സർവം AI-ൽ നിക്ഷേപവുമായി എൻവിഡിയ; വൻ മുന്നേറ്റത്തിന് ഇന്ത്യൻ കമ്പനി

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | AFP, Sarvam
പ്രതീകാത്മകചിത്രം | AFP, Sarvam

ലോകത്തെ പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയയിൽ നിന്ന് ഫണ്ടിങ് നേടി ഇന്ത്യയിലെ നിർമിതബുദ്ധി കമ്പനിയായ സർവ്വം AI. ട്രില്യൺ പാരാമീറ്റർ എഐ മോഡൽ നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ കമ്പനികൾക്കൊപ്പം എഐ മുന്നേറ്റത്തിന്റെ ഭാഗമാകാൻ ഈ നിക്ഷേപം സർവം എഐയ്ക്ക് പിന്തുണ നൽകിയേക്കും.

സർവം എഐയുടെ പുതിയ സീരീസ് B റൗണ്ട് 75 മില്യൺ ഡോളറിന്റെ (ഏകദേശം 700 കോടി രൂപ) മൂല്യമുള്ളതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇതിലെ പ്രധാന നിക്ഷേപകരിൽ ഒന്നാണ് എൻവിഡിയ. കൃത്യമായ നിക്ഷേപം എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

എൻവിഡിയയിൽ നിന്ന് ഫണ്ടിങ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് സർവം എന്ന് കമ്പനി പറയുന്നു. സർവം സഹസ്ഥാപകൻ പ്രതുഷ് കുമാർ ഫണ്ടിങ് വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് കമ്പനികളും വർഷങ്ങളായി AI സോഫ്റ്റ്‌വെയർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

ട്രില്യൺ-പ്ലസ് പാരാമീറ്റർ ഫൗണ്ടേഷൻ AI മോഡൽ

ട്രില്യൺ-പ്ലസ് പാരാമീറ്റർ ഫൗണ്ടേഷൻ AI മോഡൽ നിർമ്മിക്കാനുള്ള പദ്ധതി സർവം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. 10,000 എൻവിഡിയ ബ്ലാക്ക്‌വെൽ ജിപിയു (GPU) കൾ ഉപയോഗിച്ച് മോഡലിനെ പരിശീലിപ്പിക്കുമെന്നും കോഡിങ്, സൈബർ സുരക്ഷ, ശാസ്ത്രീയ ഗവേഷണം, എന്റർപ്രൈസ് AI എന്നിവ ഉൾക്കൊള്ളുന്ന ആപ്ലിക്കേഷനുകൾക്കായി ഇത് നിർമ്മിക്കുകയാണെന്നും കമ്പനി പറയുന്നു.

ഇന്ത്യയിൽ സമ്പൂർണ AI ഇക്കോസിസ്റ്റം സ്ഥാപിക്കുക എന്നതാണ് കമ്പനിയുടെ ദീർഘകാല ലക്ഷ്യം. വലിയ ഫൗണ്ടേഷൻ മോഡലുകളും അവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ കമ്പ്യൂട്ടിങ് സിസ്റ്റങ്ങളും, ബിസിനസുകൾക്കും ഡെവലപ്പർമാർക്കും സർക്കാർ ഏജൻസികൾക്കും ദൈനംദിന ജോലികളിൽ ഉപയോഗിക്കാൻ കഴിയുന്ന AI ടൂളുകളും നിർമ്മിക്കാൻ കമ്പനി പദ്ധതിയിടുന്നു.

കേന്ദ്ര സർക്കാരിന്റെ ഇന്ത്യ AI മിഷന്റെ ഭാഗം കൂടിയാണ് സർവം. ഇന്ത്യൻ ഭാഷകൾക്കും പ്രാദേശിക ഉപയോഗത്തിനും AI യെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ ആദ്യത്തെ ഫൗണ്ടേഷൻ എഐ മോഡൽ വികസിപ്പിക്കാൻ ഈ വർഷം ആദ്യം സ്റ്റാർട്ടപ്പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പുതിയ ഫണ്ടിങ് ലഭിച്ചതോടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് സർവം പറയുന്നു. എൻവിഡിയയുടെ നിക്ഷേപം മൂലധനം കൊണ്ടുവരിക മാത്രമല്ല, നൂതന AI മോഡലുകൾ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും ആവശ്യമായ GPU സാങ്കേതികവിദ്യയിലേക്കും AI സോഫ്റ്റ്‌വെയറിലേക്കും സ്റ്റാർട്ടപ്പിന്റെ പ്രവേശനം ഉറപ്പാക്കുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

Content Highlights: Sarvam AI raised $75 million in Series B funding led by Nvidia., The startup is developing a 1 trillion parameter foundation model using 10,000 Nvidia Blackwell GPUs., Sarvam is the first Indian company of its kind to receive direct investment from Nvidia., The company aims to build a sovereign AI ecosystem including cybersecurity, defence, and coding tools., Sarvam is actively participating in the Indian government's IndiaAI Mission.