ലൂവ്ര് കവര്‍ച്ച: നിരീക്ഷണ സംവിധാനത്തിന്റെ പാസ്‌വേഡ് പോലും എത്ര ലളിതം, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ലൂവ്ര് മ്യൂസിയം | File Photo - AFP
ലൂവ്ര് മ്യൂസിയം | File Photo - AFP

ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയമായ ലൂവ്രില്‍ നടന്ന കവര്‍ച്ചയ്ക്ക് പിന്നാലെ മോഷ്ടാക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയ ഗുരുതര സുരക്ഷാവീഴ്ചകള്‍ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മ്യൂസിയത്തിലെ വീഡിയോ നിരീക്ഷണ സംവിധാനത്തിന്റെ പാസ്‌വേഡ് അവിശ്വസനീയമാംവിധം ലളിതമായിരുന്നു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. പാസ്‌വേഡ് 'ലൂവ്ര്' എന്ന് മാത്രമായിരുന്നുവെന്ന് ഒരു മ്യൂസിയം ജീവനക്കാരന്‍ എബിസി ന്യൂസിനോട് വെളിപ്പെടുത്തി. 

ഗുരുതര സുരക്ഷാ വീഴ്ചകളുടെ പേരില്‍ മ്യൂസിയം അധികൃതര്‍ക്കെതിരെ രോഷം ഉയരുന്നതിനിടെയാണ് സുപ്രധാന പാസ്‌വേഡുകള്‍പോലും എത്ര ലളിതമായിരുന്നു എന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

കവര്‍ച്ചയെ തുടര്‍ന്ന് ഫ്രഞ്ച് അധികാരികള്‍ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. 102 മില്യണ്‍ ഡോളറിന്റെ കവര്‍ച്ചയ്ക്ക് ഇടയാക്കിയത് സുരക്ഷാ പഴുതുകളാണെന്ന് ആരോപണം ഉയര്‍ന്നു. അതിനിടെയാണ് മ്യൂസിയത്തിലെ വീഡിയോ നിരീക്ഷണ സംവിധാനത്തിന്റെ പാസ്‌വേഡ് പോലും എത്രകണ്ട് അവിശ്വസനീയമാംവിധം ലളിതമായിരുന്നു എന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഇത്തരം വീഴ്ചകള്‍ കവര്‍ച്ചക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തു എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

ഒക്ടോബര്‍ 19-ന് ഏഴ് മിനിറ്റിലാണ് അസാധാരണ രീതിയിലുള്ള കവര്‍ച്ച നടന്നത്. പിന്നാലെ ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പാരീസിലെ ലൂവ്ര് മ്യൂസിയം അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. അപ്പോളോ ഗാലറിയില്‍ നിന്ന് എട്ട് ആഭരണങ്ങളാണ് മോഷണം പോയത്. നെപ്പോളിയന്‍ തന്റെ ഭാര്യയായ എംപ്രസ് മേരി ലൂയിസിന് നല്‍കിയ മരതകവും വജ്രവും പതിച്ച മാലയും, പത്തൊന്‍പതാം നൂറ്റാണ്ടിലെ എംപ്രസ് യൂജിനിയുടെ കിരീടവും അടക്കമുള്ളവ മോഷ്ടാക്കള്‍ അപഹരിച്ച് കൊണ്ടുപോയിരുന്നു.

അതിനിടെ, കഴിഞ്ഞ മാസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ ലൂവ്ര് ഡയറക്ടര്‍ ലോറന്‍സ് ദെസ് കാര്‍സ് സുരക്ഷാ വീഴ്ചകള്‍ സമ്മതിക്കുകയും അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളും മ്യൂസിയത്തിലെ ക്യാമറകളുടെ അഭാവവും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും മോഷ്ടാക്കളുടെ വരവ് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മ്യൂസിയത്തിന് ചുറ്റുമുള്ള പ്രദേശം നിരീക്ഷിക്കാന്‍ ആവശ്യത്തിന് ക്യാമറകള്‍ ഇല്ലാതിരുന്നത് മോഷ്ടാക്കള്‍ക്ക് സൗകര്യമായെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. മ്യൂസിയത്തിന്റെ മുന്‍ഭാഗത്തിന് പൂര്‍ണമായ സുരക്ഷ നല്‍കാന്‍ പുറത്തുള്ള സുരക്ഷാ ക്യാമറകള്‍ക്ക് കഴിഞ്ഞിരുന്നില്ല. കള്ളന്മാര്‍ അകത്തു കടന്ന ജനല്‍ സിസിടിവി നിരീക്ഷണത്തില്‍ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ലൂവ്ര് മ്യൂസിയത്തില്‍ അതിക്രമിച്ചു കടന്നുവെന്ന് സംശയിക്കുന്ന മൂന്നു പേരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഒരാള്‍ ഇപ്പോഴും ഒളിവിലാണെന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇയാളാകാം കവര്‍ച്ചയുടെ സൂത്രധാരനെന്നാണ് കരുതുന്നത്.

Content Highlights: Explore the shocking Louvre heist where a simple password, "Louvre," facilitated a $102M jewel theft. Learn about security lapses, arrests, and museum reforms.