യാത്രക്കാർക്ക് റെയിൽ മൈത്രി സേവനങ്ങൾ; പോൾ ആപ്പിൽ അഞ്ചുസേവനങ്ങൾ ഒരുക്കി റെയിൽവേ പോലീസ്

#ടി.കെ. ബാലനാരായണൻ
Photo: Kerala Railway Police
Photo: Kerala Railway Police

കോഴിക്കോട്: തീവണ്ടിയാത്രക്കാർക്കായി മൊബൈൽഫോണിൽ റെയിൽവേ പോലീസ് അഞ്ചുസേവനങ്ങൾ ഒരുക്കുന്നു. യാത്രക്കാരുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഇനി ‘റെയിൽ മൈത്രി സർവീസ്’ ആപ്പ് ഉപയോഗിക്കാം.

കേരളത്തിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന കുട്ടികൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പോലീസിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമെങ്കിൽ ഈ ആപ്പ് ഉപകാരപ്രദമാണെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി. കേരള പോലീസിന്റെ ഔദ്യോഗിക അപ്ലിക്കേഷനായ ‘പോൾ ആപ്പി’ന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുക. സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ കടകളുടെ വിശദാംശങ്ങൾ, ലഭിക്കുന്ന ആഹാരങ്ങളുടെ വിവരങ്ങൾ, തീവണ്ടിസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഹസ്യമായി പോലീസുമായി പങ്കുവെക്കൽ, യാത്രയ്ക്കിടയിൽ സാധനങ്ങൾ നഷ്ടപ്പെട്ടാൽ അതിന്റെ അന്വേഷണവും തുടർവിവരങ്ങൾ പങ്കുവെക്കലും ഇതിലൂടെ സാധ്യമാണ്.

ഒറ്റയ്ക്ക് യാത്രചെയ്യുന്നവരുടെ കോച്ച്നമ്പർ, തീവണ്ടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ, യാത്രക്കാരുടെ ഫോട്ടോ എന്നിവ ‘റെയിൽ മൈത്രി സർവീസ്’ ആപ്പിൽ പങ്കുവച്ചാൽ റെയിൽവേ പോലീസിന്റെ കൺട്രോൾറൂം മുഖേന ഇവരെ നിരീക്ഷിക്കും. തീവണ്ടിയിലോ പാളത്തിലോ, പ്ളാറ്റ്‌ഫോമിലോ അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ പോലീസിനെ അറിയിക്കാനും ഇൗ ആപ്പിലൂടെ സാധിക്കും. പരമാവധി യാത്രക്കാർ പ്ലേ സ്റ്റോർ മുഖേന ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻവേണ്ടി റെയിൽവേ പോലീസ് റെയിൽവേ സ്റ്റേഷനുകളിൽ ഇതിനകം ബോധവത്‌കരണക്ലാസുകൾ ആരംഭിച്ചുകഴിഞ്ഞു.

Content Highlights: Rail Maithri Service: 5 New Mobile Features Launched by Railway Police for Passenger Safety.