യന്ത്രത്തിനുമുന്നില്‍ വരിനില്‍ക്കേണ്ട, ജീവനക്കാര്‍ക്ക് മൊബൈലില്‍ പഞ്ചിങ് നടത്താം

#പ്രദീപ് നാരായണന്‍
പ്രതീകാത്മക ചിത്രം| ഫോട്ടോ: Mathrubhumi
പ്രതീകാത്മക ചിത്രം| ഫോട്ടോ: Mathrubhumi

കാസര്‍കോട്: ഹാജര്‍ രേഖപ്പെടുത്താന്‍ ജീവനക്കാര്‍ ഇനി പഞ്ചിങ് യന്ത്രത്തിനുമുന്നില്‍ വരിനില്‍ക്കേണ്ട. സ്വന്തം മൊബൈല്‍ ഉപയോഗിച്ച് പഞ്ചിങ് നടത്താം. പ്ലേ സ്റ്റോറില്‍ ലഭ്യമായ ആധാര്‍ ഫേസ് ആര്‍.ഡി. ആപ്ലിക്കേഷനും ഒപ്പം ആധാര്‍ എനേബിള്‍ഡ് ബയോമെട്രിക് അറ്റന്‍ഡന്‍സ് സിസ്റ്റം (എ.ഇ.ബി.എ.എസ്.) ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്താണ് ഹാജരിടേണ്ടത്. മറ്റാരും കൈകാര്യം ചെയ്യാതിരിക്കാന്‍ ആപ്പില്‍ കയറി മുഖം വ്യക്തമാകുംവിധം സെല്‍ഫിയെടുത്ത് അപ്ലോഡ് ചെയ്യണം. ഓഫീസും അതിന്റെ നിശ്ചിതപരിധിയിലുംനിന്ന് മാത്രമേ ഹാജരിടാനാകൂ.

സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തി ബയോമെട്രിക് പഞ്ചിങ് സംവിധാനം നേരത്തേ ഏര്‍പ്പെടുത്തിയിരുന്നു. യന്ത്രത്തകരാര്‍പോലുള്ള പ്രശ്‌നങ്ങളും വരിനില്‍ക്കേണ്ടി വരുന്നതും ജീവനക്കാര്‍ക്ക് പ്രയാസമായിരുന്നു. ഇതിന് പരിഹാരമായാണ് സ്പാര്‍ക്കുമായി ബന്ധപ്പെടുത്തിയുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വന്നത്. ഭൂരിഭാഗം ഓഫീസുകളും ഈ സംവിധാനത്തിലേക്ക് മാറി. സംസ്ഥാന ഐ.ടി. സെല്ലാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വകുപ്പ് തലവന്‍മാര്‍ നോഡല്‍ ഓഫീസര്‍മാരാണ്. പുതിയ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഒന്‍പത് മുതലുള്ള ഫോണുകളിലേ പ്രവര്‍ത്തിക്കൂ. മറ്റ് സ്മാര്‍ട്ട്‌ഫോണുകളിലും ചൈനീസ് നിര്‍മിത ഫോണുകളിലും കഴിയില്ലെന്നതും ന്യൂനതയാണ്.

സുരക്ഷാ കാരണങ്ങളാലാണ് ഇങ്ങനെ പരിമിതപ്പെടുത്തിയിട്ടുള്ളതെന്നും ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ (എന്‍.ഐ.സി.) നടത്തുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Kerala Govt. employees can now mark attendance using their mobile phones