തേൻകെണിയേക്കാൾ വലിയ കുരുക്ക്! ജെൻസെൻ‌ ഹുവാങ്ങിന്റെ രാജിയോടെ AI കമ്പനികളിൽ ഭീതി; 'സർക്കുലർ ഫിനാൻസിങ്' കുമിള പൊട്ടുമോ?

#ടെക്നോളജി
FILE- Nvidia CEO Jensen Huang speaks to the media as he attends a meeting between Chinese Premier Li Qiang and U.S. business representatives, at the Great Hall of the People in Beijing, May 14, 2026. (Go Nakamura/Pool Photo via AP, File)
FILE- Nvidia CEO Jensen Huang speaks to the media as he attends a meeting between Chinese Premier Li Qiang and U.S. business representatives, at the Great Hall of the People in Beijing, May 14, 2026. (Go Nakamura/Pool Photo via AP, File)

സമീപകാലത്ത് എ.ഐ. ലോകം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് എൻവിഡിയയുടെ സി.ഇ.ഒ. ജെൻസൻ ഹുവാങ്ങിന്റെ അപ്രതീക്ഷിത രാജിയോടെ ഉടലെടുത്തിരിക്കുന്നത്. കാരണം ലോകത്തെ ഏറ്റവും മൂല്യമുള്ള കംപ്യൂട്ടർ ചിപ്പ് നിർമാണ കമ്പനിയുടെ മേധാവി മാത്രമായിരുന്നില്ല ജെൻസൻ ഹുവാങ്. മറിച്ച് എ.ഐ. വിപ്ലവത്തെയാകെ നിയന്ത്രിച്ചിരുന്ന ഒരു സെൻട്രൽ ബാങ്കർ കൂടിയായിരുന്നു. മറ്റ് എ.ഐ. കമ്പനികളിലേക്കുള്ള പണമൊഴുക്കും നിക്ഷേപവും എങ്ങനെയെന്ന് തീരുമാനിക്കുന്നതിൽ ജെൻസൻ ഹുവാങ്ങിന് വലിയ പങ്കുണ്ടായിരുന്നു. ഹുവാങ് പടിയിറങ്ങുമ്പോൾ പ്രതിസന്ധിയിലാകുന്നത് ഈ മാർക്കറ്റ് സമവാക്യങ്ങളാണ്.നിലവിൽ നമുക്കറിയാവുന്ന എ.ഐ. മേഖലയിലെ കമ്പനികൾ മിക്കതും ഓടുന്നത് സർക്കുലർ ഫിനാൻസിങ് എന്ന ഫണ്ടിങ് രീതിയിലാണ്. ഇതിന്റെയൊക്കെ കടിഞ്ഞാണാകട്ടെ ജെൻസൻ ഹുവാങ്ങിന്റെ കൈയിലുമാണ്.

എന്താണ് ഈ സർക്കുലർ ഫിനാൻസിങ് എന്ന് നോക്കാം

സാധാരണഗതിയിൽ ഒരു കമ്പനി ഉത്പന്നങ്ങൾ വിൽക്കുമ്പോൾ ഉപഭോക്താക്കൾ അതിന് പണം നൽകണം. എന്നാൽ എ.ഐ. വിപണിയിൽ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ, എൻവിഡിയ തുടങ്ങിയ കമ്പനികൾ പരീക്ഷിച്ചത് മറ്റൊന്നാണ്. ഒരേ കമ്പനിതന്നെ വിതരണക്കാരനും നിക്ഷേപകനും ഉപഭോക്താവുമായി മാറുന്ന അവസ്ഥയാണിത്.

അതായത്, എൻവിഡിയ തങ്ങളുടെ വിലയേറിയ എ.ഐ. ചിപ്പുകൾ വാങ്ങാൻ ഡേറ്റാ സെന്ററുകൾക്കും എ.ഐ. സ്റ്റാർട്ടപ്പുകൾക്കും വൻതോതിൽ പണം നിക്ഷേപമായി നൽകുന്നു. ഈ നിക്ഷേപം ഉപയോഗിച്ച് അതേ കമ്പനികൾ എൻവിഡിയയുടെതന്നെ ചിപ്പുകൾ വാങ്ങുന്നു. പിന്നീട് ഈ ഡേറ്റാ സെന്ററുകളുടെ സേവനം എൻവിഡിയതന്നെ വാടകയ്ക്ക് എടുക്കുകയും ചെയ്യുന്നു. ഇതിലൂടെ ഇരു കമ്പനികൾക്കും വലിയ വരുമാനവും വളർച്ചയും ഉണ്ടായതായി കണക്കുകളിൽ കാണിക്കാൻ സാധിച്ചു.

എൻവിഡിയ പടുത്തുയർത്തിയ സാമ്രാജ്യം ഇത്തരം വമ്പൻ നിക്ഷേപങ്ങളിലൂടെയാണ്. ഓപ്പൺ എ.ഐ.യുടെ ഡേറ്റാ സെന്ററിനായി 105 ബില്യൺ ഡോളറിന്റെ പിന്തുണയാണ് ഹുവാങ് നൽകിയത്. ആന്ത്രോപിക്കിന്റെ ഐ.പി.ഒ.യിൽ 10 ബില്യൺ ഡോളറിന്റെ പങ്കാളിത്തമാണ് എൻവിഡിയ ലക്ഷ്യമിട്ടത്. കോർവീവ്, നെബിയസ്, ഐറൻ തുടങ്ങിയവയിലും ഓസ്ട്രേലിയൻ കമ്പനിയായ ഫിർമസിലേക്കും എൻവിഡിയ വലിയ പണമൊഴുക്കി.

