കോസ്മിക് ഓറഞ്ച് ഐഫോണുകളുടെ നിറം മാറുന്നുവെന്ന് ഉപയോക്താക്കള്‍; ആപ്പിള്‍ പറയുന്നത് ഇതാണ്

കോസ്മിക് ഓറഞ്ച് നിറത്തിലുള്ള ഐഫോൺ, നിറംമാറിയ ഫോൺ | Photo -  apple.com, X
കോസ്മിക് ഓറഞ്ച് നിറത്തിലുള്ള ഐഫോൺ, നിറംമാറിയ ഫോൺ | Photo - apple.com, X

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളുടെ നിറം മാറുന്നുവെന്ന പരാതിയുമായി ഉപയോക്താക്കള്‍. ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവ ഉപയോഗിക്കുന്നവരില്‍ പലരും ഫോണുകളുടെ കോസ്മിക് ഓറഞ്ച് നിറം റോസ്-ഗോള്‍ഡ് അല്ലെങ്കില്‍ പിങ്ക് നിറത്തിലേക്ക് മാറുന്നതായാണ് പരാതിപ്പെടുന്നത്.

പുതിയ ഐഫോണുകളുടെ ഓറഞ്ച് ഫിനിഷ് കാലക്രമേണ മങ്ങുകയോ നിറം മാറുകയോ ചെയ്യുന്നതായി വ്യക്തമാക്കുന്ന നിരവധി പോസ്റ്റുകള്‍ അടുത്തിടെയായി റെഡ്ഡിറ്റിലും എക്‌സിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗ്ലാസ് ബാക്ക് പാനല്‍ യഥാര്‍ത്ഥ നിറത്തില്‍ തന്നെ തുടരുമ്പോഴും ആനോഡൈസ്ഡ് അലുമിനിയം ഫ്രെയിമും ക്യാമറ ഭാഗവും ക്രമേണ പിങ്ക് നിറത്തിലേക്ക് മാറുന്നു എന്നാണ് പല ഉപയോക്താക്കളും പറയുന്നത്. നിറംമാറ്റം പകല്‍ വെളിച്ചത്തിലാണ് കൂടുതല്‍ വ്യക്തമാകുന്നത്.

ആപ്പിളിന്റെ ക്ലിയര്‍ കെയ്‌സില്‍ സൂക്ഷിച്ചിട്ടും വെറും നാല് ദിവസത്തെ ഉപയോഗത്തിനുശേഷം തന്റെ ഫോണിന്റെ ക്യാമറ ഭാഗം ഫ്രെയിമിന്റെ മറ്റു ഭാഗങ്ങളെക്കാള്‍ ഇരുണ്ടതായി കാണപ്പെട്ടുവെന്ന് ഒരു ഉപയോക്താവ് കുറിച്ചു. പെറോക്‌സൈഡ് അടങ്ങിയ ക്ലീനറുകളോ ശക്തമായ അള്‍ട്രാവയലറ്റ് രശ്മികളോ ആകാം നിറംമാറ്റത്തിന് കാരണം എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഹൈഡ്രജന്‍ പെറോക്‌സൈഡ് അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഐഫോണുകള്‍ വൃത്തിയാക്കുന്നത് സംബന്ധിച്ച് ആപ്പിള്‍ സപ്പോര്‍ട്ട് സൈറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

ഫോണ്‍ വൃത്തിയാക്കുന്നത് സംബന്ധിച്ച് കമ്പനി നല്‍കിയിട്ടുള്ള ഔദ്യോഗിക മാര്‍ഗനിര്‍ദ്ദേശം ഇങ്ങനെയാണ്.: 70 ശതമാനം ഐസോപ്രോപൈല്‍ ആല്‍ക്കഹോള്‍ വൈപ്പ്, 75 ശതമാനം ഈഥൈല്‍ ആല്‍ക്കഹോള്‍ വൈപ്പ്, അല്ലെങ്കില്‍ ക്ലോറോക്‌സ് ഡിസ്ഇന്‍ഫെക്റ്റിംഗ് വൈപ്പുകള്‍ എന്നിവ ഉപയോഗിച്ച് ഐഫോണിന്റെ പുറംഭാഗം മൃദുവായി തുടയ്ക്കാം. ബ്ലീച്ച് അല്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുത്. ഫോണില്‍ ഈര്‍പ്പം കയറുന്നത് ഒഴിവാക്കുക. ഐഫോണ്‍ ക്ലീനിംഗ് ലായനികളില്‍ മുക്കിവയ്ക്കരുത്. അണുവിമുക്തമാക്കിയ ശേഷം മൃദുവായ നനഞ്ഞ നാരുകളില്ലാത്തതുമായ തുണികൊണ്ട് തുടയ്ക്കാം.

എന്നാല്‍ പെറോക്‌സൈഡ് ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്തുകൊണ്ടാണെന്ന് ആപ്പിള്‍ വിശദീകരിക്കുന്നില്ല. എന്നാല്‍ ആനോഡൈസ്ഡ് അലുമിനിയം കോട്ടിംഗുകള്‍ക്ക് ശക്തമായ ഓക്‌സിഡൈസറുകള്‍ മൂലം കേടുപാടുകള്‍ സംഭവിക്കാമെന്ന് മെറ്റീരിയല്‍ വിദഗ്ധര്‍ കുറിക്കുന്നു. ആനോഡൈസിംഗ് പ്രക്രിയയില്‍ സുഷിരങ്ങളുള്ള ഒരു ഓക്‌സൈഡ് പാളി രൂപപ്പെടുകയും അതില്‍ നിറങ്ങള്‍ ചേര്‍ത്ത ശേഷം അടയ്ക്കുകയുമാണ് ചെയ്യുന്നത്. ഇതാണ് ഐഫോണിന് തനതായ നിറം നല്‍കുന്നത്. എന്നാല്‍ ഈ ഓക്‌സൈഡ് പാളിക്ക് കേടുപാടുകള്‍ സംഭവിക്കുകയോ അള്‍ട്രാവയലറ്റ് രശ്മികള്‍ കാലക്രമേണ നിറത്തെ വിഘടിപ്പിക്കുകയോ ചെയ്താല്‍ നിറംമാറ്റം സംഭവിക്കാം.

ഈ നിറംമാറ്റം കോസ്മിക് ഓറഞ്ച് മോഡലുകള്‍ക്ക് മാത്രമാണ് എന്നതാണ് രസകരം. വിഷയത്തില്‍ ആപ്പിള്‍ ഇതുവരെ പരസ്യമായ ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്നിരുന്നാലും, നിറംമാറിയ ഫോണുകള്‍ പരിശോധനയ്ക്ക് ശേഷം ആപ്പിള്‍ രഹസ്യമായി മാറ്റി നല്‍കുന്നുണ്ടെന്ന് പല ഉപയോക്താക്കളും പറയുന്നുണ്ട്. ഇത് കമ്പനി പരാതികളെ ഗൗരവമായി കാണുന്നു എന്നതിന്റെ സൂചനയാണെന്നും വിലയിരുത്തപ്പെടുന്നു.

Content Highlights: iPhone 17 Pro and Pro Max Cosmic Orange devices are shifting to pink/rose-gold hues. Apple`s anodized aluminum finish is reportedly vulnerable to UV and certain cleaners