വൻകമ്പനികൾ വെറുതെയിരിക്കില്ല! ആ ഭയത്തിൽ നിങ്ങൾ ജീവിക്കണം- Perplexity മേധാവിയുടെ മുന്നറിയിപ്പ്

Perplexity CEO Aravind Srinivas | Photo: LinkedIn
Perplexity CEO Aravind Srinivas | Photo: LinkedIn

സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയൊരു ഉപദേശവുമായി എഐ സെര്‍ച്ച് സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്‌സിറ്റിയുടെ സിഇഒ അരവിന്ദ് ശ്രീനിവാസ്. നിങ്ങളുടെ ആശയങ്ങള്‍ വന്‍കിട കമ്പനികള്‍ പകര്‍ത്താന്‍ സാധ്യതയുണ്ടെന്നും ആ പേടിയോടെ ജീവിക്കാന്‍ പഠിക്കേണ്ടതുണ്ടെന്നും അരവിന്ദ് ശ്രീനിവാസ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ആക്‌സലറേറ്റര്‍ കമ്പനിയായ വൈ കോമ്പിനേറ്ററിന്റെ എഐ സ്റ്റാര്‍ട്ടപ്പ് സ്‌കൂളിലെ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് അരവിന്ദ് ഈ ഉപദേശം നല്‍കിയത്. സ്വന്തം അനുഭവവും അദ്ദേഹം പങ്കുവെച്ചു. 

പെര്‍പ്ലെക്‌സിറ്റിയുടെ അവതരണ പരിപാടിയില്‍ വെബ്ബില്‍ തിരയുന്ന എഐ ചാറ്റ്‌ബോട്ട് എന്ന ആശയം അവതരിപ്പിച്ചുവെന്നും ഇപ്പോള്‍ ഗൂഗിള്‍, ഓപ്പണ്‍ എഐ, ആന്ത്രോപിക് ഉള്‍പ്പടെ എല്ലാ കമ്പനികളും ആ ആശയത്തെ  അനുകരിച്ച് സമാനമായ ബ്രൗസിങ് സംവിധാനം അവതരിപ്പിച്ചുവെന്നും അരവിന്ദ് പറഞ്ഞു. ഗൂഗിള്‍, മെറ്റ, ഓപ്പണ്‍ എഐ പോലുള്ള കമ്പനികള്‍ നിരന്തരം പുതിയ വരുമാനമാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. നല്ലതെന്ന് തോന്നുന്നതും എളുപ്പം പകര്‍ത്താനാവുന്നതുമായ നൂതന ആശയങ്ങള്‍ അവര്‍ എടുക്കും-അദ്ദേഹം പറഞ്ഞു. 

കോടിക്കണക്കിന് ഡോളര്‍ വരുമാനമുള്ളതോ വലിയ ലാഭമുണ്ടാക്കാന്‍ സാധ്യതയുള്ളതോ ആണ് നിങ്ങളുടെ കമ്പനിയെങ്കിൽ അത് മറ്റൊരു കമ്പനി അനുകരിക്കുമെന്ന് നിങ്ങള്‍ എപ്പോഴും കണക്കാക്കിയിരിക്കണം. ആ ഭയത്തോടെയായിരിക്കണം നിങ്ങള്‍ ജീവിക്കേണ്ടത്.അരവിന്ദ് പറഞ്ഞു. 

എന്നാല്‍ ഈ അനുകരണത്തില്‍ തളരരുതെന്നും കഠിനമായി പ്രവര്‍ത്തിക്കണമെന്നും യുവസംരംഭകര്‍ക്കുള്ള ഉപദേശമായി അരവിന്ദ് പറഞ്ഞു. പെര്‍പ്ലെക്‌സിറ്റിയുടെ കമ്മ്യൂണിക്കേഷന്‍ മേധാവി ജെസ്സി ഡ്വയറും ഇതേ അഭിപ്രായം ആവര്‍ത്തിച്ചു. വന്‍കിട കമ്പനികള്‍ നിങ്ങളെ അനുകരിക്കുമെന്ന് മാത്രമല്ല, നിങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുമെന്നും ഡ്വയര്‍ പറഞ്ഞു. 

അടുത്തിടെയാണ് പെര്‍പ്ലെക്‌സിറ്റി കോമെറ്റ് എന്ന പേരില്‍ എഐ അധിഷ്ടിത ബ്രൗസര്‍ അവതരിപ്പിച്ചത്. അതിന് മുമ്പ് തന്നെ കൊമറ്റ് എന്ന സെര്‍ച്ച് എഞ്ചിനും കമ്പനി അവതരിപ്പിച്ചിരുന്നു. 
 

Content Highlights: Perplexity CEO`s advice for startups: Big companies will copy your ideas.