യൂട്യൂബിനേയും ഗൂഗിള്‍ മാപ്പിനേയും തോല്‍പിക്കുക അസാധ്യമെന്ന് പെര്‍പ്ലെക്‌സിറ്റി മേധാവി അരവിന്ദ് ശ്രീനിവാസ്; കാരണമിതാണ്

പെർപ്ലെക്സിറ്റി എഐ മേധാവിയും സഹസ്ഥാപകനുമായ അരവിന്ദ് ശ്രീനിവാസ് | Photo: Gettyimages
പെർപ്ലെക്സിറ്റി എഐ മേധാവിയും സഹസ്ഥാപകനുമായ അരവിന്ദ് ശ്രീനിവാസ് | Photo: Gettyimages

ഗൂഗിള്‍ ഉത്പന്നങ്ങളുടെ ആധിപത്യം തകര്‍ക്കാനാവുമോ എന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ചും എഐ അധിഷ്ടിത നൂതന സാങ്കേതിക വിദ്യകള്‍ രംഗപ്രവേശം ചെയ്തതിന് പിന്നാലെ ആ ചര്‍ച്ചകളും സംവാദങ്ങളും ശക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ തന്റെ വീക്ഷണം പങ്കുവെക്കുകയാണ് എഐ കമ്പനിയായ പെര്‍പ്ലെക്‌സിറ്റിയുടെ മേധാവി അരവിന്ദ് ശ്രീനിവാസ്.

ചില മേഖലകളില്‍ ഗൂഗിളിന്റെ മേധാവിത്വത്തെ വെല്ലുവിളിക്കാന്‍ സാധിക്കുമെങ്കിലും ആഴത്തില്‍ വേരൂന്നിയതും മത്സരം അസാധ്യമായതുമായ ചില ഉത്പന്നങ്ങള്‍ ഗൂഗിളിനുണ്ടെന്ന് അരവിന്ദ് ശ്രീനിവാസ് പറഞ്ഞു.

യൂട്യൂബും ഗൂഗിൾ മാപ്പും ഏറ്റവും പ്രയാസമാണ്. ചിലപ്പോള്‍ അസാധ്യം തന്നെയാവാം. മറ്റുള്ളവ പ്രയാസകരമാണെങ്കിലും വെല്ലുവിളിക്കാന്‍ സാധിക്കുന്നവയാണ്. അരവിന്ദ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഗൂഗിളിന്റെ ഇക്കോസിസ്റ്റത്തെ പരാജയപ്പെടുത്താന്‍ ഒരു സ്റ്റാര്‍ട്ടപ്പിനും സാധിക്കില്ലെന്ന അടിക്കുറിപ്പോടെ, ജിമെയില്‍, യൂട്യൂബ്, മാപ്‌സ്, ഡ്രൈവ്, ഫോട്ടോസ്, കലണ്ടര്‍, ക്രോം, മീറ്റ്, ഗൂഗിള്‍ ടിവി ഉള്‍പ്പടെയുള്ള സേവനങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് ഒരാള്‍ പങ്കുവെച്ച പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അരവിന്ദ്.

യൂട്യൂബിനേയും ഗൂഗിള്‍ മാപ്പിനെയും വെല്ലുവിളിക്കുന്നത് പ്രയാസകരമാവാന്‍ കാരണം, അവ ഉത്പന്നങ്ങളല്ല മറിച്ച് നെറ്റ്‌വര്‍ക്കുകള്‍ ആയതിനാലാണെന്നും മറ്റൊരാള്‍ കമന്റ് പങ്കുവെച്ചു. അത് 'കൃത്യമാണ്' എന്നായിരുന്നു അരവിന്ദിന്റെ പ്രതികരണം.

യൂട്യൂബിനേയും ഗൂഗിള്‍ മാപ്പിനേയും വെല്ലുവിളിക്കുന്നതിന് പുതിയ സ്ഥാപനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ ഏറെയുണ്ട്. ഉപഭോക്താക്കള്‍ സൃഷ്ടിച്ച ഉള്ളടക്കങ്ങളുടെ വന്‍ ശേഖരവും ക്രിയേറ്റര്‍ നെറ്റ് വര്‍ക്കുകളും റെക്കമെന്റേഷന്‍ സംവിധാനങ്ങളുമെല്ലാം യൂട്യൂബിന്റെ വലിയ ശക്തികളാണ്. മറുവശത്ത് ഗൂഗിള്‍ മാപ്പിന്റെ കാര്യമെടുത്താല്‍, ഉപഭോക്താക്കളില്‍ നിന്നുള്ള തിരുത്തലുകള്‍, ടെലികോം കാരിയര്‍ സിഗ്നലുകള്‍, ബിസിനസ് ലിസ്റ്റിങുകള്‍ ഉള്‍പ്പടെയുള്ള വന്‍ തോതിലുള്ള ജിയോസ്‌പേഷ്യല്‍ ഡാറ്റാ സെറ്റുകള്‍ ഉപയോഗിച്ച് നിരന്തരം മെച്ചപ്പെടുത്തിയാണ് ഗൂഗിള്‍ മാപ്‌സ് ഇന്ന് കാണുന്ന നിലയിലെത്തിയത്. ശൂന്യതയില്‍ നിന്ന് യൂട്യൂബിനേയും ഗൂഗിള്‍ മാപ്പിനേയും വെല്ലുവിളിക്കുന്നൊരു പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കുകയെന്നത് വലിയ മൂലധനവും നൂതന സംവിധാനങ്ങളും ആവശ്യമായി വന്നേക്കാം.

അതേസമയം പെര്‍പ്ലെക്‌സിറ്റിയുടെ കോമറ്റ് ബ്രോസറും സെര്‍ച്ച് എഞ്ചിനും ഗൂഗിളിന്റെ സെര്‍ച്ച് രംഗത്തെ മേധാവിത്വത്തെ നേരിട്ട് വെല്ലുവിളിക്കുന്ന ഉത്പന്നങ്ങളാണ്. എഐ സെര്‍ച്ച് എഞ്ചിന്‍, ബ്രൗസര്‍ വിപണികളില്‍ ഗൂഗിളിന്റെ എതിരാളികളൊരാളാണ് പെര്‍പ്ലെക്‌സിറ്റി. എങ്കിലും ജെമിനൈ എഐയുടെ പിന്‍ബലത്തില്‍ ഗൂഗിളിന്റെ എഐ രംഗവും അതിശക്തമായി വളര്‍ന്നിട്ടുണ്ട്.

Content Highlights: Perplexity CEO Aravind Srinivas says beating Google's deeply entrenched products like YouTube and Maps is "difficult, maybe impossible."