പിഎസ്എൽവി ഐഎസ്ആർഒയുടെ പടക്കുതിര; പരാജയത്തിന്റെ ആവർത്തനം ആദ്യം

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-1, ആദ്യ ചൊവ്വാദൗത്യമായ മംഗൾയാൻ-1, ആദ്യ സൂര്യപര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1, ആസ്‌ട്രോ സാറ്റ് തുടങ്ങി ഐഎസ്ആർഒയുടെ ഏറ്റവും പ്രധാനപ്പെട്ട ഏതാനും ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് കുതിച്ച പടക്കുതിരയാണ് പിഎസ്എൽവി.
2017-ൽ ഒറ്റക്കുതിപ്പിന് 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ലോക റെക്കോഡ് കുറിക്കാൻ കഴിഞ്ഞ ഉശിരൻ റോക്കറ്റ്. 1993-ൽ തുടങ്ങിയ കുതിപ്പിൽ ഇതുവരെ നടത്തിയത് 64 വിക്ഷേപണ ദൗത്യങ്ങൾ. അതിനിടെ ഏതാനും ദൗത്യങ്ങളിൽ പരാജയമറിഞ്ഞെങ്കിലും പരാജയത്തിന്റെ തുടർച്ചയായുള്ള ആവർത്തനം ഇതാദ്യമാണ്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 ഉൾപ്പെടെ 16 ഉപഗ്രഹങ്ങളുമായി തിങ്കളാഴ്ച ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ച പിഎസ്എൽവി-സി62 റോക്കറ്റ് ഭ്രമണപഥത്തിലെ ലക്ഷ്യസ്ഥാനത്തെത്താതെ പോയത് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു.
ഇന്ത്യയുടെ മറ്റൊരു ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവിയുടെ ദൗത്യം കഴിഞ്ഞ വർഷം മേയിലാണ് പരാജയപ്പെട്ടത്. പിഎസ്എൽവി-സി 61-ന് വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലാണ് തടസ്സം നേരിട്ടത്. ഇതിനുശേഷം ഏഴുമാസം മാത്രം പിന്നിട്ടപ്പോഴാണ് രണ്ടാമത്തെ പരാജയമുണ്ടായത്. കഴിഞ്ഞവർഷത്തെ പരാജയമുണ്ടാകാനുള്ള കാരണം മനസ്സിലാക്കി വേണ്ട മാറ്റങ്ങൾ വരുത്തിയാണ് പുതിയ വിക്ഷേപണത്തിനൊരുങ്ങിയതെന്നാണ് വിവരം. പക്ഷേ, പുതിയ വിക്ഷേപണത്തിലും മൂന്നാം ഘട്ടത്തിലാണ് തടസ്സം നേരിട്ടതെന്ന കാര്യം ശാസ്ത്രജ്ഞരെ ആശങ്കയിലാക്കുന്നതാണ്. ഒരു പരാജയമുണ്ടാകുമ്പോൾ അതിന്റെ കാരണം പഠിച്ച് അടുത്തഘട്ടത്തിൽ വിജയം വരിക്കുകയാണ് പതിവ്. 2019-ലെ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ പരാജയത്തെ മറികടന്ന് ഐഎസ്ആർഒ ഇങ്ങനെ ചരിത്രമെഴുതിയതുമാണ്. സോഫ്റ്റ് ലാൻഡിങ്ങിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽവെച്ച് വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാൻ-2ന്റെ പ്രധാനഭാഗമായ ഓർബിറ്ററിന് നഷ്ടപ്പെടുകയായിരുന്നു. പക്ഷേ, 2023 ഓഗസ്റ്റിൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിലംതൊട്ട് ഇന്ത്യ ചരിത്രംകുറിച്ചു. സമാനമായ നേട്ടമാണ് പിഎസ്എൽവി-സി62ലും പ്രതീക്ഷിച്ചിരുന്നത്.
പിഎസ്എൽവിയുടെ നാല് ഘട്ടങ്ങൾ
നാല് ഘട്ടങ്ങളാണ് പിഎസ്എൽവി(പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റ് വിക്ഷേപണത്തിനുള്ളത്. ഒന്ന്, മൂന്ന് ഘട്ടങ്ങളിൽ ഖര ഇന്ധനവും രണ്ട്, നാല് ഘട്ടങ്ങളിൽ ദ്രവ ഇന്ധനവുമാണ്.
പരാജയപ്പെട്ട പിഎസ്എൽവി ദൗത്യങ്ങൾ
- 1993-ൽ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഐആർഎസ്01ഇ(പിഎസ്എൽവി ഡി1)
- 1997-ൽ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഐആർഎസ്-1ഡി(പിഎസ്എൽവി-സി1)
- 2017-ൽ നാവിഗേഷൻ ഉപഗ്രഹമായ എആർഎൻഎസ്എസ്-1എച്ച്(പിഎസ്എൽവി-സി39)
- 2025-ൽ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09(പിഎസ്എൽവി-സി61)
Content Highlights: Why Did PSLV-C62 Fail? Concerns Grow as ISRO’s Reliable Rocket Hits Third-Stage Hurdle Again