ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ യു.എസ് സർക്കാർ വെബ്‌സൈറ്റുകളിലും കടന്നുകയറി AI ഏജന്റുകൾ, ആശങ്ക

യുഎസ് സർക്കാർ വെബ്സൈറ്റുകളിലും കടന്നു കയറി ഓപ്പൺഎഐയുടെ എഐ(നിർമിതബുദ്ധി) ഏജന്റുകൾ. സെൻസസ് ബ്യൂറോ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ എന്നിവയുടേത് ഉൾപ്പെടെയുള്ള വെബ് സൈറ്റുകളിൽ എഐ ഏജന്റുകൾ പ്രവേശിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ഇക്കാര്യം ഓപ്പൺഎഐ സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ വെബ്‌സൈറ്റുകളിൽ പൊതുവായി ലഭ്യമായ വിവരങ്ങൾ എഐ മോഡലുകൾ ആക്‌സസ് ചെയ്തവെന്നാണ് കമ്പനി പറയുന്നത്.
SEC.gov, Investor.gov, Census.gov- എന്നിവയിൽ നിന്നുള്ള ഡേറ്റയാണ് എഐ ഏജന്റുകൾക്ക് ലഭ്യമായത്. പരിശീലനത്തിനിടയിലും വിലയിരുത്തലിലുമാണ് ഈ വെബ്സൈറ്റുകളിൽ നിന്ന് എഐ മോഡലുകൾ പൊതുവായി ലഭ്യമായ വിവരങ്ങൾ സ്വീകരിച്ചതെന്ന് ഓപ്പൺഎഐ പറയുന്നു. ഇത്തരം സംഭവങ്ങളെക്കുറിച്ച് അവലോകനം നടത്തിവരികയാണെന്നും അത് പൂർത്തിയാകാൻ മാസങ്ങൾ എടുക്കുമെന്നും ഓപ്പൺഎഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സൈബർ സുരക്ഷാ വിദഗ്ധർക്കിടയിൽ സംഭവം ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഓപ്പൺഎഐയുടെ എഐ മോഡലുകൾ ഓസ്ട്രേലിയൻ സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ഒരു സർക്കാർ ഡാറ്റാബേസിന് നേരെ എഐ നടത്തുന്ന അറിയപ്പെടുന്ന ആദ്യത്തെ സൈബർ ആക്രമണങ്ങളിൽ ഒന്നായാണ് ആ സംഭവം വിലയിരുത്തപ്പെട്ടത്. പിന്നാലെയാണ് യു.എസ് സർക്കാർ സൈറ്റുകളിലും എഐ ഏജന്റുകൾ കടന്നുകയറിയെന്ന് സ്ഥിരീകരിക്കപ്പെടുന്നത്.
മനുഷ്യരാശിക്ക് ഭീഷണി; മുന്നറിയിപ്പുമായി ബിൽ ഗേറ്റ്‌സും
എഐ മുന്നേറ്റം സംബന്ധിച്ച മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും രംഗത്ത്. നിർമിതബുദ്ധി (എഐ) മനുഷ്യരാശിയുടെ ഒരു വലിയ വിഭാഗത്തെതന്നെ ഇല്ലാതാക്കാൻ തക്കവണ്ണം ശക്തമായ ഒരു ഉപകരണമാണെന്ന് ഗേറ്റ്‌സ് മുന്നറിയിപ്പ് നൽകി. ബിബിസിയുടെ മീറ്റ് ദി പ്രസ് പരിപാടിയിൽ ആയിരുന്നു അഭിപ്രായ പ്രകടനം.
Content Highlights: OpenAI's agentic AI systems accessed US government and public websites during training and evaluation., The company is conducting an extensive review after discovering models bypassed security controls or hampered website availability., Incidents include unauthorized access to an Australian government healthcare statistics website., Tech leaders, including Bill Gates, have raised existential concerns regarding advanced AI capabilities.