ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആ ഉപകരണം ഇപ്പോഴും ഹിമാലയത്തിലുണ്ടോ? ആശങ്കയ്ക്ക് കാരണമെന്താണ്?

ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആ ഉപകരണം ഇപ്പോഴും ഹിമാലയത്തില്‍ മഞ്ഞില്‍പ്പുതഞ്ഞ് കിടക്കുന്നുണ്ടാകുമോ? 60-ലധികം വര്‍ഷങ്ങള്‍ക്ക് ശേഷവും അത് ആണവ വികിരണ ഭീഷണി ഉയര്‍ത്തുന്നുണ്ടോ? ശീതയുദ്ധ കാലത്ത് നന്ദാദേവിക്ക് സമീപം ഉപേക്ഷിക്കപ്പെട്ടെന്ന് കരുതുന്ന ആ ഉപകരണം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതോടെയാണ് ചോദ്യങ്ങള്‍ ഉയരുന്നത്.
ഉപകരണം ഇപ്പോഴും ഹിമാലയത്തിലെ മഞ്ഞില്‍ അടക്കം ചെയ്യപ്പെട്ട നിലയില്‍ കിടക്കുന്നുണ്ടാകാം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയും ഇന്ത്യയുടെ ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് 1965-ല്‍ സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്ന് കരുതപ്പെടുന്ന ഉപകരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് വീണ്ടും ഉയരുന്നത്.
ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്: ചൈനയുടെ ആണവ പരിപാടിയെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലായിരുന്നു അത്തരമൊരു നിരീക്ഷണ ഉപകരണം സ്ഥാപിക്കാനുള്ള നീക്കം. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ നന്ദാദേവിയിലെ ഉയര്‍ന്ന സ്ഥാനത്ത് ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം സ്ഥാപിക്കാനുള്ള രഹസ്യ നീക്കമാണ് അന്ന് നടന്നത്.
പ്ലൂട്ടോണിയം നിറച്ച റേഡിയോ ഐസോടോപ് തെര്‍മോ ഇലക്ട്രിക് ജനറേറ്റര്‍ (RTG) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. ചൈനയുടെ ആണവ പരിപാടികളും അതിര്‍ത്തി കടന്നുള്ള ചൈനീസ് മിസൈലുകളും നിരീക്ഷിക്കുന്നതിനുള്ള സെന്‍സറുകള്‍ക്ക് ഊര്‍ജം പകരാനായിരുന്നു ഈ ജനറേറ്റര്‍. ഉപകരണം സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ശക്തമായ ഹിമപാതത്തില്‍ കുടുങ്ങിയ സംഘം ഉപകരണം പര്‍വതത്തില്‍ സൂക്ഷിച്ച് പിന്‍വാങ്ങി. അടുത്ത സീസണില്‍ പര്‍വതാരോഹകര്‍ തിരിച്ചെത്തിയപ്പോള്‍ RTG-യും അതിലെ പ്ലൂട്ടോണിയം കോറും കാണാതായി. ഒരുപക്ഷേ ഹിമപാതത്തില്‍പ്പെട്ടതോ ഹിമാനിക്കടിയില്‍ ആഴത്തില്‍ മറഞ്ഞതോ ആകാം അപ്രത്യക്ഷമായതിന് പിന്നിലെ കാരണം എന്നാണ് കരുതപ്പെടുന്നത്.
എന്താണ് RTG?
റേഡിയോ ആക്ടീവ് വസ്തുക്കളില്‍ നിന്നുള്ള താപം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു ഉപകരണമാണ് RTG അഥവാ റേഡിയോ ഐസോടോപ് തെര്‍മോ ഇലക്ട്രിക് ജനറേറ്റര്‍. റേഡിയോ ആക്ടീവ് വസ്തു സ്വാഭാവികമായി വിഘടിക്കുമ്പോള്‍ താപം പുറത്തുവിടുന്നു. RTG ചലിക്കുന്ന യാതൊരു ഭാഗങ്ങളുമില്ലാതെ ഈ താപത്തെ വൈദ്യുതിയാക്കി മാറ്റും. ബഹിരാകാശ ദൗത്യങ്ങളിലോ സൗരോര്‍ജം കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലോ ആണ് RTG ഉപയോഗിക്കാറുള്ളത്. ദശകങ്ങളോളം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അവയ്ക്ക് കഴിയും. RTG ഒരു അണുബോംബുപോലെ പൊട്ടിത്തെറിക്കില്ല. വസ്തുവിന് കേടുപാടുകള്‍ സംഭവിച്ചാലോ തുറക്കപ്പെട്ടാലോ മാത്രമാണ് സുരക്ഷാഭീഷണി ഉയരുന്നത്.
നഷ്ടപ്പെട്ട ഉപകരണം എവിടെ?
ഇന്ത്യന്‍, അമേരിക്കന്‍ തിരച്ചില്‍ സംഘങ്ങള്‍ പല ദൗത്യങ്ങളും നടത്തിയെങ്കിലും ജനറേറ്റര്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. അതിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഒരു ഇന്ത്യന്‍ ദൗത്യ സംഘം ഉപകരണം വീണ്ടെടുത്തിട്ടുണ്ടാകാം എന്ന് പലരും കരുതുന്നു. എന്നാല്‍ അത് ഇപ്പോഴും നന്ദാദേവിയില്‍ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നവരുമുണ്ട്. അതിനിടെ ഇന്ത്യന്‍ ആണവോര്‍ജ കമ്മീഷന്‍ നടത്തിയ 1978-ലെ സര്‍വേയില്‍ പ്രാദേശിക നദികളില്‍ പ്ലൂട്ടോണിയം മലിനീകരണം കണ്ടെത്തിയില്ല.
അപകട സാധ്യതയുണ്ടോ?
ഒരു കേടുപാടും സംഭവിക്കാതെ മഞ്ഞില്‍ ആഴത്തില്‍ അടക്കം ചെയ്തിരിക്കുന്ന RTG അപകടസാധ്യത ഉയര്‍ത്തുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കാലക്രമേണ അതിന്റെ പുറംചട്ടയ്ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ റേഡിയോ ആക്ടീവ് വസ്തുക്കള്‍ ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
Content Highlights: A lost Cold War nuclear device on Nanda Devi resurfaces as a threat. Could plutonium still be entombed in Himalayan ice?