'CEO ജോലിയും AI തെറിപ്പിക്കും'; പിച്ചൈ പറഞ്ഞത് യാഥാർഥ്യമായേക്കും, നീക്കങ്ങളുമായി സക്കർബെർഗ്

നിർമിതബുദ്ധി (എഐ) വ്യാപകമാകുന്നതോടെ സാധാരണക്കാരുടെ ജോലികൾ വൻതോതിൽ നഷ്ടപ്പെട്ടേക്കുമെന്നാണ് പലരും ആശങ്കപ്പെടുന്നത്. വമ്പൻ ടെക് കമ്പനികൾ കഴച്ചുവളരുമെന്നും അവയുടെ സിഇഒമാർ അതിസമ്പന്നരും ശതകോടീശ്വരന്മാരുമായി മാറുമെന്നും കരുതപ്പെട്ടിരുന്നു. എന്നാൽ ടെക് സിഇഓമാരുടെ ജോലിക്കുപോലും എഐ ഭീഷണി ഉയർത്തിയേക്കുമെന്ന തരത്തിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടത് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ആണ്.
ഒരു സിഇഒ ചെയ്യുന്ന ജോലി എഐയ്ക്ക് ഒരുപക്ഷേ കൂടുതൽ എളുപ്പത്തിൽ ചെയ്യാൻ കഴിഞ്ഞേക്കുമെന്ന് 2025-ൽ സുന്ദർ പിച്ചൈ ബിബിസിയോട് പറഞ്ഞിരുന്നു. ഒരു കമ്പനി നടത്തുക എന്നത് ഒരുപക്ഷേ എഐയ്ക്ക് എളുപ്പത്തിൽ ഏറ്റെടുക്കാൻ കഴിയുന്ന ദൗത്യമായിരിക്കാം എന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. വലിയ ചർച്ചയ്ക്കാണ് ഈ പരാമർശത്തിലൂടെ പിച്ചൈ തുടക്കമിട്ടത്. ഓപ്പൺഎഐ സിഇഓ സാം ഓൾട്ട്മാൻ അടക്കമുള്ളവർ അദ്ദേഹം പറഞ്ഞത് ശരിവെച്ച് രംഗത്തെത്തി. എൻവിഡിയ സിഇഓ ജെൻസൻ ഹുവാങ് അടക്കമുള്ളവർ അതിനോട് ശക്തമായി വിയോജിച്ചു. തന്റെ ജോലി ഏറ്റെടുക്കാൻ ഒരുക്കലും എഐയ്ക്ക് കഴിയില്ല എന്നാണ് ഹുവാങ് പ്രതികരിച്ചത്. ഇത്തരം ചർച്ചകൾക്കിടെയാണ് മെറ്റ സിഇഒ മാർക് സക്കർബെർഗിന്റെ നീക്കങ്ങൾ ശ്രദ്ധനേടുന്നത്.
സക്കർബർഗ് അദ്ദേഹത്തെ ജോലിയിൽ സഹായിക്കുന്നതിനായി പ്രത്യേക സവിശേഷതകളുള്ള ഒരു എഐ ഏജന്റ് വികസിപ്പിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിർമാണം ആദ്യഘട്ടത്തിലാണെങ്കിലും അത് പ്രവർത്തനക്ഷമമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇതോടെ ആശയങ്ങളിൽനിന്ന് പ്രായോഗികതയിലേക്ക് ചർച്ചകളെ വഴിമാറ്റിയ ആദ്യ ടെക് സിഇഒ ആയി അദ്ദേഹം മാറുകയാണ്.
സക്കർബർഗിന്റെ സിഇഒ ഏജന്റ് നിലവിൽ അദ്ദേഹത്തെ വളരെ വേഗത്തിൽ കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്നു എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്യുന്നത്. പല തലങ്ങളിലുള്ള ജീവനക്കാരിൽനിന്ന് വിവരങ്ങൾ തേടുന്നത് അടക്കമുള്ളവ അത് അതിവേഗം സാധ്യമാക്കുന്നു. ജീവനക്കാരുടെ എണ്ണം വൻതോതിൽ കുറയ്ക്കാനുള്ള മെറ്റയുടെ നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ഇത്തരം ഏജന്റുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. സിഇഒ മാത്രമല്ല, കമ്പനിയിലെ മറ്റ് ജീവനക്കാരും അവരുടെ സ്വന്തം വ്യക്തിഗത ഏജന്റ് ടൂളുകൾ നിർമ്മിക്കുന്നുണ്ട്. 'മൈ ക്ലോ' എന്ന പേരുള്ള ഒന്ന് ചാറ്റ് ലോഗുകളും വർക്ക് ഫയലുകളും ആക്‌സസ് ചെയ്യാൻ സഹായിക്കുന്നതാണ്. ജീവനക്കാരന്റെ പേരിൽ സഹപ്രവർത്തകരെ ബന്ധപ്പെടാനും ഇതിന് കഴിയും.
Content Highlights: Zuckerberg is developing a proprietary AI agent to streamline executive information retrieval., Meta is encouraging internal AI tool development to reduce organizational bureaucracy., The trend shifts the AI conversation from philosophical speculation to practical implementation., Major tech leaders are divided on whether AI can eventually replace human CEOs.