കുറഞ്ഞ വിലയിൽ ഐഫോൺ 17e ഈമാസം എത്തിയേക്കും, അതിവേഗ മാഗ്സേഫ് ചാർജിങ് അടക്കം പ്രതീക്ഷിക്കാം

ഐഫോൺ 17e ഫെബ്രുവരി 19-ന് ലോഞ്ച് ചെയ്‌തേക്കാമെന്ന് മാധ്യമ റിപ്പോർട്ടുകൾ. നിലവിലെ ഐഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ താങ്ങാനാവുന്ന വിലയിലാവും 17e എത്തുക. ജർമൻ പ്രസിദ്ധീകരണമായ Macwetl ആണ് ലോഞ്ച് തീയതി സംബന്ധിച്ച സൂചനകൾ ആദ്യം പുറത്തുവിട്ടത്. ഫെബ്രുവരി 19 വ്യാഴാഴ്ച ഐഫോൺ 17e പുറത്തിറക്കാൻ ആപ്പിൾ പദ്ധതിയിടുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
16e പുറത്തിറങ്ങി കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഐഫോൺ 17e-യും എത്തുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ ഇതുവരെ കാര്യമായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഐഫോൺ 16e യുടെ ഡിസൈൻ ഏറെക്കുറെ അതേപടി പിന്തുടരും എന്നാണ് പുറത്തുവരുന്ന സൂചനകൾ. മാഗ്സേഫ് ചാർജിങ് ആയിരിക്കും ശ്രദ്ധേയമായ ഫീച്ചർ എന്നും സൂചനകളുണ്ട്. 25W ചാർജിങ് വേഗതയുള്ളതാണ് മാഗ്സേഫ് സാങ്കേതികവിദ്യ. നിലവിലെ ഐഫോൺ 16e 7.5 വാട്ട് വരെ ചാർജിങ് പവറുള്ള Qi1 എന്ന കുറഞ്ഞ വേഗതയുള്ള ചാർജിങ് സ്റ്റാൻഡേഡാണ് ഉപയോഗിക്കുന്നത്.
ഐഫോൺ 16e-യ്ക്ക് സമാനമായി 17e-യും പിന്നിൽ സിംഗിൾ ക്യാമറയോടെയാവും വരുന്നത്. നെക്സ്റ്റ് ജനറേഷൻ C1X ചിപ്പ് അതിൽ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. നെറ്റ്‌വർക്ക് പ്രകടനം ഇത് മെച്ചപ്പെടുത്തിയേക്കാം. C1X മോഡം ഐഫോൺ 16e യിൽ ഉപയോഗിക്കുന്ന C1 മോഡത്തേക്കാൾ വളരെ കൂടുതൽ ഊർജക്ഷമതയുള്ളതും ഇരട്ടി വേഗം നൽകുന്നതുമാണ്. നിലവിലെ ഐഫോൺ 16e യിൽ അൾട്രാ-വൈഡ് ബാൻഡ് സപ്പോർട്ട്, ടെതറിംഗ് തുടങ്ങിയ ഫീച്ചറുകൾ ഇല്ല. ഇവ പുതിയ മോഡലിൽ ചേർക്കുമോ എന്നത് വ്യക്തമല്ല.
A19 ചിപ്സെറ്റ് ആയിരിക്കും മറ്റൊരു സവിശേഷതയെന്നും സൂചനകളുണ്ട്. ഇത് ഫോണിന്റെ പ്രകടനം കാര്യമായി മെച്ചപ്പെടുത്തും. വില സംബന്ധിച്ച സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. ഐഫോൺ 16e യുടെ വിലയ്ക്ക് സമാനമായിരിക്കും എന്നാണ് അഭ്യൂഹങ്ങൾ. ഇന്ത്യയിൽ ഏകദേശം 60,000 രൂപയായിരിക്കും പ്രാരംഭ വില.
Content Highlights: Discover the latest iPhone 17e rumors! Get insights on its potential February 19 launch, affordable price, MagSafe charging, C1X chip, and A19 chipset.