കണ്ണുകൊണ്ട് ഐഫോണ്‍ നിയന്ത്രിക്കാം, പുതിയ ഹോംസ്‌ക്രീന്‍; ഐഒഎസ് 18 ലെ പുതിയ ഫീച്ചറുകള്‍

IOS 18 | Photo: Shinoy Mukundhan | Mathrubhumi
IOS 18 | Photo: Shinoy Mukundhan | Mathrubhumi

അങ്ങനെ പുതിയ ഐഒഎസ് 18 ഫോണുകളില്‍ എത്തിയിരിക്കുന്നു. ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് പുതിയ ഒഎസ് അപ്‌ഡേറ്റ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണുകളിലെ ഹോം സ്‌ക്രീനിലും ലോക്‌സക്രീനിലും പുതിയ കസ്റ്റമൈസേഷന്‍, ഹോം സ്‌ക്രീനില്‍ ആപ്പുകള്‍ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സൗകര്യം, ആപ്പ് ഐക്കണുകളുടെ നിറവും രൂപവും മാറ്റാനുള്ള സൗകര്യം എന്നിവയ്ക്കൊപ്പം പുതിയ ഡിസൈനിലുള്ള കണ്‍ട്രോള്‍ സെന്ററും പുതിയ പാസ് വേഡ് മാനേജ്മെന്റ് ആപ്പും ഐഒഎസ് 18 ല്‍ എത്തിയിട്ടുണ്ട്. 

അപ്‌ഡേറ്റ് ചെയ്യുന്നതിന് മുമ്പ്

കഴിഞ്ഞ ദിവസം രണ്ട് അപ്‌ഡേറ്റുകളാണ് ആപ്പിള്‍ അവതരിപ്പിച്ചത്. ഐഒഎസ് 17.7 നും ഐഒഎസ് 18 നും ആദ്യം 17.7 അപ്‌ഡേറ്റ് ചെയ്തതിന് ശേഷം ഐഒഎസ് 18 അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുക. ഫോണ്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യുകയും സ്റ്റോറേജ് പരമാവധി കാലിയാക്കി വെക്കുകയും ചെയ്യുക. പുതിയ ഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ഒരു മണിക്കൂറോളം സമയം വേണം. 

ഇതിനായി Settings- General-Software Update സന്ദര്‍ശിക്കുക.

പുതിയ ഫീച്ചറുകള്‍

ഹോം സ്‌ക്രീന്‍ കസ്റ്റമൈസേഷന്‍

ഐഒഎസിലെ പ്രകടമായ മാറ്റങ്ങളിലൊന്നാണ് ഹോം സ്‌ക്രീന്‍ കസ്റ്റമൈസേഷന്‍ ഫീച്ചര്‍. നേരത്തെ ആപ്പ് ഐക്കണുകള്‍ ഓട്ടോമാറ്റിക് ഗ്രിഡ് ആയാണ് ക്രമീകരിക്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സ്‌ക്രീനില്‍ ഇഷ്ടാനുസരണം എവിടേക്ക് വേണമെങ്കിലും നീക്കിവെക്കാം. പശ്ചാത്തലത്തിലെ ചിത്രം വ്യക്തമായി കാണും വിധം ആപ്പ് ഐക്കണുകള്‍ ക്രമീകരിക്കാന്‍ ഇതുവഴി സാധിക്കും. 

ഇത് മാത്രമല്ല ആപ്പ് ഐക്കണുകളുടെ നിറം മാറ്റാനും സാധിക്കും. ലൈറ്റ്, ഡാര്‍ക്ക്, ഓട്ടോമാറ്റിക്, ടിന്റഡ് എന്നിങ്ങനെ വിവിധ മോഡുകള്‍ ഇതില്‍ ലഭ്യമാണ്. ടിന്റഡ് മോഡ് വഴി ആപ്പ് ഐക്കണുകള്‍ക്കെല്ലാം പശ്ചാത്തല ചിത്രത്തിന് അനുയോജ്യമായ വിധത്തില്‍ ഒരേ നിറം നല്‍കാനാവും. ആപ്പ് ഐക്കണുകളുടെ വിലപ്പവും കൂട്ടാം. 

ലോക്ക് സ്‌ക്രീന്‍ കസ്റ്റമൈസേഷന്‍

ലോക്ക് സ്‌ക്രീന്‍ കസ്റ്റമൈസേഷന്‍ ഫീച്ചര്‍ ഉപയോഗിച്ച് ലോക്ക് സ്‌ക്രീനില്‍ ഇഷ്ടമുള്ള ഷോര്‍ട്ട്കട്ട് ബട്ടണുകള്‍ സെറ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാവും. 

