സ്വകാര്യതയ്ക്ക് പുതിയ ഭീഷണി! കംപ്യൂട്ടര്‍ മൗസിന് പറയുന്നതെല്ലാം കേള്‍ക്കാനാവുമെന്ന് ഗവേഷകര്‍, അപകടമെന്ത്?

സ്‌ക്രീന്‍ മുഴുവന്‍ സ്‌ക്രോള്‍ ചെയ്യാനും ക്ലിക്ക് ചെയ്യാനും ഉപയോഗിക്കുന്ന വെറുമൊരു സാധു ഉപകരണമാണ് നിങ്ങളുടെ കയ്യിലിരിക്കുന്ന കംപ്യൂട്ടര്‍ മൗസ് എന്ന് കരുതിയെങ്കില്‍ ആ ധാരണ ഇനി തിരുത്തിക്കോളൂ. മൗസിനെ ശബ്ദം പിടിച്ചെടുക്കാന്‍ സാധിക്കുന്ന രഹസ്യ നിരീക്ഷണ മൈക്ക് ആക്കി മാറ്റാന്‍ കഴിയുന്ന മൈക്ക്-ഇ-മൗസ് എന്ന വിദ്യ ആവിഷ്‌കരിച്ചിരിക്കുകയായണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍.
മൗസുകളില്‍ ഉപയോഗിക്കുന്ന വളരെ സെന്‍സിറ്റീവ് ആയ സെന്‍സറുകള്‍ക്ക് ഏറ്റവും ചെറിയ വൈബ്രേഷനുകള്‍ പോലും കണ്ടെത്താന്‍ കഴിയുമെന്നും 'ഒരു താല്‍ക്കാലിക മൈക്രോഫോണ്‍ ആയി അതിനെ മാറ്റി ഉപഭോക്താവിന് സംശയം തോന്നാതെ സംഭാഷണങ്ങള്‍ രഹസ്യമായി ചോര്‍ത്താന്‍ ഉപയോഗിക്കാമെന്നും ഗവേഷകര്‍ ഒരു പോസ്റ്റില്‍ വിശദീകരിക്കുന്നു. ശബ്ദത്തിന്റെ ആവൃത്തിയെ ആശ്രയിച്ച്, 61 ശതമാനം കൃത്യതയോടെ സംഭാഷണം പകര്‍ത്താന്‍ കഴിഞ്ഞുവെന്ന് സംഘം പറഞ്ഞു.
എന്നാല്‍ മൗസിനെ സംഭാഷണം ചോര്‍ത്താന്‍ ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ ഒരു ഹാക്കര്‍ക്ക് ആദ്യം നിങ്ങളുടെ കംപ്യൂട്ടറില്‍ കടന്നുകയറേണ്ടിവരും. മൗസ് പോലുള്ള കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ കംപ്യൂട്ടറിലെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യമായി പരിശോധിക്കാറില്ല എന്നതിനാല്‍ മൗസിനെ വരുതിയിലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പം സാധിക്കുന്നു.
ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റയില്‍ നിന്ന് നോയ്‌സ് ഒഴിവാക്കി എഐ സംവിധാനങ്ങളുടെ സഹായത്തോടെ വാക്കുകള്‍ തിരിച്ചറിയുകയാണ് ചെയ്യുക. വാക്കുകളേക്കാള്‍ കൂടുതല്‍ നമ്പറുകളാണ് ഈ രീതിയില്‍ തിരിച്ചറിയാന്‍ എളുപ്പം. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ പിന്‍ നമ്പറുകള്‍ പോലുള്ളവ ചോര്‍ത്താന്‍ ഈ സംവിധാനം ഉപയോഗിക്കാനാവും.
എന്നാല്‍ ഈ സംവിധാനത്തിന് പരിമിതികള്‍ ഏറെയുണ്ട്. വളരെ മിനുസമുള്ള പ്രതലത്തിലാണ് മൗസ് എങ്കില്‍ മാത്രമേ ശബ്ദം വ്യക്തമായി പകര്‍ത്താനാവൂ. മൗസ് പാഡ് ഡെസ്‌ക് കവര്‍ പോലുള്ളവ ഉണ്ടെങ്കില്‍ ശേഖരിക്കുന്ന ഡാറ്റയ്ക്ക് വ്യക്തതയുണ്ടാവില്ല. മാത്രവുമല്ല പരിസരത്തുള്ള ശബ്ദ ബഹളങ്ങളും സംഭാഷണങ്ങള്‍ പിടിച്ചെടുക്കുന്നതിന് വെല്ലുവിളി സൃഷ്ടിക്കും. അതുകൊണ്ടുതന്നെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ രീതി ഫലപ്രദമാവണം എന്നില്ല. എങ്കിലും സുരക്ഷിതമാകുമെന്ന് കരുതി നമ്മള്‍ അവഗണിക്കുന്ന കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ പോലും ചിലപ്പോള്‍ ഭീഷണിയാവാം എന്നതിന് ഉദഹരണമാണ് ഈ കണ്ടെത്തല്‍.
മൈക്ക് ഇ മൗസിന്റെ പ്രവര്‍ത്തനം താഴെ കാണാം
Content Highlights: Researchers at the University of California have demonstrated Mike-E-Mouse, a technique that exploits the sensitive optical sensor in a computer mouse to function as a covert microphone