മൂന്ന് ദിവസം ചെളിയില്‍ കിടന്നു, ഐഫോണിന് ഒരു പോറല്‍പോലുമില്ല; വൈറലായി പോസ്റ്റ്

#ടെക് ഡെസ്‌ക്
സാമൂഹിക മധ്യമത്തില്‍ പ്രചരിക്കുന്ന ചിത്രം | screengrab
സാമൂഹിക മധ്യമത്തില്‍ പ്രചരിക്കുന്ന ചിത്രം | screengrab

ഈടുനില്‍പ്പിന്റെ കാര്യത്തില്‍ വലിയ അവകാശവാദങ്ങളാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ മുന്നോട്ടുവെക്കാറുള്ളത്. പൊടി, വെള്ളം, കഠിനമായ സാഹചര്യങ്ങള്‍ എന്നിവയെ അതിജീവിക്കാന്‍ ഫോണുകള്‍ക്ക് കഴിയുമെന്നാണ് ബ്രാന്‍ഡുകള്‍ പറയാറുള്ളത്. എന്നാല്‍ അതൊന്നും പരീക്ഷിച്ച് ഉറപ്പിക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കാറില്ല. അപ്രതീക്ഷിതമായി പ്രതികൂല കാലാവസ്ഥ അടക്കം നേരിടേണ്ടിവരുമ്പോഴാണ് മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയുടെ ഗുണനിലവാരം പരീക്ഷിക്കപ്പെടുന്നത്. അത്തരത്തിലുള്ള സാഹചര്യത്തെ ഐഫോണ്‍ 17 പ്രോ എങ്ങനെ അതിജീവിച്ചു എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഫിലിപ്പീന്‍സും വിയറ്റ്‌നാമും അടക്കമുള്ള രാജ്യങ്ങളില്‍ നാശംവിതച്ച കല്‍മേഗി ചുഴലിക്കാറ്റിനിടെ മൂന്ന് ദിവസം ചെളിയില്‍ പുതഞ്ഞുകിടന്ന ഐഫോണ്‍ 17 പ്രോ ഒരു കേടുപാടുമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു ഉപയോക്താവ് പങ്കുവെച്ച റെഡ്ഡിറ്റ് പോസ്റ്റാണ് വൈറലായത്.

കൊടുങ്കാറ്റ് കനത്ത നാശം വിതച്ചതിനെക്കുറിച്ചും വീട് തകര്‍ക്കുകയും സാധനങ്ങള്‍ ഒഴുക്കിക്കൊണ്ടുപോവുകയും ചെയ്തതിനെക്കുറിച്ചും പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. പ്രളയത്തില്‍നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് റെഡ്ഡിറ്റ് ഉപയോക്താവ് വിവരിക്കുന്നു. ഭയാനകമായ ആ നിമിഷത്തില്‍ ഫോണ്‍ കയ്യില്‍ നിന്ന് വഴുതി കുത്തിയൊലിക്കുന്ന വെള്ളത്തില്‍വീണ് അപ്രത്യക്ഷമായി. ജീവന്‍ രക്ഷിക്കുന്നതിനാണ് ആ സമയത്ത് പ്രധാന്യം നല്‍കിയത്. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആയിരുന്നില്ല പ്രധാന ആശങ്ക.

കൊടുങ്കാറ്റ് ശമിച്ചതിന് ശേഷമാണ് നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തിയത്. മൂന്നു ദിവസത്തിനു ശേഷം ചെളിയില്‍ പുതഞ്ഞുകിടക്കുന്ന നിലയില്‍ ഐഫോണ്‍ കണ്ടെത്താനായി. ഐഫോണ്‍ ഉപയോഗശൂന്യമായിട്ടുണ്ടാകും എന്നാണ് കരുതിയത്. എങ്കിലും പ്രതീക്ഷ കൈവിടാതെ അത് വൃത്തിയാക്കി ചാര്‍ജ് ചെയ്യാന്‍ വെച്ചു. ഐഫോണ്‍ ചാര്‍ജ് ആകുകയും പിന്നീട് ഓണ്‍ ആകുകയും ചെയ്തു. കേടുപാടുകളോ പോറലുകളോ ഓണ്‍ചെയ്തപ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല എന്നാണ് ഉപയോക്താവ് അവകാശപ്പെടുന്നത്.

ഐഫോണിന്റെ ഈടിനെക്കുറിച്ചുള്ള ഇത്തരത്തിലുള്ള കഥകള്‍ പുതിയതല്ല. അബദ്ധത്തില്‍ കടലില്‍വീണ ഐഫോണ്‍ മുതല്‍ വാഷിംഗ് മെഷീനില്‍ വീണതിന്റെ വരെ കഥകള്‍ മുമ്പ് പ്രചരിച്ചിട്ടുണ്ട്. പ്രളയത്തെയും കൊടുങ്കാറ്റിനെയും അതിജീവിച്ച ഐഫോണിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഐഫോണ്‍ 17 പ്രോ എത്രത്തോളം ഈടുറ്റതാണ്?

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 17 പ്രോയ്ക്ക് IP68 റേറ്റിങ്ങാണ് ഉള്ളത്. അതായത്, വെള്ളം, പൊടി, തെറിക്കുന്ന വെള്ളത്തുള്ളികള്‍ എന്നിവയെ പ്രതിരോധിക്കാന്‍ കഴിയും വിധമാണ് അത് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. IEC 60529 സ്റ്റാന്‍ഡേര്‍ഡ് പ്രകാരം 6 മീറ്റര്‍ വരെ ആഴത്തിലുള്ള വെള്ളത്തില്‍ 30 മിനിറ്റ് വരെ ഇതിന് അതിജീവിക്കാന്‍ കഴിയുമെന്നും ആപ്പിള്‍ പറയുന്നു. എന്നാല്‍ ഈ ജല പ്രതിരോധം സ്ഥിരമായതല്ല. ഉപയോഗം മൂലമുണ്ടാകുന്ന തേയ്മാനം കാരണം കാലക്രമേണ ഇത് കുറയാം.

Content Highlights: An iPhone 17 Pro defied all odds, surviving 3 days submerged in mud and floodwater after a typhoon. See how this durable smartphone bounced back from disaster!