ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിനടക്കം തടസമാകാം; സ്റ്റാര്‍ലിങ്ക് അടക്കമുള്ളവയ്ക്ക് മുന്നറിയിപ്പുമായി NASA

താഴ്ന്ന ഭ്രമണപഥത്തില്‍ സാറ്റലൈറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. കൃത്രിമ ഉപഗ്രഹങ്ങളുടെ കൂട്ടങ്ങള്‍ ബഹിരാകാശ ദൂരദര്‍ശിനികള്‍ പകര്‍ത്തുന്ന ചിത്രങ്ങളെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പോലുള്ളവയുടെ ഭാഗമായ സാറ്റലൈറ്റുകള്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും പ്രകാശം പുറപ്പെടുവിക്കുകയും ചെയ്യും. ഇത് ദൂരദര്‍ശിനികള്‍ പകര്‍ത്തുന്ന ചിത്രങ്ങളില്‍ വരകളടക്കം ഉണ്ടാക്കുന്നുവെന്നാണ് നാസ പറയുന്നത്.
കൃത്യതയില്ലാത്ത ചിത്രങ്ങള്‍ ഛിന്നഗ്രഹങ്ങളെ നേരത്തെ കണ്ടെത്തുന്നതിനുപോലും തടസമാകുകയും വിവിധ ശാസ്ത്രീയ പഠനങ്ങളെ ബാധിക്കുകയും ചെയ്‌തേക്കാം. സാറ്റലൈറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതിനെക്കുറിച്ച് വിദഗ്ധര്‍ മുമ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിലാണ് സാറ്റലൈറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതുമൂലം സംഭവിക്കാവുന്ന നാശനഷ്ടങ്ങളുടെ വ്യാപ്തി ആദ്യമായി വ്യക്തമാക്കുന്നത്.
നാസയുടെ SPHEREx, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ARRAKIHS, ചൈനയുടെ Xuntian എന്നീ ബഹിരാകാശ ദൂരദര്‍ശിനികള്‍ പകര്‍ത്തുന്ന 96 ശതമാനം ചിത്രങ്ങളും ഇത്തരത്തില്‍ കൃത്യതയില്ലാത്തതായി മാറിയേക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ ഏകദേശം 39.6 ശതമാനം ചിത്രങ്ങളെയും അവ സ്വാധീനിച്ചേക്കാം.
താഴ്ന്ന ഭ്രമണപഥത്തിലെ സാറ്റലൈറ്റുകളുടെ എണ്ണം 2019-ല്‍ 2,000 ആയിരുന്നത് പിന്നീട് 15,000 ആയി ഉയര്‍ന്നു. 2030-കളോടെ 560,000 സാറ്റലൈറ്റുകള്‍ കൂടി വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ഇത്രയും സാറ്റലൈറ്റുകളുടെ വിക്ഷേപണം പൂര്‍ത്തിയാക്കിയാല്‍ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് പകര്‍ത്തുന്ന ചിത്രങ്ങളില്‍ മൂന്നിലൊന്നിന്റെയും കൃത്യതയെ അവ സ്വാധീനിച്ചേക്കാം എന്നാണ് പഠനം വ്യക്തമാക്കുന്നത്.
Content Highlights: NASA warns of widespread contamination of space telescope images due to increasing satellite constellations like Starlink, impacting crucial astronomical research.