ഫ്‌ളാഷ് ലൈറ്റിന്റെ ക്രമീകരണം

നേരത്തെ ഫ്‌ളാഷ് ലൈറ്റിന്റെ പ്രകാശത്തിന്റെ ബ്രൈറ്റ്‌നെസ് മാത്രമാണ് ക്രമീകരിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫ്‌ളാഷ് ലൈറ്റിന്റെ ബീം ലെങ്തും ക്രമീകരിക്കാന്‍ സാധിക്കും. ഇതിനായി ഡൈനാമിക് ഐലന്റിലുള്ള ടോര്‍ച്ച് ഐക്കണില്‍ ടാപ്പ് ചെയ്താല്‍ മതി. 

അടിമുടി മാറിയ കണ്‍ട്രോള്‍ സെന്റര്‍ 

ഐഒഎസ് 18 ലെ വലിയ മാറ്റങ്ങളിലൊന്നാണ് കണ്‍ട്രോള്‍ സെന്ററിലേത്. സ്‌ക്രീനില്‍ മുകളില്‍ നിന്ന് താഴേക്ക് സൈ്വപ്പ് ചെയ്യുമ്പോഴാണ് കണ്‍ട്രോള്‍ സെന്റര്‍ തുറക്കുക. വിവിധ ടൂളുകളുടെ വിജറ്റുകള്‍ (widgets) അതില്‍ കാണാം. ഈ വിഡ്‌ജെറ്റുകളുടെ വലിപ്പം ക്രമീകരിക്കാനും പ്രാധാന്യം അനുസരിച്ച് അവയുടെ സ്ഥാനം ക്രമീകരിക്കാനും ഉപഭോക്താവിന് സാധിക്കും. 

ഇതിന് പുറമെ കണ്‍ട്രോള്‍ സെന്ററിനെ വിവിധ പേജുകളാക്കി വിഭജിച്ചിട്ടുണ്ട്. ഹോം സ്‌ക്രീനില്‍ മുകളില്‍ നിന്ന് താഴേക്ക് സൈ്വപ്പ് ചെയ്ത് കണ്‍ട്രോള്‍ സെന്റര്‍ തുറന്നതിന് ശേഷം. സ്‌ക്രീനില്‍ മുകളിലേക്ക് സൈ്വപ്പ് ചെയ്യുമ്പോള്‍, മ്യൂസിക് കണ്‍ട്രോള്‍, കണക്ടിവിറ്റി കണ്‍ട്രോള്‍ എന്നീ പേജുകള്‍ കാണാം. ഈ മൂന്ന് പേജുകളുടെയും ഐക്കണുകള്‍ കണ്‍ട്രോള്‍ സെന്റര്‍ സ്‌ക്രീനിന്റെ വലത് വശത്ത് മധ്യത്തിലായി കാണാം. 

ആപ്പുകള്‍ ലോക്ക് ചെയ്യാം ഹൈഡ് ചെയ്യാം

പാസ് വേഡ് ആപ്ലിക്കേഷനുകള്‍ ഉള്‍പ്പടെ സ്വകാര്യത വേണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ആപ്പുകളെ മറച്ചുവെക്കാന്‍ ഐഫോണില്‍ ഇനി സാധിക്കും. ഫേസ് ഐഡി ഉപയോഗിച്ച് മാത്രമേ ലോക്ക് ചെയ്ത ആപ്പുകള്‍ തുറക്കാനാവൂ. 

ഇതിനായി ആപ്പ് അക്കൗണുകള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്യുക. ശേഷം Require Face ID തിരഞ്ഞെടുക്കുക. ഇതുവഴി ആപ്പുകള്‍ ഫേസ് ഐഡി വെച്ച് ലോക്ക് ചെയ്യാം. ഇനി ഈ ആപ്പ് ഹോം സ്‌ക്രീനില്‍ നിന്നും ആപ്പ് ലൈബ്രറിയില്‍ നിന്നും മറച്ചുവെക്കണമെങ്കില്‍ Hide and Require Face ID തിരഞ്ഞെടുക്കാം. ഇങ്ങനെ ഹൈഡ് ചെയ്യപ്പെടുന്ന ആപ്പുകള്‍ ആപ്പ് ലൈബ്രറിയില്‍ താഴെയായി കാണുന്ന ഹിഡെന്‍ ആപ്പ് ഫോള്‍ഡറിലേക്ക് പോവും. ഇത് തുറക്കണമെങ്കില്‍ ഫേസ് ഐഡി ആവശ്യമാണ്. 

