കരുത്തേറിയ സൂര്യ റോക്കറ്റ് ഒരുങ്ങുന്നു, ISRO നടത്തിയ മീഥൈൻ എൻജിൻ പരീക്ഷണം വിജയം, പ്രാധാന്യമെന്ത്?

തിരുവനന്തപുരം: ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ 20 ടൺ ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാൻ ശേഷിയുള്ള അടുത്ത തലമുറ വിക്ഷേപണവാഹനം (എൻ.ജി.എൽ.വി.) 'സൂര്യ'റോക്കറ്റ് ഒരുങ്ങുന്നു. നിലവിൽ ഉപയോഗിക്കുന്ന, പത്ത് ടൺ ഭാരമെത്തിക്കാൻ ശേഷിയുള്ള എൽ.വി.എം. മൂന്ന് റോക്കറ്റിനെക്കാൾ രണ്ടിരട്ടി കരുത്തുണ്ടാവും.
2035-ൽ രാജ്യം ലക്ഷ്യംവെക്കുന്ന ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ പ്രധാനഭാഗങ്ങൾ ബഹിരാകാശത്തെത്തിക്കുന്നത് സൂര്യ റോക്കറ്റായിരിക്കും.
ലിക്വിഡ് ഓക്സിജൻ മീഥൈൻ എൻജിന്റെ ആദ്യഘട്ട പരീക്ഷണം ഐ.എസ്.ആർ.ഒ. പൂർത്തിയാക്കി. പുനരുപയോഗ വിക്ഷേപണ വാഹനങ്ങൾക്കും മനുഷ്യനെവഹിച്ചുള്ള ചന്ദ്രാദൗത്യത്തിനും കരുത്തേകുന്ന 1100 കിലോന്യൂട്ടൺ ശേഷിയുള്ള എൽ.എം.ഇ.1100 എൻജിന്റെ ഗ്യാസ് ജനറേറ്റർ പരീക്ഷണമാണ് കഴിഞ്ഞമാസം വിജയിച്ചത്.
അടുത്തവർഷം എൻജിൻ പരീക്ഷണവും നാല് വർഷത്തിനുള്ളിൽ സൂര്യ റോക്കറ്റ് വിക്ഷേപണവും നടക്കും. വിക്ഷേപണത്തിനുശേഷം ഒന്നാം ഘട്ടം തിരിച്ചറിക്കി വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്നതാണ് മീഥൈൻ എൻജിൻ റോക്കറ്റിന്റെ പ്രത്യേകത. എൻജിന്റെ 70 ശതമാനത്തിലധികം ഭാഗങ്ങളും ത്രിഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമിച്ചത്.
2024-ലാണ് സൂര്യ റോക്കറ്റ് പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയതും 8240 കോടി അനുവദിച്ചതും. ഇതോടൊപ്പം കൂടുതൽ ശേഷിയുള്ള 2400 കിലോന്യൂട്ടൺ മീഥൈൻ എൻജിന്റെ രൂപകല്പനയും പൂർത്തിയാക്കിയിട്ടുണ്ട്. സ്പെയ്സ് എക്സ് റോക്കറ്റായ സ്റ്റാർഷിപ്പിലും ബ്ലു ഒറിജിന്റെ ന്യൂഗ്ലെൻ റോക്കറ്റിലും കുതിപ്പേകുന്നത് മിഥൈൻ എൻജിനാണ്.
Content Highlights: ISRO is developing the next-generation launch vehicle (NGLV) named 'Surya' with a 20-tonne payload capacity to LEO., Surya rocket will be twice as powerful as the current LVM3 rocket., It will transport modules for the Bharatiya Antariksha Station targeted for 2035., Features a reusable liquid oxygen methane engine with over 70% 3D-printed parts.