വീണ്ടും മെറ്റയുടെ കോപ്പിയടി, ഇൻസ്റ്റഗ്രാമിന്റെ പുതിയ 'ഇൻസ്റ്റന്റ്സ് ആപ്പ്' പുറത്തിറക്കി

#ടെക്നോളജി ഡെസ്ക്
Instants App | Photo: Google Playstore
Instants App | Photo: Google Playstore

കോപ്പിയടിക്കുക എന്നത് മെറ്റ കാലങ്ങളായി പിന്തുടരുന്ന ശീലമാണ്. എതിരാളികളായ പ്ലാറ്റ്‌ഫോമുകളെ ഒന്നുകിൽ അടിമുടി ഏറ്റെടുക്കുകയോ അതിന് സാധിക്കാത്ത പ്ലാറ്റ്‌ഫോമുകളുടെ പ്രധാന ഫീച്ചറുകൾ പകർത്തുകയോ ചെയ്യാറുണ്ട് മെറ്റ. ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലുമെല്ലാം ഇങ്ങനെ പകർത്തിയ ഫീച്ചറുകൾ നിരവധിയുണ്ട്. ഇപ്പോഴിതാ സ്നാപ്ചാറ്റ് (Snapchat), ബിറീൽ (BeReal) തുടങ്ങിയ എതിരാളികളിൽനിന്ന് ആശയങ്ങൾ കടമെടുത്ത് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന പേരിൽ പുതിയ ഫോട്ടോ ഷെയറിങ് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.

ഈ എഡിറ്റ് ചെയ്യാത്ത യഥാർത്ഥ ചിത്രങ്ങൾ നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായോ നിങ്ങളുടെ ഫോളോവർമാരുമായോ താത്കാലികമായി പങ്കുവെക്കാൻ ഈ ഫീച്ചർ ഉപയോഗിച്ച് സാധിക്കും. ഇൻസ്റ്റഗ്രാം ആപ്പിലെ ഇൻബോക്സിലെ ഫീച്ചറായും തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രത്യേക ആപ്പായും ബുധനാഴ്ച മുതൽ ഇൻസ്റ്റന്റ്സ് ആഗോളതലത്തിൽ ലഭ്യമാണ്.

ഇൻസ്റ്റഗ്രാം ആപ്പിൽനിന്ന് ഇൻസ്റ്റന്റ്സ് ആക്സസ് ചെയ്യാൻ ഡി.എം. (DM) ഇൻബോക്സിൽ പോയി താഴെ വലതുഭാഗത്ത് മൂലയിലുള്ള ഐക്കണിലോ ഫോട്ടോകളുടെ കൂട്ടത്തിലോ നോക്കുക. ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ സുഹൃത്തുക്കൾക്ക് ഇമോജി വഴി പ്രതികരിക്കാനും ഡി.എമ്മിലേക്ക് മറുപടി അയക്കാനും കഴിയും; എന്നാൽ ഒരിക്കൽ കണ്ടുകഴിഞ്ഞാൽ ആ ഫോട്ടോ അവർക്ക് പിന്നീട് കാണാനാവില്ല. അത് അപ്രത്യക്ഷമാകും. ഇൻസ്റ്റന്റ്സുകൾ 24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകും. കൂടാതെ, ഇവ സ്ക്രീൻഷോട്ടുകളിലൂടെയോ സ്ക്രീൻ റെക്കോർഡിങ്ങുകളിലൂടെയോ പകർത്താനും കഴിയില്ല.

എങ്കിലും ഇങ്ങനെ പങ്കുവെക്കുന്ന ഇൻസ്റ്റന്റ്സുകൾ ആർക്കൈവ് ആയി  കാണാം. അവ വീണ്ടും റീക്കാപ്പ് (recap) ആയി വേണമെങ്കിൽ വീണ്ടും ഇൻസ്റ്റഗ്രാം സ്റ്റോറീസ് ആയി പങ്കുവെക്കാം. ഇൻസ്റ്റന്റ് അയക്കുന്നത് ഉടനെ തന്നെ പിൻവലിക്കാനും ആർക്കൈവിൽനിന്ന് ഡെലീറ്റ് ചെയ്യാനുമെല്ലാമുള്ള സൗകര്യം ലഭ്യമാണ്.

ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളവർക്ക് എളുപ്പം ഈ ആപ്പിൽ പ്രവേശിക്കാം. ക്യാമറ ആക്സസ് ആവശ്യമാണ്. ഇൻസ്റ്റഗ്രാമിന്റെ ത്രെഡ്സ് ആപ്പ് പോലെ, ഇൻസ്റ്റന്റ്സിന്റെ പ്രത്യേക ആപ്പിൽ പങ്കുവെക്കുന്ന ഉള്ളടക്കങ്ങൾ ഇൻസ്റ്റഗ്രാം ആപ്പിലൂടെയും തിരിച്ചും സുഹൃത്തുക്കൾക്ക് കാണാൻ സാധിക്കും.

ഏപ്രിലിൽ തന്നെ സ്പെയിനിലും ഇറ്റലിയിലും ഇൻസ്റ്റന്റ്സ് മൊബൈൽ ആപ്പ് പ്രചരിച്ച് തുടങ്ങിയിരുന്നു. ഇന്ത്യയിൽ ആപ്പ് ലഭ്യമായിട്ടില്ല. ഇൻസ്റ്റഗ്രാം ആപ്പിലെ ഫീച്ചറായും ഇത് ഇന്ത്യയിൽ എത്തിയിട്ടില്ല.

Content Highlights: Meta has launched 'Instants,' a new feature for Instagram (and a standalone app in select regions) that allows users to share unedited, disappearing photos with friends, directly challenging platforms like Snapchat and BeReal.