ടെക്സ്റ്റ് ഇഫക്ടുകള്‍

മെസേജസ് ആപ്ലിക്കേഷനില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് വിവിധ ടെക്സ്റ്റ് ഇഫക്ടുകള്‍ ചേര്‍ക്കാനുള്ള സൗകര്യം ഐഒഎസ് 18 ല്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റിന് വിവിധ ആനിമേറ്റഡ് ഇഫക്ടുകള്‍ നല്‍കാനും ചാറ്റിങ് കൂടുതല്‍ രസകരമാക്കാനുമാവും. ഇതിനായി ആപ്പിള്‍ കീബോര്‍ഡ് ഉപയോഗിച്ച് സന്ദേശം ടൈപ്പ് ചെയ്ത് സെലക്ട് ചെയ്യുക. ശേഷം കീബോര്‍ഡില്‍ വലത് ഭാഗത്ത് മുകളിലായി കാണുന്ന A എന്ന ഐക്കണ്‍ ടൈപ്പ് ചെയ്യുമ്പോള്‍ വിവിധ ടെക്സ്റ്റ് ഇഫക്ടുകള്‍ കാണാം. ഐഒഎസ് 18 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ ഈ ടെക്സ്റ്റ് ഇഫക്ടുകള്‍ കാണുകയുള്ളൂ. 

ഇമോജി ടാപ്പ് ബാക്കുകള്‍

സന്ദേശങ്ങള്‍ക്ക് ഇമോജികളിലൂടെ പ്രതികരണം അറിയിക്കുന്ന ഫീച്ചറാണ് ഇമോജി ടാപ്പ് ബാക്ക്. ഫോണിലെ ഇമോജി ലൈബ്രറിയില്‍ ഏതും ഇതിനായി ഉപയോഗിക്കാനാവും. സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ടാപ്പ് ബാക്ക് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ഇമോജി ഐക്കണില്‍ ടാപ്പ് ചെയ്താല്‍ കൂടുതല്‍ ഐക്കണുകള്‍ തിരഞ്ഞെടുക്കാം. 

സെന്റ് ലേറ്റര്‍

സന്ദേശങ്ങള്‍ മറ്റൊരു സമയത്ത് കൃത്യമായി അയക്കുന്നതിന് ഇതുവഴി സാധിക്കും. മെസേജസ് ആപ്പില്‍ സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള ഫീച്ചറാണ് സെന്റ് ലേറ്റര്‍. സന്ദേശം ടൈപ്പ് ചെയ്ത് ഇടത് ഭാഗത്തുള്ള + ഐക്കണില്‍ ടാപ്പ് ചെയ്താല്‍ Send Later ഓപ്ഷന്‍ കാണാം. ഇത് തിരഞ്ഞെടുത്ത് തീയ്യതിയും സമയവും ക്രമീകരിക്കുക. ഐമെസേജുകള്‍ മാത്രമേ ഈ രീതിയില്‍ അയക്കാനാവൂ.

ആര്‍സിഎസ് സന്ദേശങ്ങള്‍

ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകള്‍ തമ്മിലുള്ള സന്ദേശകൈമാറ്റം കൂടുതല്‍ ജനകീയമാവുകയാണ് ഇതുവഴി. ഉപഭോക്താക്കളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണ് ഐഒസെ് 18 ല്‍ ആര്‍സിഎസ് മെസേജിങ് സൗകര്യം എത്തുന്നത്. ഇതുവഴി ഐഫോണിലെ മേസേജസ് ആപ്പ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഉപഭോക്താവിന് സന്ദേശം അയക്കുമ്പോള്‍, അയാള്‍ക്ക് ടൈപ്പിങ് ഇന്റിക്കേറ്ററുകള്‍ കാണാനും സന്ദേശം സ്വീകര്‍ത്താവിന് കിട്ടിയെന്നതിന്റെ വിവരങ്ങള്‍ അറിയാനും ഇതുവഴി സാധിക്കും. ഇതിന് പുറമെ ഉയര്‍ന്ന റെസലൂഷനിലുള്ള ചിത്രങ്ങളും വീഡിയോകളും ഇതുവഴി കൈമാറാനാവും. 

ഐഫോണ്‍ സ്‌ക്രീന്‍ മാക്ക് കംപ്യൂട്ടറില്‍ മിറര്‍ ചെയ്യാനുള്ള സൗകര്യം

ഐഫോണ്‍ സ്‌ക്രീന്‍ മാക്ക് കംപ്യൂട്ടറില്‍ കാണാനും കംപ്യൂട്ടര്‍ ഉപയോഗിച്ച് നിയന്ത്രിക്കാനും ഫോണിലെ ആപ്പുകള്‍ മാക്കില്‍ നിന്ന് തന്നെ ഉപയോഗിക്കാനും സാധിക്കും. ഇതിനായി മാക്കില്‍ പ്രത്യേക ഐഫോണ്‍ മിററിങ് ആപ്പ് ലഭ്യമാണ്. ഒരേ ആപ്പിള്‍ ഐഡിയിലും ഒരേ വൈഫൈ നെറ്റ് വര്‍ക്കിലും ബന്ധിപ്പിച്ച ഐഫോണും മാക്കും തമ്മിലേ ഈ രീതിയില്‍ ബന്ധിപ്പിക്കാനാവൂ. 

