മെറ്റാവേഴ്‌സ് ലോകത്ത് സ്വന്തം 'ആസ്ഥാന മന്ദിരം പണിത്' നൈക്കി

മുന്‍നിര സ്പോർട്സ് വസ്ത്ര നിര്‍മാണ കമ്പനിയായ നൈക്കിയുടെ ആസ്ഥാന മന്ദിരത്തിന്റെ വെര്‍ച്വല്‍ രൂപം വീഡിയോ ഗെയിം പ്ലാറ്റ്‌ഫോമായ റോബ്ലോക്‌സില്‍ ഒരുങ്ങി. നൈക്കിയാണ് ഈ വിവരം പുറത്തുവിട്ടത്. ഇതോടെ 'മെറ്റാവേഴ്‌സിലേക്ക്, പ്രവേശിക്കുന്ന ആദ്യ കമ്പനിയായി നൈക്കി മാറി.
നൈക്കി ലാന്‍ഡ് എന്ന പേരിലാണ് റോബ്ലോക്‌സ് ഗെയിമില്‍ തയ്യാറാക്കിയ നൈക്കിയുടെ ആസ്ഥാനകെട്ടിടം അറിയപ്പെടുക. ഇവിടെ പ്രവേശിച്ചാല്‍ കളിക്കാര്‍ക്ക് അവരുടെ അവതാറില്‍ (ഗെയിമിലെ കഥാപാത്രത്തില്‍) നൈക്കിയുടെ പ്രത്യേക ഉല്‍പ്പന്നങ്ങള്‍ അണിയാന്‍ സാധിക്കും. റോബ്ലോക്‌സ് സന്ദര്‍ശിക്കുന്ന ആര്‍ക്കും ഇത് സൗജന്യമാണ്.
ടാഗ്, ദി ഫ്‌ളോര്‍ ഇസ് ലാവ, ഡോഡ്ജ്ബാള്‍ എന്നീ ഗെയിമുകള്‍ കളിക്കാം. ഇന്ററാക്റ്റീവ് സ്‌പോര്‍ട്‌സ് മെറ്റീരിയലുകള്‍ ഉപയോഗിച്ച് ക്രിയേറ്റര്‍മാര്‍ക്ക് സ്വന്തം മിനി ഗെയിമുകള്‍ രൂപകല്‍പന ചെയ്യാനുമാവും.
ഫെയ്‌സ്ബുക്കിന്റെ പേര് മാറ്റത്തോടെ പ്രചാരം നേടിയ വാക്കാണ് മെറ്റാവേഴ്‌സ്. യഥാര്‍ത്ഥ ലോകത്തിന് സമാനമായി സൃഷ്ടിച്ചെടുക്കുന്ന വെര്‍ച്വല്‍ ലോകത്തെയാണ് മെറ്റാവേഴ്‌സ് എന്ന് പറയുന്നത്. വെര്‍ച്വല്‍ രൂപങ്ങളായി ആളുകള്‍ക്ക് പ്രവേശിക്കാനും ഇടപഴകാനും ഗെയിം കളിക്കാനും സംഗീത പരിപാടി ആസ്വദിക്കാനുമെല്ലാം സാധിക്കുന്ന ലോകം എന്ന രീതിയിലാണ് മെറ്റാവേഴ്‌സിനെ സാങ്കേതിക ലോകം വിഭാവനം ചെയ്യുന്നത്.
വിവിധ ഗെയിമിങ് കമ്പനികള്‍ ഇതിനോടകം അവരുടേതായ സാങ്കല്‍പിക ലോകങ്ങള്‍ വികസിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
ആഗോള മെറ്റാവേഴ്‌സ് വിപണി 2021 ല്‍ 616 കോടി ഡോളറിലെത്തുമെന്നും 2026 ഓടെ 4162 കോടി ഡോളറിലെത്തുമെന്നുമാണ് സ്ട്രാറ്റജി അനലറ്റിക്‌സ് എന്ന സ്ഥാപനം കണക്കാക്കുന്നത്.
Content Highlights: Nike Metaverse headquarters, Nikeland,, Robolox gameplay
Content Highlights: