വിന്‍ഡോസ് 11 ഒക്ടോബറില്‍ പുറത്തിറക്കും. പക്ഷെ, ഒരു സുപ്രധാന ഫീച്ചര്‍ ഉണ്ടാവില്ല

വിന്‍ഡോസ് കംപ്യൂട്ടറുകളിലേക്കുള്ള ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഒക്ടോബര്‍ അഞ്ചിന് പുറത്തിറക്കാന്‍ പദ്ധതിയിട്ട് മൈക്രോസോഫ്റ്റ്. ഒരു ബ്ലോഗ് പോസ്റ്റിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വിന്‍ഡോസ് 11 ഓഎസില്‍ പ്രഖ്യാപിക്കപ്പെട്ട ആന്‍ഡ്രോയിഡ് ആപ്പ് പിന്തുണ നല്കുന്ന ഫീച്ചര്‍ ആദ്യ ഘട്ടത്തില്‍ ഓഎസില്‍ ലഭിക്കില്ല. അതിനായി ഇനിയും കാത്തിരിക്കണം.
ആമസോണും ഇന്റലുമായി ചേര്‍ന്ന് ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസ് 11 ല്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വരും മാസങ്ങളില്‍ ഈ ഫീച്ചറിന്റെ പ്രിവ്യൂ ആരംഭിക്കുമെന്നും മൈക്രോസോഫിലെ വിന്‍ഡോസ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ആരോണ്‍ വുഡ്മാന് പറഞ്ഞു. മൈക്രോസോഫ്റ്റ് പറയുന്നത്. ഏത് മാസമായിരിക്കും അതെന്ന് വ്യക്തമാക്കിയില്ല.
ഏറെ പുതുമകളോടെയാണ് ഇത്തവണ മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 ഓഎസ് അവതരിപ്പിച്ചത്. അതിലെ ഏറ്റവും സുപ്രധാനായ ഫീച്ചറുകളിലൊന്നാണ് ആന്‍ഡ്രോയിഡ് ആപ്പുകളുടെ പിന്തുണ. ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിലെ ആപ്പുകള്‍ വിന്‍ഡോസ് കംപ്യൂട്ടറുകളിലും ലഭ്യമാക്കുകയാണ് ഇതിലൂട. ആമസോണിന്റേയും ഇന്റലിന്റേയും പിന്തുണയോടെയാണ് ഇത് സാധ്യമാക്കുന്നത്.
എന്തായാലും പുതിയ വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോക്താക്കള്‍ക്ക് ആദ്യമായി ലഭിക്കുമ്പോള്‍ അതില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ ലഭിക്കില്ല. ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞതിന് ശേഷം മാത്രമേ ഈ ഫീച്ചര്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുകയുള്ളൂ. ഈ പ്രക്രിയയെല്ലാം പൂര്‍ത്തിയാവണമെങ്കില്‍ 2022 വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.
Content Highlights: