മസ്‌കിന്റെ ശമ്പളം തരംഗമാകുമോ? സിഇഒയ്ക്ക് 460 കോടി ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ച് ഇവി കമ്പനി

#ടെക് ഡെസ്‌ക്
ഇലോൺ മസ്‌ക്, റിവിയൻ എസ്‌യുവി | Photo - AFP, Rivian
ഇലോൺ മസ്‌ക്, റിവിയൻ എസ്‌യുവി | Photo - AFP, Rivian

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് ടെസ്‌ല ഓഹരി ഉടമകള്‍ പ്രഖ്യാപിച്ച റെക്കോര്‍ഡ് ശമ്പള പാക്കേജിന്റെ (1,000,000,000,000 ഡോളര്‍) മാതൃക മറ്റ് ഇ.വി കമ്പനികള്‍ക്കും പിന്തുടരേണ്ടിവരുമോ? അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ റിവിയന്‍ സിഇഒ ആര്‍ജെ സ്‌കാരിങ്ങിന് സമാനമായ 4.6 ബില്യണ്‍ (4,60,00,00,000) ഡോളര്‍ മൂല്യമുള്ള പ്രതിഫല പാക്കേജ് പ്രഖ്യാപിച്ചതോടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.

മസ്‌കിന്റെതിന് സമാനമായി പുതിയ ലാഭ ലക്ഷ്യങ്ങള്‍ അടക്കമുള്ളവയുമായി ബന്ധിപ്പിച്ചതാണ് സ്‌കാരിങ്ങിന്റെയും പാക്കേജ്. കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലങ്ങളിലൊന്നായി സ്‌കാരിങ്ങിനുള്ള റിവിയന്റെ ഈ ശമ്പള പാക്കേജും മാറിയേക്കാം. സിഇഒ ഇലോണ്‍ മസ്‌കിന് 1 ട്രില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ശമ്പള പാക്കേജിന് ടെസ്‌ലയുടെ ഓഹരി ഉടമകള്‍ കഴിഞ്ഞ ദിവസാണ് അംഗീകാരം നല്‍കിയത്.

ശമ്പള പാക്കേജിന്റെ വിശദാംശങ്ങള്‍

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് നല്‍കിയ രേഖകള്‍ പ്രകാരം പുതിയ പാക്കേജ് പ്രകാരം സ്‌കാരിങ്ങിന് റിവിയന്റെ 3.65 കോടിയുടെ ക്ലാസ് എ ഓഹരികള്‍ വരെ വാങ്ങാന്‍ കഴിയും. കമ്പനി രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ കൈവരിച്ചാല്‍ മാത്രമേ സിഇഒയ്ക്ക് ഈ പ്രതിഫലം ലഭിക്കൂ.

  • അടുത്ത 10 വര്‍ഷത്തിനുള്ളില്‍ റിവിയന്റെ ഓഹരി വില 40 ഡോളറില്‍നിന്ന് 140 ഡോളര്‍ വരെ എത്തണം.
  • അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ കമ്പനി അതിന്റെ പ്രവര്‍ത്തനത്തിലും വരുമാനത്തിലും പുതിയ നാഴികക്കല്ലുകള്‍ കൈവരിക്കണം.

റിവിയന് എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാന്‍ കഴിഞ്ഞാന്‍ ഓപ്ഷനുകള്‍ വിനിയോഗിക്കുന്നതിനുള്ള ചെലവുകള്‍ ഉള്‍പ്പെടെ സ്‌കാരിങ്ങിന് 4.6 ബില്യണ്‍ ഡോളര്‍ വരെ ലഭിക്കുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൂടെ ഓഹരി ഉടമകള്‍ക്ക് 153 ബില്യണ്‍ ഡോളര്‍ മൂല്യവര്‍ധനവ് ഉണ്ടാകുമെന്നും റിവിയന്‍ പറഞ്ഞു.

R1S എസ്‌യുവികള്‍ക്കും R1T പിക്കപ്പുകള്‍ക്കും പേരുകേട്ട റിവിയന്‍ അടുത്ത വര്‍ഷം തങ്ങളുടെ ചെറുതും വില കുറഞ്ഞതുമായ R2 എസ്‌യുവി പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തില്‍, പുതിയ പദ്ധതി തങ്ങളുടെ സ്ഥാപകനെ കമ്പനിയില്‍ നിലനിര്‍ത്തുമെന്നും വളര്‍ച്ചയിലും ലാഭക്ഷമതയിലും അദ്ദേഹത്തിന്റെ ശ്രദ്ധ ഉറപ്പാക്കുമെന്നും റിവിയന്‍ വിലയിരുത്തുന്നു. ടെസ്ലയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ Y ക്രോസ്ഓവറുമായാണ് R2 മത്സരിക്കുക.

ഒരു സ്വതന്ത്ര കോമ്പന്‍സേഷന്‍ കണ്‍സള്‍ട്ടന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റങ്ങള്‍ വരുത്തിയതെന്നും ഓഹരി ഉടമകളുടെ വരുമാനവുമായി സിഇഒയുടെ ശമ്പളത്തെ നേരിട്ട് ബന്ധപ്പെടുത്താനാണ് ഇത് രൂപകല്‍പ്പന ചെയ്തതെന്നും റിവിയന്റെ ബോര്‍ഡ് അറിയിച്ചു. ഇതോടൊപ്പം സ്‌കാരിങ്ങിന്റെ അടിസ്ഥാന ശമ്പളം ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ വ്യാവസായിക എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി പുതുതായി രൂപവത്കരിച്ച മൈന്‍ഡ് റോബോട്ടിക്‌സില്‍ സ്‌കാരിങ്ങിന് 1 ദശലക്ഷം കോമണ്‍ യൂണിറ്റുകളും അനുവദിച്ചിട്ടുണ്ട്.

Content Highlights: Rivian unveils a massive compensation plan for CEO RJ Scaringe, tied to stock price and profit targets. Learn how it compares to Elon Musk`s deal and what it means for the EV maker.