യു.എസ്. സ്വകാര്യ ലാൻഡർ ഉടൻ ചന്ദ്രനെ തൊടും; 'അഥീന'യുടെ സോഫ്റ്റ് ലാൻഡിങ് ചന്ദ്രയാൻ-3 ഇറങ്ങിയതിന് സമീപം

യു.എസ്സിന്റെ മൂന്നാമത് സ്വകാര്യ ലാന്‍ഡര്‍ ഉടന്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. യു.എസ്സിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായ ഇന്റ്യൂറ്റീവ് മെഷീന്‍സ് എന്ന കമ്പനിയുടെ ലാന്‍ഡറായ അഥീനയാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നത്. ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ഇറങ്ങിയതിന് സമീപമാണ് അഥീനയും സോഫ്റ്റ് ലാന്‍ഡ് ചെയ്യുക.
ന്യൂയോര്‍ക്ക് സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 12:32-ഓടെയാണ് ഐ.എം-2 ദൗത്യത്തിന്റെ ഭാഗമായ അഥീന ചന്ദ്രോപരിതലത്തിലേക്ക് പറന്നിറങ്ങുക. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി 11 മണിയോടെയാകും ഇത്. നാസയുടേയും, ഇന്റ്യൂറ്റീവ് മെഷീന്‍സിന്റേയും യൂട്യൂബ് ചാനലുകളില്‍ ഉള്‍പ്പെടെ അഥീനയുടെ സോഫ്റ്റ് ലാന്‍ഡിങ് തത്സമയം സംപ്രേക്ഷണം ചെയ്യും.
6.25 കോടി ഡോളര്‍ (ഏകദേശം 543.8 കോടി രൂപ) ചിലവുള്ള ഐ.എം-2 ദൗത്യം ഫെബ്രുവരി 26-നാണ് വിക്ഷേപിച്ചത്. ഫ്‌ളോറിഡയില്‍ സ്ഥിതി ചെയ്യുന്ന നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. മാര്‍ച്ച് മൂന്നിനാണ് അഥീന ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഐസ് രൂപത്തിലുള്ള വെള്ളമുണ്ടോ എന്ന് പരിശോധിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ 2023 ഓഗസ്റ്റില്‍ വിജയകരമായി പറന്നിറങ്ങിയതും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരുന്നു.
നേരത്തേ മാര്‍ച്ച് രണ്ടിന് മറ്റൊരു സ്വകാര്യ ബഹിരാകാശ കമ്പനിയായ ഫയര്‍ ഫ്ളൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് പേടകം വിജയകരമായി ചന്ദ്രനിലിറങ്ങിയിരുന്നു. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ പേടകമായിരുന്നു ബ്ലൂ ഗോസ്റ്റ്. 2024 ഫെബ്രുവരിയില്‍ ഇന്റ്യുട്ടീവ് മെഷീന്‍സിന്റെ ഐ.എം-1 ദൗത്യത്തിന്റെ ഭാഗമായ ഒഡീസസ് പേടകമാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ആദ്യ സ്വകാര്യ പേടകം. എന്നാല്‍ ഇത് പ്രതീക്ഷിച്ചതിന് വിപരീതമായി ചെരിഞ്ഞാണ് ലാന്‍ഡ് ചെയ്തത്.
Content Highlights: Intuitive Machines' private lander Athena to land on Moon's south pole soon, near Vikram lander