ജനപ്രിയ സാംസങ് ഫോണുകൾക്കെല്ലാം ഇന്ത്യയിൽ വില കൂടും; നീക്കവുമായി കമ്പനി

#ടെക്നോളജി ഡെസ്ക്
Galaxy Z Fold 8 | Photo: Samsung
Galaxy Z Fold 8 | Photo: Samsung

ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ഇന്ത്യയിൽ തങ്ങളുടെ വിവിധ സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഗാലക്സി എസ്25 സീരീസ്, ഗാലക്സി Z ഫോൾഡ് 8 സീരീസ്, ചില ഗാലക്സി എ സീരീസ് ഫോണുകൾ എന്നിവയ്ക്കാണ് വില വർധന പ്രതീക്ഷിക്കുന്നത്. ഫോണുകൾക്ക് ആവശ്യമായ ഡൈനാമിക് റാൻഡം ആക്സസ് മെമ്മറിയുടെ (DRAM) വർധിച്ചുവരുന്ന നിർമാണച്ചെലവാണ് ഈ വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

റിപ്പോർട്ടുകളനുസരിച്ച്, Z ഫോൾഡ് 8 സീരീസിലെ ബേസ് മോഡലായ Z ഫോൾഡ് 8 5G, Z ഫോൾഡ് 8 പ്രോ 5G എന്നീ രണ്ട് ഫോൾഡബിൾ ഫോണുകൾക്കും വില കൂടും. ഈ സീരീസിന്റെ വിലവർധന 2026 ഒക്ടോബർ 10-ന് നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗാലക്സി എസ്25 5G, ഗാലക്സി എസ്25 അൾട്രാ 5G മോഡലുകൾക്ക് 10,000 രൂപവരെ വില വർധിക്കാൻ സാധ്യതയുണ്ട്. നിലവിൽ ആമസോൺ ഇന്ത്യയിൽ ഗാലക്സി എസ്25-ന്റെ 12GB + 128GB വേരിയന്റിന് 61,999 രൂപയും, എസ്25 അൾട്രായുടെ 12GB + 256GB വേരിയന്റിന് 99,999 രൂപയുമാണ് വില. കഴിഞ്ഞ ഏതാനും മാസങ്ങളായി എ സീരീസ് ഫോണുകളുടെ വില സാംസങ് ഒന്നിലധികം തവണ വർധിപ്പിച്ചിരുന്നു. വരുംദിവസങ്ങളിൽ എ സീരീസ് ഡിവൈസുകൾക്ക് ഇനിയും വിലവർധന ഉണ്ടായേക്കാം.

ടെക് ടിപ്സ്റ്ററായ അഭിഷേക് യാദവ് ആണ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ ഈ വിവരങ്ങൾ പങ്കുവെച്ചത്. സാംസങ്ങിന് പുറമേ മറ്റ് ചില ബ്രാൻഡുകളും അടുത്തകാലത്തായി തങ്ങളുടെ ഡിവൈസുകളുടെ വില വർധിപ്പിച്ചിട്ടുണ്ട്.

Content Highlights: Samsung is reportedly planning to increase the prices of several smartphones in India, including the Galaxy Z Fold 8 and S25 series, driven by rising DRAM manufacturing costs.