ചൊവ്വയില്‍ ഇനി വര്‍ക്കലയും ബേക്കലും തുമ്പയും വലിയമലയും; ഗര്‍ത്തങ്ങള്‍ക്ക് കേരളത്തിലെ സ്ഥലനാമങ്ങള്‍

#സ്വന്തം ലേഖകന്‍
1. കേരളത്തിലെ പേരുകളുള്ള ചൊവ്വയിലെ ഗര്‍ത്തങ്ങൾ. 2. ഡോ. വി.ജെ. രാജേഷ്, ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരി
1. കേരളത്തിലെ പേരുകളുള്ള ചൊവ്വയിലെ ഗര്‍ത്തങ്ങൾ. 2. ഡോ. വി.ജെ. രാജേഷ്, ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരി

കാസര്‍കോട്: ഭൂമിയില്‍ മാത്രമല്ല, ഇനി ചൊവ്വയിലും കേരളമുണ്ടാകും. ചൊവ്വയിലെ ശാസ്ത്ര പ്രാധാന്യമുള്ള ചെറിയ ചില ഗര്‍ത്തങ്ങള്‍ ഇനി വര്‍ക്കല, ബേക്കല്‍, തുമ്പ, വലിയമല എന്നിങ്ങനെയാകും അറിയപ്പെടുക. 50 കിലോമീറ്ററിലധികം വലുപ്പമുള്ള 350കോടി വര്‍ഷം പഴക്കമുള്ള ഗര്‍ത്തത്തിന് 'കൃഷ്ണന്‍' ഗര്‍ത്തമെന്നും അതിനോട് ചേര്‍ന്നുള്ള വറ്റിയ നീര്‍ച്ചാലിന് പെരിയാര്‍ എന്നുമാണ് പേര്.

മലയാളി ഗവേഷകരായ ഡോ. വി.ജെ. രാജേഷിന്റെയും ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരിയുടെയും നിര്‍ദേശപ്രകാരമാണ് അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര യൂണിയന്‍ (ഐഎയു) ഈ പേരുകള്‍ അംഗീകരിച്ചത്.

കാസര്‍കോട് ഗവ. കോളേജ് ജിയോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശേരി, തിരുവനന്തപുരം വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (ഐഐഎസ്ടി) ഡോ. വി.ജെ. രാജേഷിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായാണ് പേരുകള്‍ നിര്‍ദേശിച്ചത്.

വലിയ ഗര്‍ത്തങ്ങള്‍ക്ക് ജ്യോതിശ്ശാസ്ത്രരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞരുടെ പേരുകള്‍ നല്‍കണമെന്നതാണ് മാനദണ്ഡം. തുടര്‍ന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രഥമ ഡയറക്ടറായിരുന്ന എം.എസ്. കൃഷ്ണന്റെ സ്മരണാര്‍ഥം 'കൃഷ്ണന്‍ ഗര്‍ത്തം' എന്ന പേര് നല്‍കിയത്. ഇതിന് സമീപത്തെ സമതലത്തിന് കൃഷ്ണന്‍ പാലസ് എന്നാണ് പേര്.

ബേക്കല്‍ കോട്ടയുടെ പൈതൃകം മുന്‍നിര്‍ത്തി ബേക്കല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ വലിയമല, വിക്രം സാരാഭായ് സ്പെയ്സ് സെന്റര്‍ സ്ഥിതി ചെയ്യുന്ന തുമ്പ, ഭൗമസ്മാരകമായ വര്‍ക്കല ക്ലിഫ് സ്ഥിതി ചെയ്യുന്ന വര്‍ക്കല എന്നിങ്ങനെയും പേരുകള്‍ നല്‍കി.

ആദ്യമായാണ് ചൊവ്വയിലെ ഉപരിതല ഭൂരൂപങ്ങള്‍ക്ക് കേരളത്തിലെ പേരുകള്‍ അംഗീകരിക്കുന്നത്.

Content Highlights: Kerala`s heritage now on Mars! Iconic locations like Varkala, Bekal, and Periyar are named on the Red Planet by the IAU, thanks to Malayali scientists.