പുതിയ സെമിക്രയോജനിക് എഞ്ചിൻ പരീക്ഷിച്ച് ഐഎസ്ആർഒ; LVM 3 റോക്കറ്റിന്റെ ഭാരം വഹിക്കാനുള്ള ശേഷി കൂടും

പുതിയ സെമി ക്രയോജനിക് എൻജിൻ പവർഹെഡിന്റെ ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം നടത്തി ഐ.എസ്.ആർ.ഒ. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐ.എസ്.ആർ.ഒ. പ്രൊപ്പൽഷൻ റിസർച്ച് കോംപ്ലക്സിൽ വെച്ചാണ് ഈ സെമി ക്രയോജനിക് എൻജിൻ പവർഹെഡ് ടെസ്റ്റ് ആർട്ടിക്കിളിന്റെ (പി.എച്ച്.ടി.എ.) പരീക്ഷണം നടന്നത്.
സെപ്റ്റംബർ അഞ്ചിന് എൻജിന്റെ പൂർണശേഷിയായ 200 ടൺ ത്രസ്റ്റിലായിരുന്നു പരീക്ഷണം. പി.എച്ച്.ടി.എ. ഉപയോഗിച്ച് നടത്തുന്ന ഒൻപതാമത്തെ 'ഹോട്ട് ടെസ്റ്റ്' ആണ് ഇത്. മുൻപ് 47% (94 ടൺ), 60% (120 ടൺ), 88% (175 ടൺ) എന്നീ ശേഷികളിൽ ഇത് പരീക്ഷിച്ചിരുന്നു. ആകെ 35 സെക്കൻഡ് നീണ്ടുനിന്ന പരീക്ഷണത്തിൽ, 5 സെക്കൻഡ് സമയം മാത്രമാണ് എൻജിൻ പൂർണശേഷിയായ 200 ടൺ ത്രസ്റ്റിൽ പ്രവർത്തിപ്പിച്ചത്.
മുൻകൂട്ടി കണക്കാക്കിയ രീതിയിൽത്തന്നെ എല്ലാ എൻജിൻ പാരാമീറ്ററുകളും കൃത്യതയോടെ പ്രവർത്തിച്ചു എന്ന് ഐ.എസ്.ആർ.ഒ. വ്യക്തമാക്കി.
പരീക്ഷണത്തിന്റെ പ്രാധാന്യം
ഇന്ത്യയുടെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ എൽ.വി.എം. 3-യുടെ ഭാരം വഹിക്കാനുള്ള ശേഷി വർധിപ്പിക്കാനാണ് ഈ പുതിയ എൻജിൻ വികസിപ്പിക്കുന്നതിലൂടെ ഐ.എസ്.ആർ.ഒ. ലക്ഷ്യമിടുന്നത്. LVM3-യിലെ നിലവിലുള്ള L110 കോർ സ്റ്റേജിന് പകരം 2000 kN ക്ലാസിലുള്ള SE2000 എൻജിൻ ഉപയോഗിക്കുന്ന SC120 സെമി-ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജ് ഘടിപ്പിക്കാനുള്ള ഐ.എസ്.ആർ.ഒ.യുടെ ശ്രമങ്ങളുടെ ഭാഗമാണിത്.
ത്രസ്റ്റ് ചേമ്പർ ഒഴികെയുള്ള എല്ലാ എൻജിൻ സംവിധാനങ്ങളും ഉൾക്കൊള്ളുന്നതാണ് പി.എച്ച്.ടി.എ. എൻജിന്റെ സംയോജിത പരീക്ഷണങ്ങൾക്ക് മുൻപായി എൻജിൻ സംവിധാനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ ഈ പരീക്ഷണം സഹായിക്കും. ഇതിലെ പ്രൊപ്പല്ലന്റ് വിതരണം ലോ പ്രെഷർ സ്റ്റാർട്ട് ടാങ്കിൽനിന്ന് മീഡിയം പ്രെഷർ റൺ ടാങ്കിലേക്ക് മാറ്റാൻ സാധിച്ചതോടെ, ഭാവിയിൽ കൂടുതൽ സമയം നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങൾ നടത്താൻ ഐ.എസ്.ആർ.ഒ.യ്ക്ക് കഴിയും.
ബഹിരാകാശത്തേക്ക് കൂടുതൽ ഭാരമേറിയ പേടകങ്ങളും ഉപഗ്രഹങ്ങളും വിക്ഷേപിക്കാനുള്ള ഇന്ത്യയുടെ ഭാവി ലക്ഷ്യങ്ങൾക്ക് ഈ സാങ്കേതിക മുന്നേറ്റം വലിയ കരുത്താകും.
Content Highlights: ISRO has successfully conducted the first 200-ton full-thrust test of its new semi-cryogenic engine powerhead, marking a crucial step in significantly increasing the payload capacity of India's heaviest LVM3 rocket for future space missions.