പാകിസ്താന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയായി നമിറ സലീം; സഞ്ചരിച്ചത് വിര്‍ജിന്‍ ഗാലക്ടികില്

ബഹിരാകാശയാത്ര നടത്തുന്ന ആദ്യ പാകിസ്താനിയായി നമിറ സലീം. വിര്‍ജിന്‍ ഗാലക്ടികിന്റെ അഞ്ചാമത് യാത്രയിലാണ് സാഹസിക സഞ്ചാരിയായ നമിറ സലീമും ബഹിരാകാശ യാത്ര നടത്തിയത്. ഭൂമിയുടെ ഇരു ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുകയും എവറസ്റ്റ് പര്വത്തതിന് മുകളില്‍ പാരച്യൂട്ടില്‍ സഞ്ചരിക്കുകയും ചെയ്തിട്ടുള്ളയാളാണ് നമിറ.
രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് റിച്ചാര്‍ഡ് ബ്രാന്സണ് വിര്‍ജിന്‍ ഗാലക്ടിക് സ്ഥാപിച്ച സമയത്ത് ബഹിരാകാശ യാത്രയ്ക്ക് ആദ്യ ടിക്കറ്റെടുത്തയാളുകളില് ഒരാളാണ് നമിറ.
വെള്ളിയാഴ്ച നടത്തിയ യാത്രയില്‍ അമേരിക്കന്‍ സ്വദേശിയായ റോണന്‍ റൊസാനോയും ബ്രിട്ടിഷുകാരനായ ട്രെവര്‍ ബീറ്റിയും നമിറയ്ക്കൊപ്പം ഗാലക്ടിക് 4 എന്ന് വിളിക്കുന്ന യാത്രയില്‍ ബഹിരാകാശ യാത്ര നടത്തി. വിര്‍ജിന്‍ ഗാലക്ടിക് ജീവനക്കാരനായ ബെത്ത് മോസസും രണ്ട് പൈലറ്റുമാരും വാഹനത്തിലുണ്ടായിരുന്നു.
സാധാരണ റോക്കറ്റ് വിക്ഷേപണങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക വിമാനത്തില്‍ ആകാശത്തിലെത്തിക്കുന്ന ബഹിരാകാശ വാഹനം നിശ്ചിത ഉയരത്തില്‍ നിന്ന് രണ്ട് റോക്കറ്റ് എഞ്ചിനുകളുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് കുതിക്കുന്ന രീതിയാണ് വിര്‍ജിന്‍ ഗാലക്ടിക് ബഹിരാകാശ യാത്രയ്ക്കായി അവലംബിക്കുന്നത്.
നിശ്ചിത പരധിയിലെത്തുന്നതോടെ യാത്രികര്‍ക്ക് ഭാരമില്ലായ്മ അനുഭവിക്കാനാവും. ഇതോടെ ഇവര്‍ക്ക് ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് വാഹനത്തിന്റെ ജനാലകളിലൂടെ ഭൂമിയേയും ശൂന്യാകാശത്തേയും നോക്കിക്കാണാനാവും. ശേഷം പതിയെ ഭൂമിയലേക്ക് തിരികെയിറങ്ങുന്ന പേടകം വിക്ഷേപണത്തിന് ഏകദേശം ഒരുമണിക്കൂര്‍ സമയംകൊണ്ട് ന്യൂ മെക്സിക്കോയിലെ സ്പേസ് പോര്‍ട്ടില്‍ വന്നിറങ്ങും.
വിര്‍ജിന്‍ ഗാലക്ടികിനെ പോലെ തന്നെ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ എന്ന കമ്പനിയും സബ് ഓര്‍ബിറ്റല്‍ സ്പേസ് ടൂറിസം രംഗത്ത് സജീവമാണ്. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് റോക്കറ്റില്‍ ഇതിനകം 31 പേരെ ബ്ലൂ ഒറിജിന്‍ സബ് ഓര്‍ബിറ്റില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ 2022 ല്‍ നടത്തിയ ഒരു ആളില്ലാ വിക്ഷേപണത്തിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ബ്ലൂ ഒറിജിന്റെ റോക്കറ്റുകളുടെ ഉപയോഗം നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നുണ്ട്.
Content Highlights: Namira Salim becomes first Pakistani to travel to space aboard Virgin Galactic