ഷെഹ്‌സാദ് ഭട്ടി നെറ്റ്‌വർക്ക്: NIA-യ്ക്ക് വഴികാട്ടിയത് ആ NOKIA ഫോൺ, സ്‌ഫോടനത്തിലെ പാക് ബന്ധം വ്യക്തം

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | PTI
പ്രതീകാത്മകചിത്രം | PTI

ഇന്ത്യൻ അന്വേഷണ ഏജൻസികൾ തകർത്ത ഭീകര ശൃംഖല ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഹരിയാണയിലെ അമ്പാലയിലുള്ള ബൽദേവ് നഗർ പോലീസ് സ്റ്റേഷനിൽ ജനുവരിയിലുണ്ടായ സ്‌ഫോടനത്തിന് പാകിസ്താനുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ എൻഐഎയ്ക്ക് വഴികാട്ടിയത് ഒരു നോക്കിയ ഫോൺ.

അത് പാകിസ്താനിൽ നിർമിക്കുകയും അവിടെ വിറ്റഴിക്കുകയും ചെയ്തതാണെന്ന് ദേശീയ അന്വേഷണ ഏജൻസിക്ക് കണ്ടെത്താൻ കഴിഞ്ഞതോടെ അന്വേഷണത്തിൽ വലിയ വഴിത്തിരിവുണ്ടായി. ഈ ഫോണിന്റെ മൊത്തവിതരണം നടത്തിയ ആളും ചില്ലറ വിൽപ്പനക്കാരനും പാകിസ്താനിലാണെന്ന് കണ്ടെത്തിയതോടെ പാക് ബന്ധം ശക്തമായി തെളിയിക്കപ്പെടുകയും കേസിൽ എൻഐഎയ്ക്ക് വലിയ മേൽകൈ നേടിക്കൊടുക്കുകയും ചെയ്തുവെന്നാണ് വിവരം.

ബൽദേവ് നഗർ പോലീസ് സ്‌റ്റേഷനിൽ ഐഇഡി (IED) സ്‌ഫോടനം നടത്താൻ ഉപയോഗിച്ചത് പാകിസ്താനിൽ നിർമ്മിക്കുകയും വിറ്റഴിക്കുകയും ചെയ്ത നോക്കിയ ഫോൺ ആണെന്ന് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ച്കുളയിലെ പ്രത്യേക എൻഐഎ കോടതിയിൽ ജൂലായ് 11-ന് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഏജൻസി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്ന് ദിപ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

കൂടാതെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇൻസ്റ്റാഗ്രാം ഹാൻഡിലിന്റെ ഐപി അഡ്രസ് പാകിസ്താനിലാണെന്നും സ്‌ഫോടനം ആസൂത്രണം ചെയ്തത് പാക് ഭീകരൻ (ഭട്ടി) ആണെന്ന് ഇത് വ്യക്തമായി തെളിയിക്കുന്നതാണെന്നും അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യൂഎപിഎ, ബിഎൻഎസ്, 1908-ലെ സ്‌ഫോടകവസ്തു നിയമം, ടെലികമ്മ്യൂണിക്കേഷൻ നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം  ഷെഹ്‌സാദ് ഭട്ടി ഉൾപ്പെടെയുള്ളവർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പ്രാദേശിക കമ്പനിയുമായി സഹകരിച്ച് പാകിസ്താനിലെ കറാച്ചിയിലാണ് നോക്കിയ ഫോണുകൾ അസംബ്ലി ചെയ്തിരുന്നത്.

നിർണായക തെളിവായി മാറിയ നോക്കിയ ഫോണിന്റെ വിതരണക്കാരനും ചില്ലറ വ്യാപാരിയും പാകിസ്താനിലാണ് ഉണ്ടായിരുന്നതെന്ന് ഏജൻസി വ്യക്തമാക്കുന്നു. എന്നാൽ ഉപയോഗിച്ച സിം കാർഡുകൾ ഇന്ത്യയിൽ നിന്ന് വാങ്ങി ഡ്രോൺ വഴി അതിർത്തി കടത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 10-ന് ഉച്ചയ്ക്കുശേഷമാണ് അമ്പാലയിലെ ബൽദേവ് നഗർ പോലീസ് സ്റ്റേഷനിൽ തീവ്രത കുറഞ്ഞ സ്‌ഫോടനം നടന്നത്. സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന മാരുതി 800 കാറിലാണ് സ്‌ഫോടനം നടന്നത്. തൊട്ടുപിന്നാലെ, 'khalistanarmy001' എന്ന യൂസർനെയിമിലുള്ള ഒരു ഇൻസ്റ്റാഗ്രാം ഹാൻഡിൽ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

കേസ് അന്വേഷിച്ച അമ്പാല ജില്ലാ പോലീസ് ജനുവരി 13-ന് കരംജിത് സിങ് എന്ന ടോണിയേയും, ജനുവരി 15-ന് പ്രതികളായ ആകാശ്, സൗരഭ് എന്ന സോബി എന്നീ സഹോദരന്മാരെയും അറസ്റ്റ് ചെയ്തിരുന്നു. ജമ്മു സ്വദേശിയായ രമൺ കുമാറും അറസ്റ്റിലായിട്ടുണ്ട്. കരംജിത് സിങ് ഒരു എയർടെൽ പോയിന്റ് ഓഫ് സെയിൽ ഏജന്റിൽ നിന്ന് നിരവധി സിം കാർഡുകൾ വാങ്ങിയിരുന്നതായി അന്വേഷണത്തിൽ എൻഐഎയ്ക്ക് കണ്ടെത്താനായി. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷെഹ്‌സാദ് ഭട്ടിയുടെ ഭീകര സംഘവുമായി ബന്ധമുള്ള ആളാണ് കരംജിത് സിങ്.

അമ്പാല ആക്രമണത്തിൽ ഇവയിൽ രണ്ട് സിം കാർഡുകൾ ഉപയോഗിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. ഒന്ന് ഐഇഡി സ്‌ഫോടനം നടത്താനും മറ്റൊന്ന് സ്‌ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പ്രതികളായ ആകാശിനും സൗരഭിനും നിർദ്ദേശങ്ങൾ നൽകാനുമാണ് ഉപയോഗിച്ചത്.

Content Highlights: NIA filed a chargesheet on 11 July regarding the January blast at Ambala's Baldev Nagar police station., Investigation revealed the IED was triggered using a Nokia phone manufactured and retailed in Pakistan., Brazil-based Pakistani gangster Shahzad Bhatti and seven Indian nationals have been chargesheeted., SIM cards used in the attack were procured in India and sent across the border via drones.