Kexart .com: ക്ലിക്ക് ചെയ്താൽ നിങ്ങൾ ഉറപ്പായും നാണം കെടും! പ്രാങ്ക് സൈറ്റിനെതിരെ ജാഗ്രത !

ഡിജിറ്റൽ ലോകത്ത് വലിയ ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ടാകാം. അജ്‍ഞാത ലിങ്കുകൾ സന്ദർശിക്കുമ്പോൾ അത്തരം അപകടങ്ങൾക്ക് സാധ്യത ഏറെയാണ്. അത്തരത്തിലൊന്നാണ് സോഷ്യൽ മീഡിയകളിൽ വൈറലായി പ്രചരിക്കുന്ന Kexart.com എന്ന വെബ്‌സൈറ്റ്. ആൾക്കൂട്ടത്തിനിടയിൽ ചിലപ്പോൾ ബന്ധുക്കളുടെ ഇടയിൽ നിങ്ങൾ അപമാനിതരാവാൻ ഈ വെബ്സൈറ്റ് കാരണമായേക്കാം. ഈ സൈറ്റിന്റെ അപകടങ്ങളെക്കുറിച്ചും അതിൽനിന്ന് എങ്ങനെ രക്ഷപ്പെടാമെന്നതിനെക്കുറിച്ചും അറിയാം.
എന്താണ് Kexart.com, അതിൽ സന്ദർശിച്ചാൽ എന്ത് സംഭവിക്കും?
കുപ്രസിദ്ധിയാർജിച്ച ഒരു പ്രാങ്ക് വെബ്സൈറ്റാണ് കെക്സാർട്ട്.കോം. ഇൻസ്റ്റഗ്രാം, റെഡ്ഡിറ്റ്, എക്സ് പോലുള്ള സോഷ്യൽ മീഡിയകളിലൂടെയാണ് ഇത് വ്യാപകമായി പ്രചരിക്കുന്നത്. കൗതുകം സൃഷ്ടിക്കുന്ന വീഡിയോകളും മറ്റ് പോസ്റ്റുകളുമായതിനാൽ ആളുകൾ ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് കരുതി ഈ വെബ്സൈറ്റൊന്ന് സന്ദർശിച്ച് പോയേക്കാം.
Kexart.com എന്നത് ഒരു ആർട്ടിസ്റ്റിന്റെ ഡിജിറ്റൽ ആർട്ട് ഗാലറിയെന്നോ അല്ലെങ്കിൽ സ്പോർട്സ് വെയർ വസ്ത്രങ്ങൾ വിൽക്കുന്ന ഓൺലൈൻ സ്റ്റോറെന്നോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ യഥാർഥത്തിൽ ഇത് ആളുകളെ ഞെട്ടിക്കാനും നാണം കെടുത്താനും നിർമിച്ചിട്ടുള്ള വൈറൽ പ്രാങ്ക്/ജമ്പ്‌സ്‌കെയർ (jumpscare) വെബ്‌സൈറ്റാണ്.
സൈറ്റിലെ 'View Gallery' അല്ലെങ്കിൽ ആർട്ട് വിഭാഗങ്ങളിൽ ക്ലിക്ക് ചെയ്യുന്നതോടെ വളരെ ഉച്ചത്തിൽ അശ്ലീല വീഡിയോയുടെ ശബ്ദങ്ങളോ ഭയപ്പെടുത്തുന്ന ശബ്ദങ്ങളോ അപ്രതീക്ഷിതമായി പുറത്തുവരും. ഈ ശബ്ദത്തിന്റെ വോളിയം കുറയ്ക്കാനാവില്ല, ഫോൺ മ്യൂട്ട് ചെയ്ത് വെച്ചിട്ടും കാര്യമില്ല. വൻ ശബ്ദമാണ് ഇതിലുണ്ടാവുക. അടുത്തുള്ളവർ എല്ലാവരും കേൾക്കും. അശ്ലീല ശബ്ദങ്ങളായതിനാൽ നാണം കെടാൻ വേറെ വഴി നോക്കേണ്ട. ഹെഡ്ഫോൺ ധരിച്ചാണ് വെബ്സൈറ്റ് തുറന്നതെങ്കിൽ ചെവിയടിച്ച് പോവുന്ന ശബ്ദമായിരിക്കും. അത്തരത്തിൽ വളരെ ഉച്ചത്തിലാണ് ശബ്ദം പ്ലേ ആകുന്നത്. ഈ സ്ക്രീൻ അനിയന്ത്രിതമാം വിധം ബ്ലിങ്ക് ചെയ്തുകൊണ്ടിരിക്കും.
