പസഫിക്ക് സമുദ്രത്തിൽ ‘സ്‌പ്ലാഷ് ഡൗൺ’; ആർട്ടെമിസ്-2 സംഘം പുലർച്ചെ ഭൂമിയിൽ

ഹൂസ്റ്റൺ: നാസയുടെ ആർട്ടെമിസ്-2 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നു. പത്ത് ദിവസത്തെ ചാന്ദ്രദൗത്യത്തിന് ശേഷം ദൗത്യസംഘവുമായി ഒറിയോൺ പേടകം പുലർച്ചെ 5.37-ന് ഭൂമിയിൽ ഇറങ്ങും. പസഫിക് സമുദ്രത്തിലെ സാൻ ഡിയേഗോ തീരത്താണ് പേടകം പതിക്കുക. പേടകത്തിന്റെ അവസാനഘട്ട സഞ്ചാരപാത തിരുത്തൽ വിജയകരമായി പൂർത്തിയായി.
ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടക്കുമ്പോൾ പേടകത്തിന്റെ വേഗം മണിക്കൂറിൽ 38,365 കിലോമീറ്റർവരെയാകും. ഭൗമാന്തരീക്ഷവുമായുണ്ടാകുന്ന ഘർഷണത്തിൽ ഫലമായി ഒറിയോണിന്റെ പുറത്തെ താപനില 2760 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഈസമയം ഏതാനും മിനിറ്റ് പേടകവുമായുള്ള ആശയവിനിമയം തടസ്സപ്പെടും. മടക്കയാത്രയിലെ ഏറ്റവും അപകടംപിടിച്ച സമയമാണിത്. തുടർന്ന് പാരച്യൂട്ടുകൾ വിടർത്തുന്നതോടെ പേടകം പതുക്കെ സമുദ്രത്തിന്റെ ഉപരിതലത്തിൽ പതിക്കും. ഇതിനെയാണ് 'സ്‌പ്ലാഷ് ഡൗൺ' എന്ന് വിളിക്കുന്നത്.
ഭൂമിയിൽ നിന്നും ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് ആർട്ടെമിസ്-2 ദൗത്യ സംഘം മടങ്ങി എത്തുന്നത്. കടലിൽ നിന്ന് പേടകത്തെയും യാത്രികരെയും വീണ്ടെടുക്കാൻ അമേരിക്കൻ നാവിക സേനയുടെ പ്രത്യേക കപ്പൽ സജ്ജമാണ്. കപ്പലിൽ വെച്ചു തന്നെ സംഘാംഗങ്ങളുടെ പ്രാഥമിക വൈദ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലേക്ക് മാറ്റും.
അമേരിക്കക്കാരായ ക്രിസ്റ്റീന കോക്ക്, റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, കാനഡക്കാരൻ ജെറമി ഹാൻസൻ എന്നിവരാണു ദൗത്യ സംഘത്തിലുള്ളത്. ഏപ്രിൽ ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു ഇവരുടെ ചന്ദ്രയാത്ര തുടങ്ങിയത്.