സുനിത ബഹിരാകാശത്ത് കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ച, കൊളംബിയ ദുരന്തത്തിന് സമാനമെന്ന് നാസ

#ടെക്‌നോളജി ഡെസ്‌ക്
1. സുനിത വില്യംസ് 2. സ്റ്റാര്‍ലൈനര്‍ പേടകം | Photo - PTI, AP
1. സുനിത വില്യംസ് 2. സ്റ്റാര്‍ലൈനര്‍ പേടകം | Photo - PTI, AP

ഇന്ത്യൻ വംശജ സുനിത വില്യംസിനും ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോറിനും ഒൻപത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കേണ്ടിവന്ന സംഭവത്തിൽ നാസയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. ദൗത്യത്തെ'ടൈപ്പ് എ' വിഭാഗത്തിൽപ്പെട്ട അപകടമായി നാസ റിപ്പോർട്ടിൽ ലേബൽ ചെയ്തിട്ടുണ്ട്. ഇതോടെ ചലഞ്ചർ, കൊളംബിയ സ്‌പേസ്ഷട്ടിൽ ദുരന്തങ്ങളുടെ ഗണത്തിൽ സ്റ്റാർലൈനർ ക്യാപ്സ്യൂളിന്റെ 2024-ലെ പരീക്ഷണ പറക്കലിനെലും ഉൾപ്പെടും.

ബോയിങ് കമ്പനിയുടെ സ്റ്റാർലൈനറിന്റെ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പറക്കലിനിടയിൽ സംഭവിച്ച വീഴ്ചകൾ ഈ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് കുടുങ്ങിയ സംഭവം ലോകശ്രദ്ധ ആകർഷിച്ചിരുന്നു. ഇതോടെ അവരെ നിലയത്തിൽ നിന്ന് തിരികെ കൊണ്ടുവരാൻ നാസയ്ക്ക് പെടാപ്പാട് പെടേണ്ടിവന്നു. നാസയുടെ ഉദ്യോഗസ്ഥവൃന്ദത്തെയും ബോയിങ്ങിനെയും രൂക്ഷമായി വിമർശിക്കുന്നതാണ് 300-ൽ അധികം പേജുകളുള്ള റിപ്പോർട്ട്. എഞ്ചിനീയറിങ്ങിലെ പിഴവുകൾ, അപര്യാപ്തമായ മേൽനോട്ടം തുടങ്ങിയവ ഒരാഴ്ച നീണ്ടുനിൽക്കേണ്ട ദൗത്യത്തെ മാസങ്ങളോളം നീളുന്നതാക്കിയെന്നും വിൽമോറിനും വില്യംസിനും ശാരീരികവും മാനസികവുമായ കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ബോയിങ് എയർക്രാഫ്റ്റ് ബിസിനസിലും ബഹിരാകാശ വാഹനങ്ങളുടെ രംഗത്തും കടുത്ത മത്സരം നേരിടുന്ന സമയത്താണ് സംഭവം നടക്കുന്നത്. സ്റ്റാർലൈനറിന്റെ പരാജയപ്പെട്ട പരീക്ഷണപ്പറക്കലിന് മുമ്പുതന്നെ അക്കാലത്ത് പുതിയതായി രംഗത്തെത്തിയ സ്‌പേസ്എക്‌സിന്റെ ഡ്രാഗൺ ക്യാപ്സ്യൂൾ പലതവണ പല വിജയകരമായ ദൗത്യങ്ങൾ പൂർത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യങ്ങൾ നടത്താൻ ശേഷിയുള്ള രണ്ടാമത്തെ കമ്പനിയായി ബോയിങ്ങിനെ നിലനിർത്താനുള്ള നാസയുടെ ആഗ്രഹം തീരുമാനമെടുക്കലിനെ സ്വാധീനിക്കുകയും അപകടം വിളിച്ചുവരുത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

നാസയുടെ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ വിശദാംശങ്ങൾ പുറത്തുവരുന്നതിന് മുമ്പ് ബ്ലൂംബർഗ് ന്യൂസ് ആണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭാവിയിൽ സമാനമായ പിഴവുകൾ ആവർത്തിക്കുന്നത് തടയാൻ നാസയ്ക്കും ബോയിങ്ങിനും എന്തൊക്കെ ചെയ്യാനാകും എന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ 61 നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഏജൻസിയിലെ ജീവനക്കാരും പുറത്തുനിന്നുള്ള വിദഗ്ധരും ചേർന്നാണ് അന്വേഷണം നടത്തിയത്. 50 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ആദ്യമായി നാല് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനുചുറ്റും അയക്കുന്ന നാസയുടെ ആർട്ടെമിസ് II ദൗത്യത്തിന് തയ്യാറെടുക്കുന്നതിടെയാണ് അന്വേഷണ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുള്ളത്.

Content Highlights: NASA labels Boeing`s Starliner test flight a Type A mishap, comparing it to Challenger & Columbia. Astronauts endured a 9-month ordeal due to failures. Learn more.