'സംഭവം കൊള്ളാം, എതിരാളികള്‍ വരട്ടെ'; ചൈനീസ് ആപ്പിനെ പ്രകീര്‍ത്തിച്ച് ഓപ്പണ്‍ എഐ സിഇഒ

സാം ആള്‍ട്ട്മാന്‍, പ്രതീകാത്മക ചിത്രം | Photo: PTI, AP
സാം ആള്‍ട്ട്മാന്‍, പ്രതീകാത്മക ചിത്രം | Photo: PTI, AP

ചൈനീസ് നിര്‍മിത ബുദ്ധി സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്കിന്റെ വളര്‍ച്ച അമേരിക്കന്‍ കമ്പനികളെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തിയത്. പുതിയ മോഡല്‍ പുറത്തിറക്കിയതിന് പിന്നാലെ, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ ഡൗണ്‍ലോഡുകളില്‍ ഡീപ്‌സീക് ചാറ്റ് ജിപിടിയെ മറികടന്നിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അമേരിക്കന്‍ ആധിപത്യത്തിന്റെ ഭാവിയും യുഎസ് സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യുന്ന വന്‍നിക്ഷേപങ്ങള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാണ് ചൈനീസ് സ്റ്റാര്‍ട്ടപ്പില്‍നിന്നുണ്ടായതെന്ന് വിലയിരുത്തപ്പെട്ടു.

ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐ. സി.ഇ.ഒ. സാം ആള്‍ട്ട്മാന്‍. കുറഞ്ഞ ചെലവില്‍ അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന സേവനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഡീപ്‌സീക്കിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആര്‍1 മികച്ചതാണെന്നാണ് സാം ആള്‍ട്ട്മാന്റെ പ്രതികരണം. പുതിയ എതിരാളികള്‍ ഉണ്ടാവുന്നത് ഉത്സാഹജനകമാണ്. ഞങ്ങള്‍ ഉടന്‍ പുതിയ ചില മോഡലുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഓപ്പണ്‍ എ.ഐ. അടക്കമുള്ള എതിരാളികളേക്കാള്‍ കുറഞ്ഞ ചെലവിലാണ് ഡീപ്‌സീക്ക് ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ വികസിപ്പിക്കുന്നത്. ഡീപ്‌സീക്-വി3 മോഡല്‍ ഏകദേശം ആറുദശലക്ഷം ഡോളറിന് വികസിപ്പിച്ചതാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇത് തെറ്റായ വാദമാണെന്നാണ് അമേരിക്കന്‍ കമ്പനികള്‍ പറയുന്നത്. AI-യെ ശക്തിപ്പെടുത്തുന്ന നൂതന ചിപ്പ് സാങ്കേതികവിദ്യ ചൈനയ്ക്ക് വില്‍ക്കുന്നതില്‍നിന്ന് കമ്പനികള്‍ക്ക് യുഎസ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍കൂടിയാണ് ഡീപ്‌സീക്കിന്റെ ആവിര്‍ഭാവം.

ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എഐയുടേയും ഗൂഗിളിന്റേയും മെറ്റയുടേയും സാധ്യതകളെ മറികടക്കുന്ന തരത്തിലുള്ളതാണ് ഡീപ്‌സീക്കിന്റെ ലാര്‍ജ് ലാംഗ്വേജ് മോഡലെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് ക്വാണ്ട് ഹെഡ് ഫണ്ട് മാനേജര്‍ ലിയാങ് വെന്‍ഫെങ്ങിന്റെ നേതൃത്വത്തില്‍ ഉള്ള കമ്പനിയാണ് ഡീപ്‌സീക്.

Content Highlights: OpenAI's Sam Altman breaks silence on DeepSeek