സഞ്ചാര്‍ സാഥി രജിസ്റ്റർ ചെയ്യാതെ പ്രവര്‍ത്തിക്കില്ല, രഹസ്യനിരീക്ഷണം നടത്തില്ല, ഇഷ്ടമല്ലെങ്കില്‍ ഒഴിവാക്കാം - ജോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളില്‍ നിന്ന് സഞ്ചാര്‍ സാഥി ആപ്ലിക്കേഷന്‍ നീക്കം ചെയ്യാന്‍ സാധിക്കുമെന്നും ഉപഭോക്താവ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വരെ അത് പ്രവര്‍ത്തിക്കില്ലെന്നും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ജോതിരാദിത്യ സിന്ധ്യ ബുധനാഴ്ച ആവര്‍ത്തിച്ചു. മൊബൈല്‍ ഹാന്‍ഡ്സെറ്റുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചതിന് പിന്നാലെ സര്‍ക്കാരിന്റെ രഹസ്യ നിരീക്ഷണ ആശങ്ക ഉയര്‍ത്തിയുള്ള വിമര്‍ശനങ്ങള്‍ ലോക്സഭയെ അഭിസംബോധന ചെയ്തുകൊണ്ട് സിന്ധ്യ നിഷേധിച്ചു
“എല്ലാ വസ്തുതകളും രാഷ്ട്രത്തിന് മുന്നില്‍ വെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് 100 കോടി മൊബൈല്‍ ഉപഭോക്താക്കളുണ്ട്. എന്നാല്‍ അത് ദുരുപയോഗം ചെയ്യുന്ന ചില ഘടകങ്ങളുണ്ട്. പൗരന്മാരെ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഈ മനസോടെയാണ് 2023-ല്‍ സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ ആരംഭിച്ചത്. 2025-ല്‍ ആപ്പ് കൊണ്ടുവന്ന് എല്ലാ പൗരന്മാര്‍ക്കും ഒരു അവസരം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ആപ്പ് നിങ്ങളുടെ ഫോണില്‍ ഉണ്ടെന്ന് കരുതി, അത് ഓട്ടോമാറ്റി ആയി പ്രവര്‍ത്തിക്കുമെന്ന് അര്‍ത്ഥമില്ല. ഉപഭോക്താവ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വരെ അത് പ്രവര്‍ത്തിക്കില്ല. പൊതുജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഉത്തരവില്‍ മാറ്റം വരുത്താന്‍ ടെലികോം വകുപ്പ് തയ്യാറാണ്.” സിന്ധ്യ പറഞ്ഞു.
'മറ്റേതൊരു ആപ്പിനെയും പോലെ എനിക്ക് ഈ ആപ്പ് ഡിലീറ്റ് ചെയ്യാന്‍ പറ്റും. കാരണം ഒരു ജനാധിപത്യത്തില്‍ ഓരോ പൗരനും ഈ അവകാശമുണ്ട്. ആപ്പ് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്. പൊതുജന പങ്കാളിത്തമുണ്ടെങ്കിലേ ആപ്പ് വിജയകരമാവുകയുള്ളൂ. പൊതുജനാഭിപ്രായം അനുസരിച്ച് ഉത്തരവില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ തയ്യാറാണ്. രഹസ്യ നിരീക്ഷണം സാധ്യമല്ല. അത് ചെയ്യുകയുമില്ല.’ സഭയില്‍ കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ സിങ് ഹൂഡയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
പ്രവര്‍ത്തനരഹിതമാക്കിയാലും ആപ്പിന്റെ എല്ലാ ഫീച്ചറുകളും പ്രവര്‍ത്തനരഹിതമായിട്ടുണ്ടോ എന്ന് ഉപഭോക്താവിന് അറിയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഹൂഡ, ഇത് സ്വകാര്യതയ്‌ക്കെതിരെയുള്ള ആക്രമണമാണോ എന്നും രഹസ്യ നിരീക്ഷണമാണോ എന്നുമുള്ള ആശങ്കകളുണ്ടെന്നും പറഞ്ഞു.
മൊബൈല്‍ ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്ന സഞ്ചാര്‍ സാഥി ആപ്പ് എല്ലാവര്‍ക്കും എളുപ്പം ലഭ്യമാകും വിധം ഫോണുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആപ്പിന്റെ ഫീച്ചറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും പ്രവരത്തനരഹിതമാക്കുന്നതിനും വിലക്കുണ്ട്.
ഈ നീക്കത്തിനെതിരെ ചൊവ്വാഴ്ച, പ്രതിപക്ഷ നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഈ നീര്‍ദേശം സ്വകാര്യത ലംഘിക്കുന്നതിനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ സഞ്ചാര്‍ സാഥി ആപ്പ് ഉപയോഗിക്കണോ വേണ്ടയോ എന്നത് മറ്റേതൊരു ആപ്പിനേയും പോലെ പൂര്‍ണ്ണമായും ഉപഭോക്താക്കളുടെ ഇഷ്ടമാണെന്നാണ് സിന്ധ്യയുടെ വാദം.
Content Highlights: Union Minister Jyotiraditya Scindia assures Sanchar Saathi app on mobile phones can be uninstalled and won`t function until registered. Addressing surveillance fears.