നാസയുടെ ഏറ്റവും വലിയ ലൈബ്രറി അടച്ചുപൂട്ടുന്നു, ട്രംപിന്റെ നീക്കത്തിനെതിരെ പ്രതിഷേധം

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | Reuters
പ്രതീകാത്മകചിത്രം | Reuters

നാസയുടെ ഏറ്റവും വലിയ ലൈബ്രറിയും പ്രധാന ഗവേഷണ കേന്ദ്രവുമായ ഗോദാർഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്റർ എന്നെന്നേക്കുമായി അടച്ചുപൂട്ടുന്നു. വെള്ളിയാഴ്ച (ജനുവരി രണ്ട്) കേന്ദ്രം അടയ്ക്കും. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുനഃസംഘടനാ നടപടികളുടെ ഭാഗമായാണിത്. 1.270 ഏക്കർവരുന്ന കാമ്പസിലെ 13 കെട്ടിടങ്ങളും 100-ലധികം ശാസ്ത്ര-എഞ്ചിനീയറിംഗ് ലബോറട്ടറികളും 2026 മാർച്ചോടെ അടച്ചുപൂട്ടും.

ഹബിൾ സ്‌പേസ് ടെലിസ്‌കോപ്പ്, ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന ദൗത്യങ്ങളുടെ വികസനത്തിന് നിർണായക പിന്തുണ നൽകിയ കേന്ദ്രമാണ് നാസയുടെ ഗോദാർഡ് ഇൻഫർമേഷൻ ആൻഡ് കൊളാബറേഷൻ സെന്റർ. രണ്ട് മാസത്തിനുള്ളിൽ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളുടെ ശേഖരം അധികൃതർ വിലയിരുത്തും എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. അതിനുശേഷം ചിലത് സർക്കാർ വെയർഹൗസുകളിൽ സൂക്ഷിക്കുമെന്നും ബാക്കിയുള്ളവ ഉപേക്ഷിക്കുമെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ നീക്കത്തിനെതിരെ മേരിലാൻഡിലെ ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് വാൻ ഹോളൻ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ധിക്കാരം നിറഞ്ഞ അടച്ചുപൂട്ടലിനെതിരെ ശബ്ദമുയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് ഭരണകൂടം കഴിഞ്ഞ ഒരു വർഷമായി നാസ ഗോദാർഡിനെ ലക്ഷ്യവെക്കുകയും അവിടുത്തെ ജീവനക്കാരെ ദ്രോഹിക്കുകയും ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളെ ഭീഷണിപ്പെടുത്തുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും രാഷ്ട്രത്തെ സുരക്ഷിതമാക്കുകയും ചെയ്യുന്ന സാങ്കേതിക മുന്നേറ്റങ്ങൾക്കെതിരായ നീക്കമാണിത്. നീക്കം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച ലൈബ്രറി അടച്ചുകഴിഞ്ഞാൽ ഗവേഷണ ആവശ്യങ്ങൾക്കായി ഡിജിറ്റൽ ലൈബ്രറി സംവിധാനം ഉപയോഗിക്കാം. അല്ലെങ്കിൽ ഫെഡറൽ ഏജൻസി ലൈബ്രറികളിൽ നിന്ന് പുസ്തകങ്ങൾ എടുക്കാൻ ഇന്റർ-ലൈബ്രറി ലോൺ സൗകര്യം പ്രയോജനപ്പെടുത്താം. അമേരിക്കൻ റോക്കറ്റ് പയനിയർ റോബർട്ട് എച്ച്. ഗോദാർഡിന്റെ പേരിലുള്ളതാണ് ഈ കേന്ദ്രം. 1959-ലാണ് സ്ഥാപിക്കപ്പെട്ടത്.

Content Highlights: NASA`s historic Goddard library is closing permanently. Explore what this means for space research and discover alternative resources. Learn about the impact on major missions like Hubble & Webb.