'യുഎസിലെ ബയോടെക് രാജ്ഞി'; ഫോബ്സ് '50 ഓവര്‍ 50' പട്ടികയില്‍ ഇടംപിടിച്ച് മലയാളിയായ സുമാ കൃഷ്ണന്‍

#ആര്‍. റോഷന്‍
സുമാ കൃഷ്ണൻ ഭര്‍ത്താവ് കൃഷ് കൃഷ്ണനൊപ്പം.
സുമാ കൃഷ്ണൻ ഭര്‍ത്താവ് കൃഷ് കൃഷ്ണനൊപ്പം.

കൊച്ചി: യുഎസില്‍ അതിവേഗത്തില്‍ വളരുന്ന ബയോടെക്‌നോളജി കമ്പനിയുടെ സ്ഥാപക ഒരു മലയാളിയാണ്. ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറീസ് സര്‍വീസ് (ഐഒഎഫ്എസ്) ഉദ്യോഗസ്ഥനായിരുന്ന കോട്ടയം കടുത്തുരുത്തി കാട്ടാമ്പാക്ക് കോട്ടായില്‍ ടി.വി. മാണിയുടെയും ആലപ്പുഴ പുളിങ്കുന്ന് പുത്തന്‍പുരയില്‍ പരേതയായ ഗ്രേസിയുടെയും മകള്‍ സുമ. ജനിച്ചത് കേരളത്തിലാണെങ്കിലും വളര്‍ന്നത് പുണെയിലായിരുന്നു. പുണെയിലെ ഫെര്‍ഗുസണ്‍ കോളേജില്‍നിന്ന് ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദം നേടിയശേഷം, മാസ്റ്റേഴ്സ് ചെയ്യാന്‍ യുഎസിലേക്ക് പറന്നു. അവിടെ, ഫിലഡെല്‍ഫിയയിലുള്ള വില്ലിനോവ യൂണിവേഴ്സിറ്റിയില്‍നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കിയശേഷം വിവിധ കമ്പനികളില്‍ പ്രവര്‍ത്തിച്ചു. തമിഴ്നാട് സ്വദേശിയായ കൃഷ് കൃഷ്ണനെ വിവാഹം ചെയ്തതോടെ, സുമാ മാണി കോട്ടായില്‍, സുമാ കൃഷ്ണന്‍ ആയി മാറി.

2016-ലാണ് ഭര്‍ത്താവുമൊത്ത് യുഎസിലെ പെന്‍സില്‍വേനിയയിലുള്ള പിറ്റ്സ്ബര്‍ഗില്‍ 'ക്രിസ്റ്റല്‍ ബയോടെക്' എന്ന ബയോടെക്നോളജി കമ്പനിക്ക് സുമ തുടക്കമിട്ടത്. വൈകാതെ ഓഹരികള്‍ അമേരിക്കയിലെ പ്രശസ്തമായ നാസ്ഡാക് സ്റ്റോക് എക്‌സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. ഇന്ന് കമ്പനിയുടെ വിപണിമൂല്യം 540 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 47,520 കോടി രൂപ. സുമയ്ക്കും ഭര്‍ത്താവിനും കൂടി കമ്പനിയില്‍ 12.1 ശതമാനം ഓഹരിയാണ് ഇപ്പോഴുള്ളത്. അതിന്റെ മൂല്യം ഏതാണ്ട് 5,750 കോടി രൂപ വരും.

കുട്ടികളില്‍കാണുന്ന അപൂര്‍വമായ ഒരുതരം ത്വക്ക് രോഗത്തിന് ജീന്‍ തെറപ്പിയിലൂടെ പരിഹാരമേകുന്നതായിരുന്നു കമ്പനിയുടെ ആദ്യ ഉത്പന്നം. ശ്വാസകോശ അര്‍ബുദത്തിന് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വികസിപ്പിച്ചുവരുകയാണ്.

ഫോബ്സ് തയ്യാറാക്കിയ 50 വയസ്സിന് മുകളിലുള്ള 50 പ്രഗല്ഭരുടെ ഈ വര്‍ഷത്തെ പട്ടികയില്‍ (50 ഓവര്‍ 50) ഇടംപിടിച്ചിരിക്കുകയാണ് 60-കാരിയായ സുമ. കൃഷ്ണന്‍ കമ്പനിയുടെ സിഇഒയും സുമ പ്രസിഡന്റുമാണ്. റിസ്‌ക് എടുക്കുന്നതില്‍ തനിക്ക് ഒരുകാലത്തും ഭയം തോന്നിയിട്ടില്ലെന്ന് ഫോബ്സിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു. യുഎസിലെ ഗ്രേസ് തെറാപ്യൂട്ടിക്കല്‍സ് എന്ന കമ്പനിയുടെ സ്ഥാപകനായ സന്തോഷ് ജോര്‍ജ് കോട്ടായില്‍, വെല്‍ത്ത് മാനേജ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ടെഡ് മാണി കോട്ടായില്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Content Highlights: Meet Suma Krishnan, a Kerala-born entrepreneur leading Crystal Biotech, a rapidly expanding US biotechnology company. Her journey from India to Nasdaq success is inspiring. Discover her story.