വാടകയ്ക്ക് ഐഫോൺ: ആപ്പിളിനെ കബളിപ്പിക്കാനാകില്ല, പണം അടച്ചില്ലെങ്കിൽ ആപ്പുകൾ ലോക്കാകും

ഐഫോൺ അടക്കമുള്ളവ വാടകയ്ക്ക് നൽകാനുള്ള പദ്ധതി യു.എസിൽ തുടങ്ങാനൊരുങ്ങുകയാണ് ആപ്പിൾ. ജൂലായ് 28-ന് ആപ്പിൾ അപ്‌ഗ്രേഡ് എന്ന പദ്ധതി യു.എസിൽ തുടങ്ങുമെന്ന് ബ്ലൂംബെർഗാണ് കഴിഞ്ഞ ദിവസം റിപ്പോർട്ടുചെയ്തത്. ചിപ്പ് ക്ഷാമം കാരണം മാക്കുകൾ, ഐപാഡുകൾ എന്നിവയുടെ വില ആപ്പിളിന് കാര്യമായി വർധിപ്പിക്കേണ്ടിവന്നിരുന്നു. എഐ ഡേറ്റാ സെന്ററുകൾ വ്യാപിക്കുന്നത് കാരണമുണ്ടാകുന്ന ചിപ്പ് ക്ഷാമത്തിന് ഉടനെങ്ങും പരിഹാരമാകില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതിനിടെയാണ് ഫോണുകൾ വാടകയ്ക്ക് നൽകാൻ ആപ്പിൾ ഒരുങ്ങുന്നത്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
വാടകയ്ക്കെടുത്ത ഒരു ഐഫോണിന്റെ പേയ്മെന്റ് മുടക്കിയാൽ ആപ്പുകൾ പലതും ലോക്കാകും എന്നാണ് വിവരം. iOS 27-ലെ 'റെസ്ട്രിക്റ്റഡ് മോഡ്' ഫോണിൽ ഒമ്പത് ആപ്പുകൾ മാത്രമായി പരിമിതപ്പെടുത്തിയേക്കാം. പണം അടയ്ക്കാൻ ഉപയോഗിക്കുന്നവയാകും ഇവയിൽ പലതും.
ഐഫോണിലെ ആപ്പുകളിൽ ഭൂരിഭാഗവും ഇത്തരത്തിൽ ആപ്പിൾ പ്രവർത്തന രഹിതമാക്കും. അക്കൗണ്ട് പണമടച്ച ശേഷമുള്ള അവസ്ഥയിൽ തിരിച്ചെത്തുന്നതുവരെ മിക്കവാറും എല്ലാ ആപ്പുകളും ലോക്ക് ആയിരിക്കും. പദ്ധതി തുടങ്ങാൻ ദിവസങ്ങൾമാത്രം അവശേഷിക്കെയാണ് ഇത്തരത്തിലുള്ള വിശദാംശങ്ങൾ പുറത്തുവരുന്നത്.
'ആപ്പ് മാനേജ്ഡ് ഫീച്ചേഴ്‌സ്' എന്നാണ് ഈ സംവിധാനത്തിന്റെ പേര്. പ്രത്യേക ആപ്പ് ഫോൺ ഉപയോഗത്തിന് സാധുവായ കരാർ പ്രാബല്യത്തിലുണ്ടോ എന്ന് പരിശോധിക്കും. ഇല്ലെങ്കിൽ ലോക്ക്ഡൗൺ അവസ്ഥയിലേക്ക് ഫോൺ മാറുകയും ഏതാനും ആപ്പുകൾ മാത്രം പ്രവർത്തിക്കുകയും ചെയ്യും. ഫോൺ, വാലറ്റ്, ആപ്പ് സ്റ്റോർ, സെറ്റിങ്‌സ്, പാസ്‌വേഡുകൾ, ക്ലോക്ക്, മാഗ്‌നിഫയർ, ആക്‌സസിബിലിറ്റി റീഡർ തുടങ്ങിയ മാത്രമാകും ലഭ്യമാകുക.
ആപ്പിൾ ഒരു ആക്ടിവേഷൻ ലോക്കും ഈ പദ്ധതിക്കുവേണ്ടി തയ്യാറാക്കിയിട്ടുണ്ട്. അതിന് പാർട്ണർ ഫിനാൻസ് ലോക്ക്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ആപ്പിളിന്റെ ഉടമസ്ഥതയിലുള്ള ഡിവൈസ് മറിച്ചു വിൽക്കുന്നതും ഭാഗങ്ങളായി അഴിച്ചെടുത്ത് വിൽക്കുന്നതുമടക്കം തടയും.
ഐഫോണും ആപ്പിൾ വാച്ചും 24 മാസത്തേക്കും, മാക്, ഐപാഡ് 36 മാസത്തേക്കും വാടകയ്ക്ക് ലഭ്യമാകും എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടു ചെയ്യുന്നത്. മെമ്മറി ക്ഷാമം കാരണം ആപ്പിൾ കഴിഞ്ഞമാസം മാക്, ഐപാഡ് എന്നിവയുടെ വില വർധിപ്പിച്ചിരുന്നു. ആ സമയത്ത് ഐഫോണിന് വില വർധന ഉണ്ടായില്ല. എന്നാൽ ഇനി വിലവർധന ഉണ്ടാകില്ല എന്നകാര്യത്തിൽ ഉറപ്പൊന്നുമില്ല. ഈ സാഹചര്യത്തിലാണ് പ്രതിമാസ പ്ലാൻ ആപ്പിൾ അവതരിപ്പിക്കുന്നത്.
Content Highlights: iOS 27 introduces Restricted Mode for leased devices., Missed payments trigger a lockdown, limiting access to essential apps only., Partner Finance Lock prevents device resale or unauthorized resets., Apple Upgrade program launches July 28 with Klarna financing., The policy applies to high-end hardware, excluding base-model devices.