ജോണ്‍ സിന ഉള്‍പ്പടെ ഹോളിവുഡ് താരങ്ങളുടെ ശബ്ദത്തില്‍ സംസാരിക്കാന്‍ മെറ്റ എഐ

മെറ്റ എഐയില്‍ പുതിയ ഓഡിയോ ഫീച്ചര്‍ വരുന്നു. വിവിധല ഹോളിവുഡ് താരങ്ങളുടെ ശബ്ദമായിരിക്കും ഇതിന്. ഇതിനായി ജൂഡി ഡെഞ്ച്, ക്രിസ്റ്റെന്‍ ബെല്‍, ജോണ്‍ സിന, ഓക്വാഫിന, കീഗന്‍ മൈക്കല്‍ കീ തുടങ്ങിയവരുമായി കമ്പനി ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങളില്‍ ആരുടേയെങ്കിലും ശബ്ദം ഓപ്പണ്‍ എഐയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാം. ചാറ്റ് ജിപിടിയുടെ വോയ്‌സ് മോഡിന് സമാനമായിരിക്കും ഈ ഫീച്ചര്‍.
ബുധനാഴ്ച ആരംഭിക്കുന്ന മെറ്റയുടെ കണക്ട് കോണ്‍ഫറന്‍സില്‍ പുതിയ ഓഡിയോ ഫീച്ചറുകള്‍ അവതരിപ്പിക്കും. പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകളും ഭാവിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഹാര്‍ഡ് വെയര്‍ ഉപകരണങ്ങള്‍ സംബന്ധിച്ച പദ്ധതികളും കമ്പനി കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കും.
താരങ്ങളുടെ ശബ്ദം എഐയ്ക്ക് നല്‍കുന്നത് അതിന്റെ ഉപയോഗം വര്‍ധിപ്പിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമായിരിക്കും ഓഡിയോ ഫീച്ചര്‍. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവ ഉള്‍പ്പെടുന്ന മെറ്റയുടെ ആപ്പുകളില്‍ ഉടനീളം യുഎസിലും മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന വിപണികളിലും സെലിബ്രിറ്റി വോയ്സുകള്‍ ഈ ആഴ്ച എത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിലവില്‍ ടെക്സ്റ്റ് അധിഷ്ടിതമായ ആശയവിനിമയങ്ങളും ടെക്സ്റ്റ് ടു ഇമേജ് സംവിധാനവുമാണ് മെറ്റ എഐയിലുള്ളത്.
Content Highlights: Meta AI is adding celebrity voices, including Judy Dench, John Cena, and more