ഇത് സുരക്ഷിതമായ വെബ്‌സൈറ്റാണോ?
തീർച്ചയായും അല്ല, ഇതിൽ വൈറസുകളോ മാലിവെയറുകളോ നേരിട്ട് കണ്ടെത്തിയിട്ടില്ലെങ്കിലും, ഉപയോക്താക്കൾക്ക് അസ്വസ്ഥതയും മാനസികാഘാതവും ഉണ്ടാക്കുന്ന ഒരു സംശയകരമായ വെബ്‌സൈറ്റായാണ് സുരക്ഷാ നിരീക്ഷകർ ഇതിനെ തരംതിരിച്ചിട്ടുള്ളത്. വെബ്‌സൈറ്റിന്റെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ സുതാര്യമല്ല. രജിസ്ട്രേഷനായി സൗജന്യ ഇമെയിൽ വിലാസങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വെബ്‌സൈറ്റ് ആരംഭിച്ച് അധികകാലമായിട്ടില്ലാത്തതിനാലും തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഉള്ളതിനാലും ഇതിന് വളരെ കുറഞ്ഞ ട്രസ്റ്റ് സ്കോറാണ് സുരക്ഷാ ഏജൻസികൾ നൽകിയിട്ടുള്ളത്.
തുറന്നുപോയാൽ എങ്ങനെ പുറത്തുകടക്കാം?
ഈ വെബ്‌സൈറ്റിൽ ഉപയോഗിച്ചിരിക്കുന്ന പ്രത്യേക ബ്രൗസർ സ്ക്രിപ്റ്റുകൾ കാരണം ഓഡിയോ പെട്ടെന്ന് നിർത്താനോ, ടാബ് ക്ലോസ് ചെയ്യാനോ ബ്രൗസർ അടയ്ക്കാനോ സാധിക്കില്ല. വിൻഡോ മിനിമൈസ് ചെയ്താലും ബാക്ക്ഗ്രൗണ്ടിൽ ശബ്ദം തുടരാം. ഇതിൽനിന്ന് രക്ഷപ്പെടാനുള്ള ഏക വഴി ഫോൺ അല്ലെങ്കിൽ കംപ്യൂട്ടർ ഉടൻ തന്നെ സ്വിച്ച് ഓഫ് ചെയ്യുകയോ റീസ്റ്റാർട്ട് ചെയ്യുകയോ ചെയ്യുക എന്നതാണ്.
ഇത്തരം പ്രാങ്ക് വെബ്‌സൈറ്റുകളിൽനിന്ന് എങ്ങനെ സംരക്ഷണം നേടാം?
അജ്ഞാത ലിങ്കുകൾ ഒഴിവാക്കുക: സോഷ്യൽ മീഡിയകളിലോ ചാറ്റുകളിലോ ലഭിക്കുന്ന അറിയാത്ത വെബ്‌സൈറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
കൗതുകത്തിന് വഴങ്ങാതിരിക്കുക: "ഇതിൽ ക്ലിക്ക് ചെയ്യരുത്" എന്ന തരത്തിലുള്ള മുന്നറിയിപ്പുകൾ കണ്ട് കൗതുകം കാരണം പൊതുസ്ഥലങ്ങളിൽ വെച്ച് ഇത്തരം ലിങ്കുകൾ തുറക്കാതിരിക്കുക.
ഓഡിയോ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കുക: അപരിചിതമായ ലിങ്കുകൾ തുറക്കേണ്ടി വന്നാൽ ഉപകരണത്തിന്റെ ഓഡിയോ പൂർണമായി ഓഫ് ചെയ്യുകയോ ഇയർഫോൺ ഉപയോഗിക്കുകയോ ചെയ്യുക.
ഡൊമെയ്ൻ വിവരങ്ങൾ പരിശോധിക്കുക: ഓൺലൈൻ സൈറ്റുകളുടെ വിശ്വസനീയത ഉറപ്പുവരുത്താൻ ഡൊമെയ്ൻ വിവരങ്ങളും സുരക്ഷാ സ്കോറുകളും ഓൺലൈനിൽ പരിശോധിക്കുന്നത് നല്ലതാണ്.
Content Highlights: Kexart.com is a deceptive viral prank website spreading across social media that traps users by playing loud, un-mutable obscene or frightening sounds, often requiring a complete device restart to escape.