പുതിയ കാല്‍ക്കുലേറ്റര്‍ ആപ്പ്

കാല്‍ക്കുലേറ്റര്‍ ആപ്പില്‍ ഒരു പുതിയ ഡിലീറ്റ് ബട്ടണ്‍ അവതരിപ്പിച്ചിട്ടുണ്ട്. കണക്കുകൂട്ടുമ്പോള്‍ അക്കങ്ങള്‍ തെറ്റായി നല്‍കിയാല്‍ അത് തിരുത്താനും നീക്കം ചെയ്യാനുമുള്ള സൗകര്യം നേരത്തെ ഉണ്ടായിരുന്നില്ല. പൂര്‍ണമായും മാറ്റി ടൈപ്പ് ചെയ്യേണ്ടിയിരുന്നു. എന്നാല്‍ ഡിലീറ്റ് ബട്ടണ്‍ ഉപയോഗിച്ച് തെറ്റായി ടൈപ്പ് ചെയ്ത അക്കങ്ങള്‍ ബാക്ക് സ്‌പേസ് ചെയ്ത് ഒഴിവാക്കാനാവും. 

ഇത് കുടാതെ സൈന്റിഫിക് കാല്‍ക്കുലേറ്റര്‍ ഓപ്ഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗണിത പ്രശ്‌നങ്ങള്‍ എഴുതിക്കൂട്ടാന്‍ കഴിയുന്ന മാത്ത് നോട്ട് ഫീച്ചറും, അളവുകളും കറന്‍സികളും കണ്‍വേര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വൈഫൈ പാസ് വേഡ് ക്യൂആര്‍കോഡ് ആക്കി മാറ്റി പങ്കുവെക്കാം

മുകളില്‍ സൂചിപ്പിച്ച മിക്ക സൗകര്യങ്ങളേയും പോലെ തന്നെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വളരെ മുമ്പ് തന്നെ വന്ന ഫീച്ചറുകളില്‍ ഒന്നാണിത്. വൈഫൈ പാസ് വേഡ് മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സുരക്ഷിതമായ സംവിധാനമാണിത്. പാസ് വേഡ് ക്യൂആര്‍ കോഡ് ആയി മാറ്റുകയും ആ കോഡ് സ്‌കാന്‍ ചെയ്ത് മറ്റുള്ളവര്‍ക്ക് വൈഫൈയില്‍ കണക്ട് ചെയ്യാനും സാധിക്കും. 

സാറ്റലൈറ്റ് മെസേജിങ്

ഐഫോണ്‍ 14 ലും അതിന് ശേഷം വന്ന ഫോണുകളിലും ഉപഗ്രഹം കണക്ടിവിറ്റിയിലൂടെ സന്ദേശം അയ്ക്കാനുള്ള സൗകര്യം ലഭ്യമാവും. ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. നെറ്റ് വര്‍ക്ക് ഇല്ലാതെ എവിടെയെങ്കിലും അകപ്പെട്ടാല്‍ ഈ സംവിധാനം ഉപയോഗിച്ച് അടിയന്തിര സന്ദേശം അയ്ക്കാനാവും. 

ഐ ട്രാക്കിങ്

ആക്‌സസബിലിറ്റി സെറ്റിങ്‌സിലെ ഈ പുതിയ ഫീച്ചറിന്റെ സഹായത്താല്‍ കണ്ണുകള്‍ ഉപയോഗിച്ച് ഫോണ്‍ നിയന്ത്രിക്കാനാവും. സെറ്റിങ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ആപ്പുകള്‍ കുറക്കാനും വിവിധ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ അതിലേക്ക് സുക്ഷിച്ച് നേക്കിയാല്‍ മതി. 

ഫോട്ടോസ് ആപ്പിലെ ചിത്രങ്ങള്‍ ക്രമീകരിക്കുന്നതിനും ഫില്‍റ്റര്‍ ചെയ്യുന്നതിനുമുള്ള പുതിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നോട്ട്‌സ് ആപ്പില്‍ വോയ്‌സ് റെക്കോര്‍ഡ് ചെയ്ത് ട്രാന്‍സ്‌ക്രൈബ് ചെയ്യാനുള്ള സൗകര്യവും എത്തിയിട്ടുണ്ട്. കൂടുതല്‍ ഫീച്ചറുകള്‍ വരുന്ന അപ്‌ഡേറ്റുകള്‍ എത്തും. 

Content Highlights: Discover the latest features of iOS 18 including customisable home screen, improved control center,