ഡല്‍ഹിയില്‍ റിലയന്‍സ് ജിയോ 5ജി വേഗം 600 എംബിപിഎസിന് അടുത്തെത്തി

Photo: MBI
Photo: MBI

ഡല്‍ഹിയില്‍ റിലയന്‍സ് ജിയോ 5ജി നെറ്റ് വര്‍ക്ക് റെക്കോര്‍ഡ് വേഗം രേഖപ്പെടുത്തി. 600 എംബിപിഎസ് ശരാശരി വേഗമാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ ആകമാനം ശരാശരി 500 എംബിപിഎസ് ആണ് ജിയോ 5ജിയുടെ വേഗം രേഖപ്പെടുത്തിയിട്ടുള്ളത്. 

അനലറ്റിക്‌സ് കമ്പനിയായ ഓക് ലായുടെ സ്പീഡ് ടെസ്റ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 5ജി നെറ്റ് വര്‍ക്ക് പരീക്ഷിക്കുന്ന ഇന്ത്യന്‍ ടെലികോം കമ്പനികളുടെ നെറ്റ് വര്‍ക്ക് പരിശോധിച്ചതില്‍ 16.27 എംബിപിഎസ് മുതല്‍ 809.94 എംബിപിഎസ് വരെ വിവിധ 5ജി ഡൗണ്‍ലോഡ് വേഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കമ്പനികളെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങള്‍ ആരംഭിക്കുമ്പോഴേക്കും വേഗത കൂടുതല്‍ സുസ്ഥിരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ടെലിന്റേയും ജിയോയുടെയും വിവിധ നഗരങ്ങളിലെ വേഗതയും ഓക് ല താരതമ്യം ചെയ്തിട്ടുണ്ട്.

ഡല്‍ഹിയില്‍ എയര്‍ടെലിന് 197.98 എംബിപിഎസ് ശരാശരി ഡൗണ്‍ലോഡ് വേഗമുണ്ട് ജിയോയുടേത് 598.58 എംബിപിഎസ് ആണ്. കൊല്‍ക്കത്തയില്‍, ജൂണ്‍ മുതല്‍ ഓപ്പറേറ്റര്‍മാരുടെ ശരാശരി ഡൗണ്‍ലോഡ് വേഗതയില്‍ മാറ്റങ്ങളുണ്ട്. എയര്‍ടെലിന് 33.83 എംബിപിഎസ് രേഖപ്പെടുത്തിയപ്പോള്‍ ജിയോയുടേത് 482.02 എംബിപിഎസ് ആണ്. 

മുംബൈയില്‍ ജൂണിന് ശേഷം എയര്‍ടെലിന്റെ ശരാശരി വേഗം 271.07 എംബിപിഎസ് എത്തി, ജിയോയുടേത് 515.38 എംബിപിഎസ് ആണ് ശരാശരി ഡൗണ്‍ലോഡ് വേഗം. 

വാരാണസിയില്‍ ജിയോയും എയര്‍ടെലും ഏകദേശം ഒരുപോലെയാണ്. എയര്‍ടെല്‍ 516.57 എംബിപിഎസ് രേഖപ്പെടുത്തിയപ്പോള്‍ ജിയോയുടെ ശരാശരി വേഗം 485.22 എംബിപിഎസ് ആണ്. 

എട്ട് നഗരങ്ങളിലാണ് എയര്‍ടെല്‍ 5ജി ആരംഭിച്ചത്. നാല് നഗരങ്ങളിലാണ് ജിയോയുടെ 5ജി സേവനം ആരംഭിച്ചിരിക്കുന്നത്.
 

Content Highlights: Reliance Jio touches 600 Mbps 5G speed in Delhi