സെൽഫി അപകടകരമോ; ഫിംഗർപ്രിന്റ് ചോരുമോ, വിദഗ്ധർ പറയുന്നത് എന്താണ്?

സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്ന സെൽഫികൾ ഇതുവരെ പലരും ചിന്തിക്കാത്ത തരത്തിലുള്ള അപകടസാധ്യത ഉയർത്തുന്നുണ്ടോ? സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ അടുത്തിടെയാണ് ഇതുസംബന്ധിച്ച ആശങ്ക ഉയർന്നുവരുന്നത്.
സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഒരു ചിത്രത്തിൽ നിന്ന് ഹാക്കർക്ക് ബയോമെട്രിക് വിവരങ്ങൾ മോഷ്ടിക്കാൻ കഴിയും എന്ന തരത്തിലുള്ള പ്രചാരണമാണ് ആശങ്കയ്ക്ക് പിന്നിൽ. സമാധാന ചിഹ്നം കാണിക്കുന്ന ഓൺലൈൻ ഫോട്ടോകളിൽ നിന്ന് ഹാക്കർക്ക് വിരലടയാളം മോഷ്ടിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ആയിരക്കണക്കിന് ലൈക്കുകൾ ലഭിച്ചിട്ടുണ്ടെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരത്തിലുള്ള പ്രചാരണം ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും വിദഗ്ധർ ഈ വാദം പൂർണമായും അംഗീകരിക്കുന്നില്ല. ഓൺലൈൻ സെൽഫികളിൽ നിന്ന് വിരലടയാളം എക്സ്ട്രാക്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ സമ്മതിക്കുന്നു. പക്ഷെ ഇതിന്റെ അപകടസാധ്യത കുറവാണെന്നും അവർ പറയുന്നു. ഫിഷിങ് തട്ടിപ്പുകൾ, ഡേറ്റാ മോഷണം എന്നിവ പോലെയുള്ള സൈബർ ഭീഷണികളെപ്പോലെ ആശങ്കപ്പെടുത്തുന്നതല്ല ഇതെന്നും വിദഗ്ധർ പറയുന്നു.
കഴിഞ്ഞ ഏപ്രിലിൽ ഒരു ചൈനീസ് ടെലിവിഷൻ ഷോയിലെ ഒരു ഭാഗത്തെ പരാമർശിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിച്ചതോടെയാണ് ആശങ്കയുടെ തുടക്കം. ക്യാമറയ്ക്ക് സമീപം നിന്നെടുക്കുന്ന സമാധാന ചിഹ്നം കാണിക്കുന്ന സെൽഫിയിൽ കാണുന്ന വിരലടയാളങ്ങൾ ഡിജിറ്റലായി എക്സ്ട്രാക്ട് ചെയ്യാനും മെച്ചപ്പെടുത്താനും സാധിക്കുമെന്ന് ഷോയ്ക്കിടെ ഒരു വിദഗ്ദ്ധൻ അഭിപ്രായപ്പെട്ടു. ഇതിന്റെ വീഡിയോ ക്ലിപ്പുകൾ ഓൺലൈനിൽ അതിവേഗം പ്രചരിച്ചു. നിർമിതബുദ്ധി (എഐ സാങ്കേതികവിദ്യ) വിരലടയാളം പകർത്തൽ മുമ്പത്തെക്കാൾ എളുപ്പമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇതോടെയാണ് ആശങ്ക വൻതോതിൽ വ്യാപിച്ചത്.
സമാധാന ചിഹ്നം കാണിക്കുന്ന സെൽഫിയിൽ നിന്ന് വിരലടയാളം എക്സ്ട്രാക്ട് ചെയ്യുക എന്നത് സാധ്യമാണെങ്കിലും അതിന്റെ അടിയന്തര ഭീഷണി അത്ര ഗൗരവതരമല്ലെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. ഹൈ റെസല്യൂഷൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണെങ്കിൽ അത് സാധ്യമാണ്. ഓൺലൈൻ ഫോട്ടോകളിൽ നിന്ന് വിരലടയാളം എക്സ്ട്രാക്ട് ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറയുന്നു.
ജർമ്മൻ മുൻ പ്രതിരോധ മന്ത്രി ഉർസുല വോൺ ഡെർ ലേയന്റെ വിരലടയാളം ക്ലോൺ ചെയ്തതായി 2014-ൽ ഒരു ഹാക്കർ അവകാശപ്പെട്ടിരുന്നു. ഒരു പൊതു പരിപാടിക്കിടെ എടുത്ത ക്ലോസപ്പ് ഫോട്ടോകൾ ഉപയോഗിച്ചാണ് അത് സാധിച്ചത് എന്നാണ് അവകാശവാദം. അതേ വർഷം ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആയ ക്രാക്കണിലെ ഗവേഷകർ ഫോട്ടോഷോപ്പ്, പ്രിന്റർ, പശ എന്നിവയുടെ സഹായത്തോടെ ഒരു പ്രതലത്തിൽ പതിഞ്ഞ ഫിംഗർപ്രിന്റിന്റെ ഫോട്ടോയിൽ നിന്ന് വിരലടയാളം പകർത്താൻ കഴിഞ്ഞിരുന്നു.
എന്നാൽ ഇതിലൊന്നും വല്ലാതെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു ഹാക്കറിന് നിങ്ങളുടെ വിരലടയാളം ചോർത്തിയെടുക്കാൻ കഴിഞ്ഞാലും അത് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യണമെങ്കിൽ അവർക്ക് നിങ്ങളുടെ വിരലടയാളം അൺലോക്ക് ചെയ്യുന്ന ഫിസിക്കൽ സ്‌കാനറിലേക്ക് പ്രവേശനം ലഭിക്കേണ്ടതുണ്ട്.
സൈബർ ക്രിമിനലുകൾക്ക് വിവരങ്ങൾ മോഷ്ടിക്കാൻ വളരെ എളുപ്പമുള്ള വഴികൾ വേറെ പലതുമുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സാഹചര്യം മാറിയോ എന്നകാര്യം കൃത്യമായി പറയാൻ കഴിയില്ല. സൈബർ ക്രിമിനലുകൾ ഇത് ഒരു ആക്രമണ രീതിയായി ഉപയോഗിക്കുന്നുണ്ടോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഗുരുതരമായ ഭീഷണി ഇത് ഉയർത്തുന്നില്ല എന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നത്.
Content Highlights: Fingerprint extraction from high-resolution photos is technically possible but rare., The risk for average social media users is minimal compared to phishing and data breaches., Hackers would need physical access to your scanners to exploit stolen fingerprint data., Experts emphasize that current cyber threats are far more pressing than biometric photo theft.