ഇന്‍സ്റ്റഗ്രാം വേണമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്‌തോളൂ; ലാവ അഗ്നി 4-ല്‍ പരസ്യങ്ങളും ബ്ലോട്ട് വെയറും വേണ്ടെന്ന് സുനില്‍ റെയ്‌ന

Lava Agni 4 | Photo: LAVA
Lava Agni 4 | Photo: LAVA

ഒരുത്പന്നത്തില്‍ നിന്ന് പരമാവധി ലാഭമുണ്ടാക്കുകയെന്ന തത്വത്തിലാണ് ലോകത്തെ ഒട്ടുമിക്ക കമ്പനികളും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മള്‍ ഒരു സ്മാര്‍ട്‌ഫോണ്‍ വാങ്ങുമ്പോള്‍ അതിനൊപ്പം പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത വിവിധ തേഡ് പാര്‍ട്ടി ആപ്പുകളും അതാത് ഫോണ്‍ നിര്‍മാതാക്കള്‍ നമ്മള്‍ക്ക് വില്‍ക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള ഫോണ്‍ നിര്‍മാതാക്കളുടേതല്ലാത്ത ആപ്പുകളെല്ലാം പ്രത്യേകം പണം വാങ്ങിയാണ് കമ്പനികള്‍ ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കുന്നത്.

എന്നാല്‍ ഈ നിലപാടില്‍ നിന്ന് മാറി സഞ്ചരിക്കുകയാണ് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ലാവയുടെ മേധാവി സുനില്‍ റെയന. 'നിങ്ങള്‍ എന്താണോ വാങ്ങുന്നത് അതിനുള്ള പണം നല്‍കുക.' എന്ന് ലാവ മാനേജിങ് ഡയറക്ടര്‍ പറയുന്നു. 'നിങ്ങള്‍ ബ്ലോട്ട് വെയര്‍ വാങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല, നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം വേണമെങ്കില്‍, അത് എവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിങ്ങള്‍ക്കറിയാം.' റെയ്‌ന പറഞ്ഞു.

തിരക്കേറിയ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ലാവ ഉപഭോക്താക്കളെ അവരുടെ തീരുമാനങ്ങള്‍ക്ക് വഴിയെ വെറുതെവിടുകയാണ്. ലാവ പുതിയതായി അവതരിപ്പിച്ച ലാവ അഗ്നി 4 സ്മാര്‍ട്‌ഫോണില്‍ ഈ തത്വചിന്തയാണ് കമ്പനി അവലംബിക്കുന്നത്. വിവിധ സൗകര്യങ്ങളുള്ള ഫോണ്‍ എന്നതിലുപരി ഒരു ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ എന്ന വ്യക്തിത്വം വീണ്ടേടുക്കാനും ഈ ഫോണിലൂടെ സുനില്‍ റെയ്‌ന ശ്രമിക്കുന്നു. ഒപ്പം ലാഭത്തിനേക്കാള്‍ ദീര്‍ഘകാല വിശ്വാസം നേടിയെടുക്കുന്നതിലാണ് കമ്പനി പ്രാമുഖ്യം നല്‍കുന്നത്. പരസ്യങ്ങളും ബ്ലോട്ട് വെയറും ഒഴിവാക്കാനുള്ള തീരുമാനം അതിന്റെ ഭാഗമാണ്.

എതിരാളികളായ കമ്പനികളേക്കാള്‍ വളരെ കുറച്ച് പണം മാത്രമാണ് തങ്ങളുണ്ടാക്കുന്നതെന്ന് റെയ്‌ന പറയുന്നു. കാരണം അവര്‍ക്കെല്ലാം ബ്ലോട്ട് വെയറുകളില്‍ നിന്നുള്ള നേട്ടം ലഭിക്കുന്നുണ്ട്. പക്ഷെ ഹ്രസ്വകാല പ്രവര്‍ത്തനങ്ങളും ദീര്‍ഘകാല പ്രവര്‍ത്തനങ്ങളും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ മടുപ്പിനുള്ള മറുപടിയാണ് അഗ്നി 4 എന്നും റെയ്‌ന പറഞ്ഞു.

24999 രൂപയ്ക്കാണ് അഗ്നി 4 ന്റെ 8ജിബി/256 ജിബി വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ബ്രാന്‍ഡുകള്‍ പ്ലാസ്റ്റി ഫോണുകള്‍ പ്രീമിയം വിലയ്ക്ക് വില്‍ക്കുമ്പോാണ് പൂര്‍ണമായും അലൂമിനിയം ബോഡിയില്‍ ഒരുക്കിയിരിക്കുന്ന ലാവ അഗ്നി 4 എത്തുന്നതെന്നും റെയ്‌ന ചൂണ്ടിക്കാട്ടുന്നു.

രൂപകല്‍പനയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. പ്ലാസ്റ്റിക് ഫ്രെയിമിന് പകരം അലൂമിനിയമാണ് അഗ്നി 4ല്‍. ഒപ്പം ഗ്ലാസ് ബാക്കും നല്‍കിയിരിക്കുന്നു. 6.67 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലേയ്‌ക്കൊപ്പം 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 2400 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസുമുള്ള സ്‌ക്രീനാണിതിന്.

മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 8350 പ്രൊസസര്‍ ആണ് ഫോണിന് ശക്തിപകരുന്നത്. 5000 എംഎഎച്ച് ബാറ്ററിയില്‍ 66 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. 19 മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാന്‍ ഇതിനാവും.

Content Highlights: Discover Lava Agni 4, the Indian smartphone that respects your choice. No pre-installed bloatware, just what you need. Experience pure Android and a premium build.