ഹൊറൈസണ്‍ വേള്‍ഡിന് പരിഹാസം; മറുപടിയുമായി സക്കര്‍ബര്‍ഗിന്റെ പുതിയ പോസ്റ്റ്

Photo: facebook | zuckerberg
Photo: facebook | zuckerberg

മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ വിര്‍ച്വല്‍ റിയാലിറ്റി ഗെയിമായ 'ഹൊറൈസണ്‍ വേള്‍ഡ്‌സ്' ഫ്രാന്‍സിലും സ്‌പെയിനിലും അവതരിപ്പിച്ചുകൊണ്ട് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞയാഴ്ച ഒരു സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരുന്നു. ഈഫല്‍ ടവറിനടുത്ത് നില്‍ക്കുന്ന സക്കര്‍ബര്‍ഗിന്റെ ഒരു അവതാറിന്റെ ചിത്രമാണ് ഇതിലുണ്ടായിരുന്നത്. 

എന്നാല്‍, ഈ പോസ്റ്റ് വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടു. ആ പരിഹാസങ്ങള്‍ക്കെല്ലാമുള്ള പ്രധാന കാരണം ഹൊറൈസണ്‍ വേള്‍ഡ്‌സിലെ ഗ്രാഫിക്‌സ് ആയിരുന്നു. പ്ലേ സ്റ്റേഷന്‍ വണില്‍ ടെലി ടബ്ബീസ് ഗെയിമിനോട് താരതമ്യപ്പെടുത്തി വരെ ഹൊറൈസണ്‍ വേള്‍ഡ്‌സിനെ ആളുകള്‍ കളിയാക്കി. 

ഈ പരിഹാസങ്ങളെല്ലാം കണ്ടതു കൊണ്ടാവണം, ഹൊറൈസണ്‍ വേള്‍ഡ്‌സിലെ ഗ്രാഫിക്‌സ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് മെറ്റയെന്ന് സക്കര്‍ബര്‍ഗ് വെള്ളിയാഴ്ച ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും പങ്കുവെച്ച പുതിയ പോസ്റ്റില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ട ഗ്രാഫിക്‌സ് ചിത്രങ്ങളാണ് സക്കര്‍ബര്‍ഗ് ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. കുറച്ചുകൂടി യഥാര്‍ത്ഥമെന്ന് തോന്നും വിധമുള്ള ചിത്രങ്ങള്‍. 

'ഹൊറൈസണിലും അവതാറിലും സുപ്രധാന അപ്‌ഡേറ്റുകള്‍ ഉടന്‍ വരുന്നു.' എന്ന കുറിപ്പോടെയാണ് സക്കര്‍ബര്‍ഗ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. കണക്റ്റ് കോണ്‍ഫറന്‍സില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വാക്കുനല്‍കി. 

അതേസമയം, ഫ്രാന്‍സിലെയും സ്‌പെയിനിലേയും ലോഞ്ചുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിന്റെ പിരമിതികള്‍ അദ്ദേഹം തുറന്നു സമ്മതിച്ചു. 'നേരത്തെ ഞാന്‍ പങ്കുവെച്ച ചിത്രം വളരെ ലളിതമായ ഒന്നാണെന്ന് എനിക്കറിയാം. ലോഞ്ച് ആഘോഷമാക്കാന്‍ പെട്ടെന്ന് എടുത്ത ചിത്രമാണത്. ഹൊറൈസണിലെ ഗ്രാഫിക്‌സിന് കൂടുതല്‍ പ്രാപ്തിയുണ്ട്-ഹെഡ്‌സെറ്റുകളില്‍ പോലും. ഹൊറൈസണ്‍ അതിവേഗം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്.'അദ്ദേഹം തന്റെ പോസ്റ്റില്‍ പറഞ്ഞു. 

നിലവില്‍ ലഭ്യമായ വിആര്‍ പ്ലാറ്റ്‌ഫോമുകളിലെ ഗ്രാഫിക്‌സുകള്‍ ഒക്കെ തന്നെ ഏറ്റവും അടിസ്ഥാന തലത്തില്‍ നില്‍ക്കുന്നവയാണ്. സാധാരണ 3ഡി ഗ്രാഫിക്‌സുകള്‍ യഥാര്‍ത്ഥത്തെ വെല്ലും വിധം വികസിച്ചിട്ടുണ്ടെങ്കിലും അത്തരം ഗ്രാഫിക്‌സുകള്‍ വിആര്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് സന്നിവേശിപ്പിക്കുന്ന പ്രക്രിയ പ്രാരംഭഘട്ടത്തിലാണ് എന്നതാണ് ഇതിനുള്ള പ്രധാന കാരണം. 

ഉപഭോക്താക്കളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കണം എങ്കില്‍ ഗ്രാഫിക്‌സ് ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട് എന്ന ബോധ്യം മെറ്റ ഉള്‍പ്പടെയുള്ള വിആര്‍ മേഖലയിലെ കമ്പനികള്‍ക്കുണ്ട്. കഴിഞ്ഞ മാസം റോബ്ലേക്‌സ് പഴയ റസലൂഷന്‍ കുറഞ്ഞ ഗ്രാഫിക്‌സ് അപ്‌ഡേറ്റ് ചെയ്തിരുന്നു.

Content Highlights: meta updates horison worlds graphics