വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒറാക്കിൾ; പുലർച്ചെ ആറിന് ഇമെയിൽ വരുമോ? ആശങ്കയോടെ ജീവനക്കാർ

#ടെക്‌നോളജി ഡെസ്‌ക്
ഒറാക്കിള്‍ ആസ്ഥാനം | Photo - AP
ഒറാക്കിള്‍ ആസ്ഥാനം | Photo - AP

വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ടെക് കമ്പനിയായ ഒറാക്കിൾ. ഇന്ത്യയിലെ ജീവനക്കാരെയടക്കം ഇത്തവണത്തെയും നടപടി ബാധിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാർച്ച് 31-ന് നടത്തിയ കൂട്ടപ്പിരിച്ചുവിടലിൽ ആഗോള തലത്തിൽ 20,000 മുതൽ 30,000 വരെ പേർക്ക് ജോലി നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഇന്ത്യയിലെ 12,000-ത്തോളം പേർക്ക് ജോലി പോയതായും റിപ്പോർട്ടുകളുണ്ട്.

ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ടുള്ള ഇമെയിലുകൾ പുലർച്ചെ ആറിന് ജീവനക്കാർക്ക് ലഭിച്ചത് അന്ന് വലിയ ചർച്ചയായിരുന്നു. സെപ്റ്റംബർ 1-ന് നിശ്ചയിച്ചിരിക്കുന്ന നടപടി ഇന്ത്യയിലെ 3000-ത്തോളം ജീവനക്കാരെ ബാധിച്ചേക്കാമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ആശങ്കയോടെ ജീവനക്കാർ

ഒറാക്കിൾ ജീവനക്കാർ കഴിഞ്ഞ മൂന്നാഴ്ചയായി കടുത്ത ആശങ്കയിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഒഴിവാക്കുന്നതിനായി പരിഗണിക്കേണ്ട ജീവനക്കാരുടെ പട്ടിക സമർപ്പിക്കാൻ ഒറാക്കിൾ മാനേജർമാരോട് ആവശ്യപ്പെട്ടിരുന്നു. ശമ്പളച്ചെലവ് കുറയ്ക്കാനുള്ള നടപടികൾക്ക് സെപ്റ്റംബർ ഒന്നിനകം തുടക്കം കറിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത്തരം വാർത്തകളോട് പ്രതികരിക്കാൻ ഒറാക്കിൾ തയ്യാറായിട്ടില്ല. പിരിച്ചുവിടൽ നടപടികൾ അവർ പരസ്യമായി സ്ഥിരീകരിച്ചിട്ടുമില്ല.

സെപ്റ്റംബർ 1-ന് തന്നെ ഇമെയിലുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നത് കമ്പനിയിലെ ജീവനക്കാർ തന്നെയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മാർച്ച് 31-ന് യു.എസ്, ഇന്ത്യ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് ഒറാക്കിൾ ജീവനക്കാർക്ക് പ്രാദേശിക സമയം രാവിലെ 6 മണിയോടെ പിരിച്ചുവിടുന്നതായി അറിയിച്ചുകൊണ്ടുള്ള ഇമെയിലുകൾ ലഭിച്ചിരുന്നു. പിരിച്ചുവിടൽ സംബന്ധിച്ച ചർച്ചകൾ ഒറാക്കിൾ ജീവനക്കാരുടെ ഗ്രൂപ്പുകളിൽ സജീവമാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

വില്ലനായി എഐ ഡേറ്റാ സെന്ററുകൾ

എഐ ഡേറ്റാ സെന്ററുകൾക്കായി വൻതുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് വൻതോതിലുള്ള കൂട്ടപ്പിരിച്ചുവിടൽ ഒറാക്കിളിന് നടത്തേണ്ടിവരുന്നത്. ഓപ്പൺഎഐ അടക്കമുള്ളവയ്ക്കായുള്ള ഡാറ്റാ സെന്ററുകൾക്കായി വൻകുക ചെലവഴിക്കേണ്ടി വന്നതിനാൽ 2026 സാമ്പത്തിക വർഷത്തിൽ മൂലധനച്ചെലവ് മുൻവർഷത്തെ 21.2 ബില്യൺ ഡോളറിൽ നിന്ന് 55.7 ബില്യൺ ഡോളറായി കുതിച്ചുയർന്നിട്ടുണ്ട്. വരുമാനത്തെക്കാൾ 23.7 ബില്യൺ ഡോളർ കൂടുതൽ പണം ചെലവഴിച്ചു. 43 ബില്യൺ ഡോളർ കടമായും 5 ബില്യൺ ഡോളർ ഓഹരികളിലൂടെയും സമാഹരിച്ചു. പണം സമാഹരിച്ചതിന്റെ പലിശ മാത്രം 3.6 ബില്യൺ ഡോളറിൽ നിന്ന് 4.6 ബില്യൺ ഡോളറായി ഉയർന്നു. 20,000 മുതൽ 30,000 വരെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നത് 8-10 ബില്യൺ ഡോളറിന്റെ പണലഭ്യത ഉറപ്പാക്കാൻ സഹായിക്കുമെന്ന് ടി.ഡി കോവൻ (TD Cowen) ജനുവരിയിൽ കണക്കാക്കിയിരുന്നു.

Content Highlights: Oracle is planning another round of job cuts targeting payroll reduction by September 1, 2026., The layoffs are driven by massive capital expenditure on AI data centers, including a $55.7 billion bill., Oracle's previous fiscal year saw a headcount reduction of 21,000 employees globally., Employees in India and globally are experiencing high anxiety, monitoring email inboxes and RSU vesting schedules.