പെന്റഗൺ കരാർ: പ്രതിസന്ധി മറികടക്കാൻ നീക്കങ്ങളുമായി OpenAI, ചാറ്റ്ജിപിടിയിൽ സോറ ഉൾപ്പെടുത്തും

പെന്റഗണുമായി ഏർപ്പെട്ട കരാർ കനത്ത തിരിച്ചടിയായതിന് പിന്നാലെ ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കവുമായി സാം ഓൾട്ട്മാന്റെ ഓപ്പൺഎഐ. ചാറ്റ്ജിപിടിയിൽ എഐ വീഡിയോ ജനറേറ്റർ ടൂളായ സോറ ഉൾപ്പെടുത്താൻ ഓപ്പൺഎഐ പദ്ധതിയിടുന്നുവെന്നാണ് വിവരം. ടിക്‌ടോക്കുമായി മത്സരിക്കാൻ ഒപ്പൺഎഐ 2025-ൽ പുറത്തിറക്കിയതാണ് സോറ. നിർമിതബുദ്ധിയുടെ സഹായത്തോടെ വീഡിയോകൾ സൃഷ്ടിക്കാനും പങ്കിടാനും കഴിയുന്നതാണ് ഈ പ്ലാറ്റ്‌ഫോം
ഓപ്പൺഎഐയുടെ തന്ത്രപരമായ നീക്കമായാണ് സോറയെ ചാറ്റ്ജിപിടിയുമായി സംയോജിപ്പിക്കാനുള്ള നീക്കത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. ചാറ്റ്ജിപിടി ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അടുത്തിടെ പെന്റഗണുമായി കരാർ ഒപ്പിട്ടതിനു ശേഷം ചാറ്റ്ജിപിടിക്ക് ലക്ഷക്കണക്കിന് ഉപയോക്താക്കളെ നഷ്ടപ്പെട്ടിരുന്നു. ഉപയോക്താക്കളുടെ വളർച്ച മന്ദഗതിയിലായി. ഡൗൺലോഡുകളിലെ വളർച്ച, പ്രതിമാസ ആക്ടീവ് ഉപയോക്താക്കളുടെ വളർച്ച, ആപ്പിൽ ചിലവഴിക്കുന്ന സമയം എന്നിവയിൽ ചാറ്റ്ജിപിടിയെ ഗൂഗിൾ ജമിനി മറികടക്കാൻ തുടങ്ങിയിരിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇത്തരം പ്രതിസന്ധികൾ നേരിടുന്നതിനിടെയാണ് ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ ഓപ്പൺഎഐ നീക്കം തുടങ്ങിയിരിക്കുന്നത്.
ചാറ്റ്ജിപിടിയുമായി സംയോജിപ്പിക്കുന്നതിന് ശേഷവും സോറ ഒരു സ്റ്റാൻഡ്എലോൺ ആപ്ലിക്കേഷനായി തുടരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. തന്ത്രപരമായ നീക്കത്തിന് സോറയെ ഉപയോഗിക്കാൻ ഓപ്പൺഎഐ ഒരുങ്ങുമ്പോഴും അതിന്റെ നിലവിലെ സ്ഥിതി അത്ര മെച്ചപ്പെട്ടതല്ല. ലോഞ്ചിനുശേഷം കഴിഞ്ഞ ജനുവരിയിൽ സോറയുടെ ഇൻസ്റ്റാളുകളിൽ പ്രതിമാസം 45 ശതമാനത്തിന്റെ കുറവുണ്ടായതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. ഈ വർഷം അമേരിക്കയിലെ ആപ്പിൾ ആപ്പ്‌സ്റ്റോർ റാങ്കിങ്ങിൽനിന്ന് ഈ ആപ്പ് പുറത്തായി.
Content Highlights: OpenAI plans to integrate Sora into ChatGPT to increase user retention., The move aims to counter competition from Google Gemini and declining app growth., Sora will continue to operate as a standalone application., China has banned the use of OpenKLO AI apps in government offices due to data security concerns.