നിരവധി ഫീച്ചറുകള്‍ സീഡ്രീം 4.0 നല്കുന്നു. സീഡ്രീം 4.0 ന്റെ പ്രധാന സവിശേഷതകള്‍ ഇതാ
- ഇമേജ് എഡിറ്റിംഗ്: ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ചിത്രങ്ങളില്‍ കൂട്ടിചേര്‍ക്കലുകള്‍, ഒഴിവാക്കല്‍, മാറ്റിസ്ഥാപിക്കല്‍, പരിഷ്ക്കരിക്കല്‍ തുടങ്ങിയ ഇമേജ് എഡിറ്റിങ് സൗകര്യങ്ങള്‍ സീഡ്രീം 4.0 ല്‍ ലഭ്യമാണ്. എഡിറ്റ് ചെയ്യേണ്ട ചിത്രങ്ങളും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് കൃത്യവും വ്യക്തവും സംക്ഷിപ്തവുമായ ഭാഷ ഉപയോഗിക്കുന്നത് നല്ലതാണ്.
- റഫറന്‍സ് ചിത്രങ്ങളുടെ ഉപയോഗം: ചിത്രങ്ങള്‍ മാതൃകയായി നല്കി ആ ചിത്രം അടിസ്ഥാനമാക്കി പുതിയ ആകര്‍ഷകമായ ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ ഇതില്‍ സാധിക്കും. നാനോ ബനാനയ്ക്ക് സമാനമായ ചിത്രങ്ങള്‍ അതിനുദാഹരണമാണ്. കഥാപാത്രങ്ങള്‍ നിര്‍മിച്ചെടുക്കാനും (Character Creation), ഉത്പന്ന രൂപകല്പന ഉള്‍പ്പടെയുള്ളവ ഇതില്‍ സാധ്യമാവും.
- മള്‍ട്ടി-ഇമേജ് ഇന്‍പുട്ടുകള്‍ ഉപയോഗിക്കുക: ഒന്നിലധികം ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത്. ഓരോ ചിത്രത്തിലേയും ഘടകങ്ങള്‍ ഉപയോഗപ്പെടുത്തി പുതിയതൊന്ന് നിര്‍മിക്കാന്‍ ഇതില്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങളുടെ ഒരു ചിത്രത്തിനൊപ്പം നിങ്ങള്‍ക്കിഷ്ടപ്പെട്ട പാന്റ്സ്, ഷര്‍ട്ട്, തൊപ്പി, ഷൂസ് പോലുള്ളവയുടെ ചിത്രങ്ങളും നല്കി ആ വേഷത്തിലുള്ള നിങ്ങളുടെ രൂപം സൃഷ്ടിക്കാന്‍ ഇതില്‍ സാധിക്കും. ഓരോ ചിത്രത്തിലും നിന്ന് എന്ത് റഫറന്‍സ് ചെയ്യണമെന്നോ എഡിറ്റ് ചെയ്യണമെന്നോ വ്യക്തമായി സൂചിപ്പിക്കണം.
- ഇമേജ് സീക്വന്‍സുകള്‍ സൃഷ്ടിക്കുക: ഒരു കഥാപാത്രത്തിന്റെ ഒരേ ശൈലിയിലുള്ള തുടര്‍ച്ചയായ ചിത്രങ്ങള്‍ (സീക്വന്‍സുകള്‍) ഇതില്‍ നിര്മിച്ചെടുക്കാം. ചിത്രകഥകള്‍ നിര്‍മിക്കുന്നതിനും വീഡിയോ നിര്‍മിക്കുന്നതിനുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താം.
പ്രോംപ്റ്റുകള്‍ എങ്ങനെ നല്‍കാം ?
- സ്വാഭാവിക ഭാഷ ഉപയോഗിച്ച് രംഗം വ്യക്തമായി വിവരിക്കുക: വിഷയം, പ്രവൃത്തി, പശ്ചാത്തലം എന്നിവ വിവരിക്കാന്‍ വ്യക്തമായ ഭാഷ ഉപയോഗിക്കുക. ഒപ്പം ചിത്രത്തിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ ശൈലി, നിറം, ലൈറ്റിംഗ് പോലുള്ളവയുടെ വിവരണങ്ങളും ഉള്‍പ്പെടുത്തുക.
- എന്ത് ആവശ്യത്തിനാണെന്ന് വ്യക്തമാക്കുക: എന്തെങ്കിലും പ്രത്യേക ആവശ്യത്തിനാണ് ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് എങ്കില്‍ അക്കാര്യം വ്യക്തമായി പ്രോംപ്റ്റില് വിശദീകരിച്ച് നല്‍കുക.
- ചിത്രത്തിന്റെ ശൈലി : ഒരു പ്രത്യേക ശൈലി ആവശ്യമാണെങ്കില്‍, മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നതിന് ശൈലികള്‍ക്ക് വേണ്ടിയുള്ള കീവേഡുകളോ റഫറന്‍സ് ചിത്രങ്ങളോ ഉപയോഗിക്കുക.
- ടെക്സ്റ്റ് റെന്‍ഡറിംഗ് മെച്ചപ്പെടുത്തുക: നിര്‍മിക്കുന്ന ചിത്രങ്ങളില്‍ ഉണ്ടായിരിക്കണം എന്ന് നിര്‍ബന്ധമുള്ള കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ അവയ്ക്ക് ഡബിള്‍ കൊട്ടേഷന്‍ മാര്‍ക്കുകള്‍ നല്‍കുക.
Content Highlights: ByteDance`s Seed Dream 4.0 rivals Gemini 2.5, offering text-to-image, editing, multi-image creation