ചാന്ദ്രദൗത്യത്തിലും തിളങ്ങി ആപ്പിൾ; ഐഫോണിൽ ചിത്രങ്ങളെടുത്ത് ആർട്ടെമിസ് 2 യാത്രികർ

#ടെക്നോളജി ഡെസ്ക്
Photo: NASA via AP
Photo: NASA via AP

ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് മടങ്ങുന്ന 'ഇന്റഗ്രിറ്റി' (ഓറിയോൺ) പേടകത്തിലെ ആർട്ടെമിസ് II ബഹിരാകാശ സഞ്ചാരികൾ പകർത്തിയ അതിശയിപ്പിക്കുന്നതും അതിമനോഹരവുമായ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നാസ പുറത്തുവിട്ടിരുന്നു. ഭൂമിയുടെയും ചന്ദ്രന്റെയും ബഹിരാകാശ ചിത്രങ്ങൾക്കൊപ്പം പേടകത്തിനുള്ളിൽനിന്നുള്ള ചിത്രങ്ങളും സഞ്ചാരികൾ ഭൂമിയിലേക്ക് അയക്കുകയുണ്ടായി. ചിത്രങ്ങൾ പകർത്താൻ ഹൈ റെസലൂഷൻ പ്രൊഫഷണൽ ഗ്രേഡ് ക്യാമറകൾക്കൊപ്പം ഐഫോണുകളും സഞ്ചാരികൾ ഉപയോഗിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. നാസ (NASA) ഫെബ്രുവരിയിലാണ് ആദ്യമായി ബഹിരാകാശ ദൗത്യങ്ങളിൽ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ ഔദ്യോഗികമായി അനുമതി നൽകിയത്.

Photo: NASA

'പേഴ്സണൽ കംപ്യൂട്ടിങ് ഡിവൈസുകൾ' (PCDs) എന്ന് നാസ വിളിക്കുന്ന ഈ ഫോണുകളിലൂടെ, യാത്രികർക്ക് അവരുടെ യാത്രാനിമിഷങ്ങൾ സ്വന്തം ഫോണിൽ പകർത്താനും ചിത്രങ്ങളും വീഡിയോകളും ലോകവുമായി പങ്കുവെക്കാനും സാധിക്കും.

ഈ ദൗത്യത്തിനായി, പ്രത്യേകം മാറ്റങ്ങളൊന്നും വരുത്താത്ത നമ്മളെല്ലാം ഉപയോഗിക്കുന്ന തരം ഐഫോൺ 17 പ്രോ മാക്സ് (iPhone 17 Pro Max) മോഡലുകൾ തന്നെയാണ് യാത്രികർ ഉപയോഗിക്കുന്നത്. ദൗത്യത്തിന്റെ തുടക്കത്തിൽതന്നെ കമാൻഡർ റീഡ് വൈസ്‌മാനും, മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ചും ഭൂമിയുടെ പശ്ചാത്തലത്തിൽ തങ്ങളുടെ സെൽഫികൾ ഐഫോണിൽ പകർത്തിയിരുന്നു.

Photo: NASA

കൂടാതെ, പേടകം ചന്ദ്രനോട് അടുത്തപ്പോൾ നടന്ന ലൈവ് ബ്രോഡ്കാസ്റ്റിനിടെ, ഐഫോണിന്റെ ടെലിഫോട്ടോ ക്യാമറയിലെ 8x സൂം ഉപയോഗിച്ച് വൈസ്‌മാൻ ചന്ദ്രോപരിതലത്തിന്റെ ചിത്രവും എടുത്തു.

ഫോട്ടോകൾ എടുക്കാൻ മാത്രമല്ല, മറ്റ് നിത്യോപയോഗ ആവശ്യങ്ങൾക്കും അവർ ഫോൺ ഉപയോഗിക്കുന്നുണ്ട്. കനേഡിയൻ സ്പേസ് ഏജൻസിയിലെ യാത്രികനായ ജെറമി ഹാൻസെൻ ഷേവ് ചെയ്യുന്നതിനായി തന്റെ വെള്ള ഐഫോൺ 17 പ്രോയുടെ സെൽഫി ക്യാമറ ഒരു കണ്ണാടിയായി ഉപയോഗിക്കുന്ന ചിത്രവും നാസ പുറത്തുവിട്ടിരുന്നു.

Photo: AP/PTI

ബഹിരാകാശത്തെ വികിരണം പോലുള്ള കടുത്ത സാഹചര്യങ്ങളെ അതിജീവിക്കാൻ പ്രത്യേകം ഒരുക്കിയ നിക്കോൺ D5 (Nikon D5), പരീക്ഷണാടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ നിക്കോൺ Z9 (Nikon Z9) എന്നീ ക്യാമറകളാണ് ദൗത്യത്തിലെ പ്രധാന ക്യാമറകളായി പ്രവർത്തിക്കുന്നത്.

ബഹിരാകാശ പേടകങ്ങളിൽ ആപ്പിൾ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഇതാദ്യമല്ല; മുൻപ് സ്പേസ് ഷട്ടിൽ കാലഘട്ടം മുതൽ ഐപോഡുകളും ഐപാഡുകളും എയർപോഡുകളും, മാക് പോർട്ടബിൾ (Mac Portable) വരെ ബഹിരാകാശത്ത് എത്തിയിട്ടുണ്ട്.

ഇത് കൂടാതെ, മൈക്രോസോഫ്റ്റ് സർഫേസ് പ്രോ ടാബ്‌ലറ്റും ആർട്ടെമിസ് 2 സഞ്ചാരികൾ ഉപയോഗിക്കുന്നുണ്ട്. വിക്ഷേപണത്തിന്റെ ആദ്യ മണിക്കൂറുകളിൽ മൈക്രോസോഫ്റ്റിന്റെ ഇമെയിൽ സേവനമായ ഔട്ട്ലുക്ക് പ്രവർത്തിക്കുന്നില്ലെന്ന പ്രശ്നം ഉണ്ടായിരുന്നു. ഇത് വേഗം പരിഹരിക്കുകയും ചെയ്തു. നേരത്തെ സൂചിപ്പിച്ചപോലെ പേഴ്സണൽ കംപ്യൂട്ടിങ് ‍ഡിവൈസ് ആയാണ് സർഫേസ് പ്രോയും ഉപയോഗിക്കുന്നത്.

Content Highlights: NASA's Artemis II astronauts are utilizing off-the-shelf iPhone 17 Pro Max devices for personal photography, selfies, and daily tasks like grooming while orbiting the moon alongside professional Nikon gear.