മഹീന്ദ്ര ഇ-എസ്‌യുവികള്‍ക്ക് ഇനി സാംസങ്ങിന്റെ ഡിജിറ്റല്‍ കീ; ഞെട്ടിക്കുന്ന ഫീച്ചറുകള്‍

മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്‌യുവികള്‍ക്ക് ഡിജിറ്റല്‍ കാര്‍ കീ സാങ്കേതിക പിന്‍തുണ നല്‍കാന്‍ സാംസങ്. ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫോണ്‍ ഉപയോഗിച്ച് മഹീന്ദ്ര ഇ-എസ്‌യുവികള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും സാധിക്കും. സാധാരണ താക്കോല്‍ ആവശ്യമേയില്ല. മഹീന്ദ്രയുടെ XEV 9e, BE 6 എന്നിവ ഉള്‍പ്പെടെയുള്ളവയില്‍ ഈ സൗകര്യം ലഭ്യമാകും.
കണക്റ്റഡ് മൊബിലിറ്റി രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇതെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. സാംസങ്ങിന്റെ ഡിജിറ്റല്‍ കാര്‍ കീ സാങ്കേതികവിദ്യ സ്വീകരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഒറിജിനല്‍ എക്യുപ്മെന്റ് നിര്‍മാതാവായി (OEM) ഇതോടെ മഹീന്ദ്ര മാറും. ഗാലക്‌സി ഡിവൈസുകളിലുള്ള പ്രത്യേക ഫീച്ചര്‍ പരിമിതമായ സമയത്തേക്ക് ഡിജിറ്റല്‍ ആക്സസ് കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ സുരക്ഷിതമായി പങ്കുവെക്കാന്‍ അനുവദിക്കുന്നതാണ്.
ഡിജിറ്റല്‍ കാര്‍ കീ ഉള്ള ഒരു ഗാലക്‌സി ഡിവൈസ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ സാംസങ് ഫൈന്‍ഡ് ഉപയോഗിച്ച് അത് എത്ര ദൂരത്തുനിന്നും ലോക്ക് ചെയ്യാനും എല്ലാ ഡാറ്റയും മായ്ച്ചുകളയാനും സാധിക്കും. ബയോമെട്രിക് അല്ലെങ്കില്‍ പിന്‍ അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷനും സാംസങ് നോക്‌സിന്റെ ഡിഫന്‍സ്-ഗ്രേഡ് സുരക്ഷയും ഈ ഫീച്ചറിന് കൂടുതല്‍ സംരക്ഷണം നല്‍കുന്നു. ഇത് ഓരോ തവണ ഉപയോഗിക്കുമ്പോഴും സുരക്ഷയും ഉറപ്പാക്കുന്നു.
കാര്‍ ആക്സസ്സിനപ്പുറം, ഗാലക്‌സി ഉപയോക്താക്കള്‍ക്ക് പേയ്മെന്റ് കാര്‍ഡുകള്‍, ഐഡികള്‍, ഡിജിറ്റല്‍ കീകള്‍ എന്നിവയും അതിലേറെയും ഒരൊറ്റ സുരക്ഷിത സ്ഥലത്ത് സൂക്ഷിക്കാന്‍ അനുവദിക്കുന്ന ഒരു സമഗ്രമായ പ്ലാറ്റ്ഫോമാണ് സാംസങ് വാലറ്റ്. ഗാലക്‌സി ഇക്കോസിസ്റ്റവുമായി തടസ്സങ്ങളില്ലാതെ സംയോജിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ വാലറ്റ്, മെച്ചപ്പെട്ട സുരക്ഷയോടെ ദൈനംദിന സൗകര്യം ഉറപ്പാക്കുന്നു. തിരഞ്ഞെടുത്ത മഹീന്ദ്ര ഇലക്ട്രിക് ഒറിജിന്‍ എസ്‌യുവികള്‍ക്കായുള്ള ഡിജിറ്റല്‍ കാര്‍ കീ ഫംഗ്ഷന്‍ ഇന്ത്യയില്‍ ഉടന്‍ ലഭ്യമാകുമെന്നാണ് പ്രഖ്യാപനം.
ഗാലക്‌സി ഉപയോക്താക്കള്‍ക്ക് ഡ്രൈവിംഗ് പോലുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസരഹിതമാക്കുന്നതിനുള്ള മറ്റൊരു ആവേശകരമായ ചുവടുവെപ്പാണ് മഹീന്ദ്രയുമായുള്ള പങ്കാളിത്തമെന്ന് സാംസങ് ഇന്ത്യയുടെ സര്‍വീസസ് ആന്‍ഡ് ആപ്പ്‌സ് ബിസിനസ് സീനിയര്‍ ഡയറക്ടര്‍ മധുര്‍ ചതുര്‍വേദി പറഞ്ഞു,
ഞങ്ങളുടെ വാഹനനിരയിലേക്ക് മറ്റൊരു ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചര്‍ കൂടി ചേര്‍ക്കുകയാണെന്ന് ഇതിനോട് ചേര്‍ത്തുകൊണ്ട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ഡിവിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു. ഇന്ത്യയ്ക്കായി മികച്ചതും പ്രീമിയവും സാങ്കേതികവിദ്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ ഇവികള്‍ നല്‍കാനുള്ള മഹീന്ദ്രയുടെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ നവീകരണം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
Content Highlights: Mahindra`s Electric Origin SUVs now support Samsung Digital Car Key. Lock, unlock, and start your EV with your Galaxy phone via Samsung Wallet.