സ്മാർട്ഫോണുകളെ പോലെ എഐ ഏജന്റുകൾ ഉപയോഗിക്കുന്ന കാലം? വമ്പൻ പ്രവചനവുമായി സക്കർബർഗ്

സിലിക്കൺ വാലിയിലെ പ്രമുഖരെല്ലാം എഐയ്ക്ക് പിന്നാലെയാണ്. പ്രത്യേകിച്ചും എഐ ഏജന്റുകൾക്ക് പിന്നാലെ. എന്തായിരിക്കാം എഐയുടെ ഭാവി? എങ്ങനെ ആയിരിക്കാം അത് സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമാവുക. ഇതേക്കുറിച്ച് തന്റെ വീക്ഷണം പങ്കുവെക്കുകയാണ് മെറ്റ മേധാവി മാർക്ക് സക്കർബർഗ്. നൂറു കോടിയോളം പേർക്ക് 24 മണിക്കൂറും അവർക്കുവേണ്ടി പണിയെടുക്കുന്ന എഐ ഏജന്റുകൾ ഭാവിയിൽ സ്വന്തമായുണ്ടാവുമെന്ന് സക്കർബർഗ് പറയുന്നു.
എന്താണ് പേഴ്സണൽ എഐ ഏജന്റുകൾ?
പേഴ്സണൽ എഐ ഏജന്റുകൾ എന്നത് വെറുമൊരു ചാറ്റ്‌ബോട്ടിനേക്കാൾ വേഗതയും പ്രവർത്തനശേഷിയുമുള്ള സാങ്കേതികവിദ്യയാണ്. ഉപയോക്താവിന്റെ ലക്ഷ്യങ്ങൾ വ്യക്തമായി മനസ്സിലാക്കി, അവർക്കായി 24/7 പ്രവർത്തിക്കുന്ന സംവിധാനങ്ങളാണിവ. വരുംവർഷങ്ങളിൽ മെറ്റയുടെ പുതിയ ഉത്പന്നങ്ങളുടെയും വരുമാനത്തിന്റെയും പ്രധാന അടിത്തറയായി ഈ ഏജന്റുകൾ മാറുമെന്നാണ് സക്കർബർഗ് വ്യക്തമാക്കുന്നത്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കോടിക്കണക്കിന് ആളുകൾക്ക് സ്വന്തമായി ഒരു എഐ അസിസ്റ്റന്റ് ഉണ്ടാകുമെന്നാണ് സക്കർബർഗ് പറയുന്നത്. നമ്മുടെ ആവശ്യങ്ങൾ മനസ്സിലാക്കി ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്ന ഈ എഐ 24 മണിക്കൂറും നമുക്കൊപ്പം പ്രവർത്തിക്കുമെന്നും സക്കർബർഗ് പറയുന്നു. വരാനിരിക്കുന്ന തങ്ങളുടെ ഉത്പന്നങ്ങൾക്കും വരുമാനത്തിനും അടിസ്ഥാനം ഈ പേഴ്സണൽ ഏജന്റുകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എഐ മേഖലയിലെ നിക്ഷേപങ്ങളിൽ കനത്ത സാമ്പത്തിക ഞെരുക്കത്തിലാണ് മെറ്റ. കോടിക്കണക്കിന് ഡോളർ ഇക്കാലയളവിൽ എഐ രംഗത്ത് നിക്ഷേപിച്ചിട്ടുണ്ടെങ്കിലും വിപണിയിൽ മുന്നിൽ നിൽക്കുന്ന എഐ ഉത്പന്നങ്ങളൊന്നും മെറ്റ അവതരിപ്പിച്ചിട്ടില്ല.
മെറ്റയുടെ രണ്ടാം പാദത്തിലെ 'ഫ്രീ കാഷ് ഫ്ലോ' 91 ശതമാനം ഇടിഞ്ഞ് 78.4 കോടി ഡോളറായി കുറഞ്ഞു. കഴിഞ്ഞവർഷം ഇതേസമയത്ത് ഇത് 855 കോടി ഡോളറായിരുന്നു. ശമ്പളം, വാടക തുടങ്ങിയ ദൈനംദിന ചെലവുകളും പുതിയ കെട്ടിടങ്ങളോ യന്ത്രങ്ങളോ വാങ്ങുന്നതിനുള്ള നിക്ഷേപങ്ങളും കഴിഞ്ഞശേഷം ഒരു കമ്പനിയുടെ കൈയിൽ ബാക്കി വരുന്ന യഥാർഥ പണമാണ് ഫ്രീ കാഷ് ഫ്ലോ.
2026-ലെ കമ്പനിയുടെ ആകെ മൂലധനച്ചെലവ് പ്രവചനം 12,500 കോടി ഡോളറിൽനിന്ന് 13,000 കോടി ഡോളറായി കമ്പനി ഉയർത്തിയിട്ടുണ്ട്. സാമ്പത്തികഫലങ്ങൾ പുറത്തുവന്നതോടെ മെറ്റയുടെ ഓഹരി മൂല്യത്തിൽ 10 ശതമാനത്തോളം കുറവും രേഖപ്പെടുത്തി. എങ്കിലും താത്കാലികമായ ലാഭക്കുറവും സാമ്പത്തിക സമ്മർദങ്ങളും നേരിടേണ്ടിവന്നാലും, നിർമിത ബുദ്ധി രംഗത്തെ ആധിപത്യത്തിനായി കോടികൾ നിക്ഷേപിച്ച് മുന്നോട്ടുപോകാനാണ് സക്കർബർഗിന്റെ തീരുമാനം.
Content Highlights: Meta CEO Mark Zuckerberg predicts that billions of people will soon have personal AI agents working for them 24/7, even as Meta faces significant financial pressure and a drop in free cash flow due to heavy investment in AI development.