എഐയിൽ മെറ്റയുടെ വമ്പൻ നീക്കം; ആദ്യ ഇമേജ് ജനറേഷൻ മോഡൽ 'മ്യൂസ് ഇമേജ്' പുറത്തിറക്കി

മാർക്ക് സക്കർബർഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ ആദ്യ ഇമേജ്-ജനറേഷൻ മോഡലായ 'മ്യൂസ് ഇമേജ്' (Muse Image) പുറത്തിറക്കി. മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്‌സാണ് (Meta Super intelligence Labs) ഈ പുതിയ മോഡൽ വികസിപ്പിച്ചത്. മെറ്റാ എഐ ചാറ്റ്‌ബോട്ടിൽ സംയോജിപ്പിച്ചാണ് ഇത് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. സങ്കീർണ്ണമായ പ്രോംറ്റുകൾ മനസ്സിലാക്കാനും ചിത്രങ്ങൾ ഇൻപുട്ടായി സ്വീകരിക്കാനും ഈ സംവിധാനത്തിന് സാധിക്കും.
കൂടാതെ, എഐ നിർമ്മിക്കുന്ന ചിത്രങ്ങൾ നേരിട്ട് എഡിറ്റ് ചെയ്യാനും കഴിയും. ഇമേജ് ജനറേഷൻ, ഇമേജ് എഡിറ്റിങ്, ചിത്രത്തിലുള്ള ഉത്പന്നങ്ങൾ തിരയുക, പഴയ ചിത്രങ്ങളുടെ വ്യക്തത വർധിപ്പിക്കുന്ന ഇമേജ് എൻഹാൻസ് ചെയ്യൽ ഉൾപ്പടെ വിവിധങ്ങളായ ആവശ്യകതകൽ നിറവേറ്റാൻ ഇതിന് സാധിക്കും. ജെമിനി, ചാറ്റ് ജിപിടി, ഗ്രോക്ക് ഉൾപ്പടെ എതിരാളികളായ മറ്റ് പ്ലാറ്റ്ഫോമുകളോട് മത്സരിക്കാനാവും വിധം ചിത്രങ്ങൾ നിർമിക്കാനുള്ള കഴിവ് ഇതിനുണ്ട്.
തുടക്കത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചില രാജ്യങ്ങളിൽ മാത്രമാണ് സേവനം ലഭ്യമാകുക. ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ 30-ലധികം പുതിയ നിർമിത ബുദ്ധി ഇഫക്റ്റുകൾ നൽകാനും വാട്സാപ്പിലെ മെറ്റാ എഐ ചാറ്റിൽ നേരിട്ട് ചിത്രങ്ങൾ നിർമിക്കാനും മ്യൂസ് ഇമേജ് സഹായിക്കും. വരുംകാലങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്കും ഒപ്പം ഫേസ്‌ബുക്ക്, മെസഞ്ചർ എന്നീ പ്ലാറ്റ്‌ഫോമുകളിലേക്കും ഇത് വ്യാപിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.
മ്യൂസ് ഇമേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ തികച്ചും സൗജന്യമാണ്. എന്നാൽ, കൂടുതൽ നൂതനമായ ഫീച്ചറുകൾ മെറ്റയുടെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിലൂടെ മാത്രമേ ലഭ്യമാകൂ. ഇമേജ് മോഡലിനു പുറമെ, വീഡിയോകൾ നിർമിക്കാൻ സഹായിക്കുന്ന തങ്ങളുടെ പുതിയ മോഡലായ 'മ്യൂസ് വീഡിയോ'യുടെ ആദ്യകാല പ്രിവ്യൂവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
നിർമിത ബുദ്ധി രംഗത്ത് എതിരാളികളുമായി മത്സരിക്കുന്നതിനായി കഴിഞ്ഞ വർഷമാണ് മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്‌സ് രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിൽ അവരുടെ ആദ്യത്തെ ടെക്സ്റ്റ്-ആൻഡ്-റീസണിംഗ് നിർമിത ബുദ്ധി മോഡലായ 'മ്യൂസ് സ്പാർക്ക്' (Muse Spark) പുറത്തിറക്കിയിരുന്നു. സോഫ്റ്റ്‌വെയർ കോഡിംഗ്, കണ്ടന്റ് ജനറേഷൻ, ഉപഭോക്തൃ സേവനം തുടങ്ങിയ സ്വയം പ്രവർത്തിക്കുന്ന കാര്യങ്ങളിൽ അത്യാധുനിക നിർമിത ബുദ്ധി മോഡലുകൾ വലിയ സ്വാധീനമാണ് ചെലുത്തുന്നത്.
Content Highlights: Meta has introduced its first image-generation model, 'Muse Image,' developed by Meta Superintelligence Labs, enabling users to create and edit AI images directly within WhatsApp and Instagram.