ബ്രൗസർ വിൻഡോകളിൽ ചാറ്റ് ജിപിടി ഉപയോഗിക്കാം; ജോലി എഐ ചെയ്തോളും; അപ്ഡേറ്റുമായി ഓപ്പൺ എഐ

ഗൂഗിൾ ക്രോം ഉപയോഗം സ്മാർട് ആക്കിമാറ്റാൻ പുതിയ ചാറ്റ് ജിപിടി അപ്ഡേറ്റുമായി ഓപ്പൺ എഐ. ഇതനുസരിച്ച് ചാറ്റ് ജിപിടിക്ക് ഇനി ക്രോം ടാബുകൾ പരിശോധിക്കാനും അതിലെ വിവരങ്ങൾ വായിച്ച് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ബ്രൗസറിൽ ചെയ്ത് തീർക്കാനും സാധിക്കും. ഈ അപ്ഡേറ്റിനൊപ്പം ഹിന്ദി ഉൾപ്പടെ പുതിയ ഭാഷകളിലുള്ള വോയ്സ് ഫീച്ചർ പിന്തുണയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ബ്രൗസർ ഉപയോഗിക്കുമ്പോൾ ഒരു പേഴ്സണൽ അസിസ്റ്റന്റിനെ പോലെ ഇടപെടാൻ ഇതുവഴി ചാറ്റ് ജിപിടിയ്ക്ക് സാധിക്കും. ഉദാഹരണത്തിന് നിങ്ങൾ ഒരു സോഫ വാങ്ങുവാൻ ആഗ്രഹിക്കുന്നുണ്ട്, അതിനായി മൂന്ന് വെബ്സൈറ്റുകൾ തുറന്നുവെച്ചിട്ടുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ വെബ്സൈറ്റുകളിലെ വിവരങ്ങൾ പരിശോധിച്ച് സോഫയുടെ വലിപ്പം, നിർമിക്കാനുപയോഗിച്ച വസ്തുക്കൾ, ഡെലിവറി സമയം, റിട്ടേൺ പോളിസി എന്നിവയെല്ലാം താരതമ്യം ചെയ്ത് പരിശോധിക്കാൻ ചാറ്റ്ജിപിടിയെ ആശ്രയിക്കാം. ഇതുവഴി മികച്ച തീരുമാനങ്ങളെടുക്കാനും വാങ്ങൽ എളുപ്പമാക്കാനും സാധിക്കും.
ഒരു വലിയ ആർട്ടിക്കിൾ ലളിതമായ ഭാഷയിൽ വിവരിക്കാനും വ്യത്യസ്ത വിൻഡോകൾ മാറിമാറി ഉപയോഗിക്കാതെ തന്നെ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ താരതമ്യം ചെയ്യാനുമെല്ലാം എഐ ചാറ്റ്ബോട്ടിന്റെ സഹായം തേടാം.
ഓൺലൈൻ രജിസ്ട്രേഷൻ ഫോമുകൾ പൂരിപ്പിക്കുക, ഇമെയിൽ ഡ്രാഫ്റ്റ് ചെയ്യുക, സന്ദേശങ്ങൾ അയക്കുക, ഫയലുകൾ ഡൗൺലോഡ് ചെയ്യുക, ടാബുകളെ ഗ്രൂപ്പുകളായി ക്രമീകരിക്കുക തുടങ്ങിയവ ചെയ്യാനാവും. ഇതിന് പുറമെ വിവിധ വെബ്സൈറ്റുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ലളിതമായ കമ്പാരിസൺ ഷീറ്റ് ആയി പ്രദർശിപ്പിക്കാനും എഐയ്ക്ക് സാധിക്കും.
എങ്ങനെ ഉപയോഗിക്കാം?
- ആദ്യം, കമ്പ്യൂട്ടറിൽ ചാറ്റ്ജിപിടിയുടെ ഡെസ്ക്ടോപ്പ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
- ക്രോം വെബ് സ്റ്റോറിൽനിന്ന് ഔദ്യോഗികമായ ചാറ്റ്ജിപിടി എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്യുക.
- ചാറ്റ്ജിപിടി ഡെസ്ക്ടോപ്പ് ആപ്പിന്റെ സെറ്റിംഗ്സിൽ പോയി "Computer Use" എന്ന ഫീച്ചർ ഓൺ (ON) ചെയ്യുക.
- ചാറ്റ്ജിപിടിയിൽ ഒരു പുതിയ 'Work mode' ചാറ്റ് ആരംഭിക്കുക. തുടർന്ന് കീബോർഡിലെ "@" ചിഹ്നം ഉപയോഗിച്ച് ബ്രൗസറിനെ തിരഞ്ഞെടുക്കുക. ഇതിനുശേഷം, ആവശ്യമായ നിർദ്ദേശങ്ങൾ ചാറ്റ്ജിപിടിക്ക് നൽകാവുന്നതാണ്.
ഈ സംവിധാനം എഡ്ജ് (Edge), ബ്രേവ് (Brave), ഓപ്പറ (Opera) തുടങ്ങിയ മറ്റ് ബ്രൗസറുകളിലും പ്രവർത്തിക്കും
കൂടുതൽ ഭാഷകളിൽ സംസാരിക്കും
ക്രോം അപ്ഡേറ്റിനൊപ്പം, ചാറ്റ് ജിപിടി, കോഡെക്സ്, ഡോട്ട്സ് എന്നിവയ്ക്കായി ഓപ്പൺ എഐ പുതിയ 'ജിപിടി ലൈവ് 1.1' അപ്ഡേറ്റും അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി 13 പുതിയ ശബ്ദങ്ങളും ഹിന്ദി, ഫ്രഞ്ച്, ജർമൻ, മെക്സിക്കൻ, സ്പാനിഷ്, കൊറിയൻ, ജാപ്പനീസ് ഭാഷകളിലുള്ള പ്രകടനവും മെച്ചപ്പെടുത്തിയിട്ടുണ്ട്.
Content Highlights: OpenAI has rolled out a new update allowing ChatGPT to read open Chrome tabs, compare products, fill out online forms, and act as a personal assistant, alongside introducing new multilingual voice features.