ഇനിയാണ് ട്വിസ്റ്റ്, ഈ കമ്പനികൾക്ക് ചിപ്പുകളുടെ ശേഷി പൂർണമായി വിറ്റഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ വരുമാനനഷ്ടം എൻവിഡിയതന്നെ നികത്താമെന്ന 36 ബില്യൺ ഡോളറിന്റെ ഗ്യാരണ്ടികളും നൽകിയിരുന്നു എന്നതാണ്. സ്വന്തം ഉത്പന്നങ്ങൾക്ക് വിപണി ഉണ്ടാക്കാൻ എൻവിഡിയതന്നെ പണം മുടക്കുകയും ആ ധൈര്യത്തിൽ വൻകിട ബാങ്കുകളെക്കൊണ്ട് 500 ബില്യൺ ഡോളറിലധികം എ.ഐ. രംഗത്തേക്ക് എത്തിക്കാൻ ഹുവാങ് ചുക്കാൻ പിടിക്കുകയും ചെയ്തു.

എന്നാൽ ഇതൊരു അപകടം പിടിച്ച കളിയാണ്. ഒരു വിശകലനമനുസരിച്ച്, എ.ഐ. കമ്പനികളിലേക്കുള്ള 55.2 ശതമാനം നിക്ഷേപങ്ങളും വരുന്നത് മറ്റ് എ.ഐ. കമ്പനികളിൽനിന്നുതന്നെയാണ്. ഇത് യഥാർഥ ഉപഭോക്താക്കളിൽനിന്നുള്ള ആവശ്യകത കൊണ്ടുണ്ടായ വളർച്ചയാണോ, അതോ തൊണ്ണൂറുകളിലെ ടെലികോം വിപണിയിലുണ്ടായതുപോലൊരു കുമിളയാണോ എന്ന വലിയ സംശയം നിക്ഷേപകർക്കിടയിലുണ്ട്.

കമ്പനികൾ പരസ്പരം സാമ്പത്തികമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഒരാൾ വീണാൽ അത് ഈ ശൃംഖലയിലുള്ള എല്ലാവരെയും തകർക്കും. എ.ഐ. ചിപ്പുകൾക്ക് ചുരുങ്ങിയ വർഷങ്ങളുടെ ആയുസ്സ് മാത്രമേയുള്ളൂ എന്നതും ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

ഹുവാങ് അരങ്ങത്തുനിന്ന് ഇറങ്ങുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ജെൻസൻ ഹുവാങ് വാൾസ്ട്രീറ്റിലെ ബാങ്കർമാരെ ഒപ്പം നിർത്തിയ ഒരു മികച്ച ഡീൽമേക്കർ കൂടിയായിരുന്നു.

ഹുവാങ്ങിന്റെ പിന്മാറ്റത്തോടെ സർക്കുലർ ഫിനാൻസിങ് ഡീലുകൾ കുറയാൻ സാധ്യതയുണ്ട്. എൻവിഡിയയുടെ സാമ്പത്തിക താങ്ങില്ലാതെ ചെറിയ കമ്പനികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പയെടുക്കാൻ ഇനി ബുദ്ധിമുട്ടാകും. പ്രഖ്യാപിക്കപ്പെട്ട പല വൻകിട നിക്ഷേപങ്ങളും പുനഃപരിശോധിക്കപ്പെട്ടേക്കാം. ഇടക്കാല സി.ഇ.ഒ.യായി കൊലെറ്റ് ക്രെസ് ചുമതലയേറ്റെങ്കിലും, കമ്പനിയുടെ കോടിക്കണക്കിന് ഡോളർ ഇത്തരം റിസ്കുള്ള എ.ഐ. ഫിനാൻസിങ്ങിന് വിട്ടുനൽകാൻ പുതിയ നേതൃത്വം തയ്യാറാകുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്.

എ.ഐ. ചിപ്പുകൾക്കുള്ള ഡിമാൻഡ് കുറഞ്ഞതല്ല നിലവിലെ പ്രതിസന്ധിക്ക് കാരണം; മറിച്ച് ആ ചിപ്പുകൾ വാങ്ങാൻ ചെറുകിട കമ്പനികൾക്ക് ലഭിച്ചിരുന്ന പണത്തിന്റെ സ്രോതസ്സ് വഴിമുട്ടാൻ പോകുന്നു എന്നതാണ്. എൻവിഡിയ എന്ന വൻമരത്തിന്റെ തണലിൽ വളർന്ന എ.ഐ. സ്റ്റാർട്ടപ്പുകൾക്ക്, ഹുവാങ്ങിന്റെ പടിയിറക്കം വലിയൊരു പരീക്ഷണകാലമാണ് സമ്മാനിക്കുന്നത്.

Content Highlights: Jensen Huang’s sudden resignation as Nvidia CEO threatens the AI industry's circular financing ecosystem, where Nvidia invested billions into startups and data centers like OpenAI, Anthropic, and CoreWeave to drive demand for its own chips. With interim CEO Colette Kress taking over, tightening credit and a potential pullback in risky guarantees could trigger a major funding crunch across the AI sector